ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞുതന്നെ കൊള്ളയടിച്ചു; പോറ്റിക്ക് നല്‍കിയത് ഒന്നരക്കോടി! പാപം തീര്‍ക്കാന്‍ പത്തുലക്ഷത്തിന്റെ അന്നദാനം; ഗോവര്‍ദ്ധന്റെ വെളിപ്പെടുത്തലില്‍ വിറച്ച് മുന്‍ ദേവസ്വം ഭാരവാഹികള്‍; പോലീസിന്റെ ഒളിച്ചുകളി പൊളിച്ച് ഹൈക്കോടതി; പൂട്ടുമായി ഇഡിയും ഇറങ്ങുന്നു

ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞുതന്നെ കൊള്ളയടിച്ചു; പോറ്റിക്ക് നല്‍കിയത് ഒന്നരക്കോടി!

Update: 2025-12-20 16:43 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് എത്തുകയാണ്. കേസ് രേഖകള്‍ ഇഡിക്ക് കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ കൊള്ളയിലെ കള്ളപ്പണ ഇടപാടുകളിലേക്ക് അന്വേഷണം നീങ്ങുകയാണ്. ഇതിനിടെ, അറസ്റ്റിലായ ജുവലറി ഉടമ ഗോവര്‍ദ്ധന്റെ കുറ്റസമ്മത മൊഴിയും പുറത്തുവന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറി

ലോഹപാളികളില്‍ ഉള്ളത് ശബരിമലയിലെ സ്വര്‍ണമാണെന്ന് അറിഞ്ഞാണ് കൊള്ളയ്ക്ക് കൂട്ടുനിന്നത് എന്നാണ് ബെല്ലാരിയിലെ റൊദ്ദം ജുവലറി ഉടമ ഗോവര്‍ദ്ധന്റെ മൊഴി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷണന്‍ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്നും പിന്നീട് കുറ്റബോധം തോന്നിയെന്നും ഗോവര്‍ദ്ധന്‍ പറഞ്ഞു.

474 ഗ്രാം സ്വര്‍ണം കയ്യില്‍ കിട്ടിയപ്പോള്‍ കുറ്റബോധം തോന്നി. ഇതിന് പരിഹാരമായി ശബരിമലയില്‍ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്ന് പോറ്റി നിര്‍ദ്ദേശിച്ചതായി ഗോവര്‍ദ്ധന്‍ മൊഴി നല്‍കി. ഇതില്‍ പത്ത് ലക്ഷം രൂപ അന്നദാനത്തിനായി നല്‍കിയതിന്റെ തെളിവുകളും കൈമാറി. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലിനിടെയാണ് അറസ്റ്റിലായ ഗോവര്‍ദ്ധന്‍ പണം നല്‍കിയതിന്റെ തെളിവുകള്‍ ഹാജരാക്കിയത്. ശ്രീകോവിലിലെ സ്വര്‍ണം വേര്‍തിരിച്ച ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനൊപ്പം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആസൂത്രിതമായി സ്വര്‍ണം തട്ടിയെടുക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എസ്‌ഐടി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. കൊള്ളയടിച്ച സ്വര്‍ണം ആര്‍ക്കൊക്കെ കൈമാറി എന്നതില്‍ വ്യക്തത വരുത്താന്‍ ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനിടെ, ഇരുവരും ജാമ്യാപേക്ഷയുമായി നാളെ ഹൈക്കോടതിയെ സമീപിക്കും.

അതേസമയം, കേസിലെ മറ്റ് പ്രതികളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വര്‍ണം വേര്‍തിരിക്കാനും കടത്താനും ഒത്താശ ചെയ്തതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.

അതേസമയം, അന്വേഷണത്തില്‍ പോലീസ് വിവേചനം കാണിക്കുന്നുണ്ടെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. എ. പത്മകുമാറിനെ അറസ്റ്റ് ചെയ്‌തെങ്കിലും മുന്‍ അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവരിലേക്ക് അന്വേഷണം നീളാത്തത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചോദിച്ചു. അന്വേഷണത്തിന്റെ വിശ്വാസ്യത സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു.

ഇഡി രംഗത്തേക്ക്; കേസിന് പുതിയ മാനം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നതോടെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിക്കുന്നു. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍, പ്രതികളുടെ മൊഴികള്‍ എന്നിവയുടെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ജഡ്ജി സി.എസ്. മോഹിതാണ് ഇഡിയുടെ ആവശ്യം അംഗീകരിച്ചത്.

എസ്‌ഐടിയുടെ സമാന്തര അന്വേഷണത്തെ ഇഡി തടസ്സപ്പെടുത്തരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു. ഇതോടെ കൊള്ളയിലെ അന്തര്‍സംസ്ഥാന സാമ്പത്തിക ഇടപാടുകള്‍ ഇഡി വിശദമായി പരിശോധിക്കും.

Tags:    

Similar News