സ്വര്‍ണ്ണക്കൊള്ള നടത്തിയ ശേഷം പാപം തീര്‍ക്കാന്‍ എന്ന വണ്ണം വീണ്ടും സ്വര്‍ണ്ണം പൂശി നല്‍കുന്ന വിചിത്രമായ രീതി; ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉന്നതരുടെ ഗൂഢാലോചന പുറത്ത്; അയ്യപ്പന്റെ തങ്കപ്പാളികള്‍ ഉരുക്കി വിറ്റത് വര്‍ഷങ്ങളായുള്ള ആസൂത്രണത്തിലൂടെ; 'അസുഖമുള്ള' ശങ്കര്‍ദാസിനെ വെറുതെ വിടുമോ?

Update: 2025-12-22 02:08 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേവലം ഒരു മോഷണമല്ല, മറിച്ച് ദേവസ്വം ബോര്‍ഡിലെ ഉന്നതരും അന്തര്‍സംസ്ഥാന സ്വര്‍ണ്ണ മാഫിയയും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തുന്ന വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ധന്‍ എന്നിവര്‍ക്ക് ദേവസ്വം ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇടനിലക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

മുന്‍ അംഗങ്ങളിലേക്ക് അന്വേഷണം കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എം. പത്മകുമാറിന്റെ മൊഴി മുന്‍ അംഗങ്ങളായ ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരിലേക്കും നീളുകയാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. ഇവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി പലതവണ ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഇനിയും പല പ്രമുഖരും കുടുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ അച്ഛനാണ് ശങ്കര്‍ദാസ്. അതുകൊണ്ടാണ് പോലീസ് അറസ്റ്റു ചെയ്യാന്‍ മടിക്കുന്നത്. ശങ്കര്‍ദാസിന് 85 വയസ്സായെന്നും ഓര്‍മ്മക്കുറവുണ്ടെന്നും പോലീസ് പറയുന്നു. ഇതിനുള്ള മെഡിക്കല്‍ രേഖകളും തയ്യാര്‍.

തങ്കപ്പാളികള്‍ ഉരുക്കി വിറ്റു ശബരിമലയിലെ ദ്വാരപാലക പാളികള്‍ സ്വര്‍ണ്ണം പൂശിയതാണെന്ന കൃത്യമായ അറിവോടെയാണ് പ്രതികള്‍ നീങ്ങിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായത്തോടെ ഈ പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുകയായിരുന്നു. ഇതില്‍ 150 ഗ്രാം പണിക്കൂലിയായി മാറ്റിവെച്ച ശേഷം ബാക്കി ഗോവര്‍ധന് വിറ്റു. ഗോവര്‍ധന്റെ പക്കല്‍ നിന്ന് 470 ഗ്രാം സ്വര്‍ണ്ണം പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവര്‍ധന്‍ ഇത് വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. സമ്മാനങ്ങള്‍ നല്‍കി സ്വാധീനം ഉറപ്പിച്ചു വന്‍തോതില്‍ സ്വര്‍ണ്ണം സംഭാവനയായി നല്‍കുന്നവരെന്ന വ്യാജേനയാണ് ഇവര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. 2009-ല്‍ മാളികപ്പുറത്ത് സ്വര്‍ണ്ണം പൂശി നല്‍കിയതും ഈ സ്വാധീനം ഉപയോഗിച്ചാണ്.

സ്വര്‍ണ്ണക്കൊള്ള നടത്തിയ ശേഷം പാപം തീര്‍ക്കാന്‍ എന്ന വണ്ണം വീണ്ടും സ്വര്‍ണ്ണം പൂശി നല്‍കുന്ന വിചിത്രമായ രീതിയും ഇവര്‍ പിന്തുടര്‍ന്നിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍ ഇവര്‍ക്കുണ്ടായിരുന്ന അമിത സ്വാധീനം അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, ശങ്കര്‍ദാസിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കം പോലീസിനുള്ളില്‍ തന്നെ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളെല്ലാം അഴിക്കുള്ളിലാവുമ്പോള്‍, ഉന്നത സ്വാധീനമുള്ളവര്‍ മാത്രം നിയമത്തിന് പുറത്തുനില്‍ക്കുന്നത് നീതിനിഷേധമാണെന്ന നിലപാടിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. കോടതിയുടെ കര്‍ശന നിരീക്ഷണത്തിലുള്ള കേസ് ആയതിനാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി തടിതപ്പാനുള്ള നീക്കം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. ഐപിഎസ് ഉദ്യോഗസ്ഥന്റെ ബന്ധുവായതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന പരാതിയുമായി ഭക്തജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ശബരിമലയിലെ സ്വര്‍ണ്ണ ശേഖരത്തിന്റെ കൃത്യമായ ഓഡിറ്റിംഗ് വര്‍ഷങ്ങളായി നടന്നിട്ടില്ല എന്ന വസ്തുതയും ഈ കൊള്ളയ്ക്ക് ആക്കം കൂട്ടി. ഭക്തര്‍ നല്‍കുന്ന കാണിക്കകളും വഴിപാടുകളും കൃത്യമായി രേഖപ്പെടുത്തുന്നതില്‍ ബോര്‍ഡിന് വീഴ്ച പറ്റിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സന്നിധാനത്തെ മുഴുവന്‍ സ്വര്‍ണ്ണ ഉരുപ്പടികളും ശാസ്ത്രീയമായി പരിശോധിച്ച് അവയുടെ പരിശുദ്ധി ഉറപ്പുവരുത്തണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളും നിര്‍ണ്ണായക വെളിപ്പെടുത്തലുകളും ഉണ്ടാകുമെന്നാണ് സൂചന.

Tags:    

Similar News