ശബരിമലയിലെ 'സ്വര്‍ണ്ണ കവര്‍ച്ച' അന്വേഷിക്കാന്‍ സിബിഐ തയ്യാര്‍; വമ്പന്‍ സ്രാവുകളെ തളയ്ക്കാനുള്ള രാജീവ് ചന്ദ്രശേഖറിന്റെ നീക്കം യാഥാര്‍ത്ഥ്യമാകുമോ? അന്വേഷണത്തിന് ഹൈക്കോടതിയില്‍ സമ്മതം അറിയിച്ച് സിബിഐ; ഇഡിയ്ക്ക് പിറകേ സിബിഐയും ശബരിമല കയറുമോ?

Update: 2025-12-23 02:37 GMT

കൊച്ചി: ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് സിബിഐ തയ്യാര്‍. ശബരിമലയിലെ സ്വര്‍ണ്ണ കവചങ്ങളിലും ദ്വാരപാലക ശില്പങ്ങളിലും നടന്ന വമ്പന്‍ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

ഇതോടെ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കരദാസ്, ചെന്നൈ വ്യവസായി പങ്കജ് ഭണ്ഡാരി എന്നിവരുള്‍പ്പെടെയുള്ള വമ്പന്‍ സ്രാവുകള്‍ കേന്ദ്ര ഏജന്‍സിയുടെ വലയിലാകുമെന്ന് ഉറപ്പായി. കേരള പോലീസ് ഒച്ചിഴയുന്ന വേഗത്തില്‍ നീങ്ങിയ കേസിനാണ് ഇപ്പോള്‍ അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ കണക്കിലെടുത്ത് സിബിഐ എറ്റെടുക്കാന്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇനി ഹൈക്കോടതി നിലപാട് നിര്‍ണ്ണായകമാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. നിലവില്‍ കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തുന്നുണ്ട്.

സന്നിധാനത്തെ സ്വര്‍ണ്ണം ഉരുക്കി കടത്തിയ കേസില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നിരിക്കെ, സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്ന ഭക്തരുടെ ആശങ്കയ്ക്കാണ് രാജീവ് ചന്ദ്രശേഖര്‍ കോടതിയില്‍ ഉയര്‍ത്തിയത്. ബെല്ലാരി സ്വദേശി ഗോവര്‍ദ്ധന്റെ വെളിപ്പെടുത്തലുകള്‍ സന്നിധാനത്തെ ഒരു വന്‍ മാഫിയയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണ്ണമാലകള്‍ രജിസ്റ്ററില്‍ ചേര്‍ക്കാതെ മുക്കിയതും, സ്വര്‍ണ്ണ കവചങ്ങള്‍ പണിയാന്‍ കൊടുത്തതില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണ്ണം അടിച്ചുമാറ്റിയതും സിബിഐയുടെ പ്രത്യേക സംഘം അന്വേഷിച്ചാല്‍ അതിന് പുതിയ മാനം വരും.

ശബരിമലയ്ക്ക് വിജയ് മല്യ നല്‍കിയ 32 കിലോ സ്വര്‍ണ്ണത്തിന്റെ കണക്കുകളില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതിനുപുറമെ പുരാവസ്തു തട്ടിപ്പ് സംഘങ്ങള്‍ക്ക് ഈ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടോ എന്നും സംശയമുണ്ട്. അന്തര്‍സംസ്ഥാന സ്വര്‍ണ്ണ വ്യാപാരികള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ഹൈക്കോടതിയില്‍ രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തുന്ന വാദം. സ്വര്‍ണ്ണ വ്യാപാരിയായ ഗോവര്‍ദ്ധന്‍ നല്‍കിയ രഹസ്യമൊഴികളില്‍ പല പ്രമുഖരുടെയും പേരുകള്‍ ഉള്ളതായാണ് സൂചന.

ഐപിഎസ് ഉദ്യോഗസ്ഥന്റെ പിതാവായ ശങ്കരദാസിനെ ചോദ്യം ചെയ്യുന്നതില്‍ ലോക്കല്‍ പോലീസ് കാണിച്ച മടി സിബിഐയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ചെന്നൈയിലെ 'സ്മാര്‍ട്ട് ക്രിയേഷന്‍സ്' ഉടമ പങ്കജ് ഭണ്ഡാരിയുടെ സാമ്പത്തിക ഇടപാടുകളും സ്വര്‍ണ്ണം ഉരുക്കി മാറ്റിയതിന്റെ ശാസ്ത്രീയ തെളിവുകളും സിബിഐ ശേഖരിച്ചാല്‍ അതും കേസിന് പുതിയ തലം നല്‍കും. ശബരിമലയെ തങ്ങളുടെ സ്വകാര്യ സ്വത്തായി കണ്ട് കൊള്ളയടിച്ച മാഫിയയുടെ വേരുകള്‍ രാഷ്ട്രീയക്കാരിലേക്കും നീളുന്നതാണ്. ഇതും സിബിഐ എത്തിയാല്‍ അന്വേഷണം പുതിയ തലത്തിലാക്കും.

Tags:    

Similar News