സന്നിധാനത്തെ കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് തെളിവ് മൊഴി മാത്രം; രേഖകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ആവര്‍ത്തിച്ചു ചോദിച്ചു കോടതി; കട്ടിളപ്പാളി 1998 ല്‍ സ്വര്‍ണം പൊതിഞ്ഞിരുന്നു എന്ന് സ്ഥിരീകരിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡും എസ്‌ഐടിയും; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സന്നിധാനത്തെ കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് തെളിവ് മൊഴി മാത്രം

Update: 2025-12-16 08:47 GMT

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ശ്രീകോവിലിന്റെ കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ ഹാജറാക്കാത്തതിലാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്. കട്ടിളപ്പാളി 1998- ല്‍ സ്വര്‍ണം പൊതിഞ്ഞതായിരുന്നു എന്നത് സ്ഥിരീകരിക്കാനാവശ്യമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ എസ്‌ഐടിക്കോ കഴിഞ്ഞില്ല.

ഇതോടെയാണ് കോടതി സര്‍ക്കാര്‍ നടപടികളെ ചോദ്യംചെയ്തത്. കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്നും രേഖയില്ലെങ്കില്‍ പിന്നെ കേസ് എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു.

സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടു എന്ന കുറ്റത്തിനാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആയിരുന്ന എന്‍. വാസു ജയിലില്‍ കഴിയുന്നത്. തെളിവുകളുടെ അഭാവത്തില്‍ കട്ടിളപ്പാളി നേരത്തെ സ്വര്‍ണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളില്‍ ഒരിടത്തും പറയുന്നില്ല എന്ന നിലപാടാണ് എന്‍. വാസുവിന്റെ അഭിഭാഷകന്‍ സ്വീകരിച്ചിരിക്കുന്നത്.

എഫ്‌ഐആറില്‍ കട്ടിളപ്പാളി മാത്രമാണ് കോടതി പരാമര്‍ശിച്ചതെങ്കിലും ശിവരൂപം, ആര്‍ച്ച, വ്യാളി, രാശി പ്ലേറ്റ്, ദശാവതാരം എന്നിവയും ഉള്‍പ്പെട്ടതാണെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയിലോ വിജിലന്‍സ് കോടതിയിലോ നല്‍കിയിട്ടില്ലെന്നും നിലവില്‍ എഫ്‌ഐആര്‍ പ്രകാരം കട്ടിളപ്പാളി തന്നെയാണ് പ്രധാന വിഷയമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. മാര്‍ച്ച് 31-ന് കമ്മിഷണര്‍സ്ഥാനത്തുനിന്ന് വാസു മാറിയിരുന്നു. പിന്നീട് എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി.

എന്‍. വാസു പ്രസിഡന്റായിരിക്കെയാണ് സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയില്‍ സന്ദേശം. എന്നാല്‍, ഇതുസംബന്ധിച്ച് വാസു നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇമെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇന്നലെയാണ് പങ്കജ് ഭണ്ഡാരിയെയും രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്തത്. രാത്രിയോടെ ഇവരെ വിട്ടയച്ചു. പി എസ് പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡിലെ എല്ലാവരുടെയും മൊഴിയെടുക്കും. ദ്വാരപാലകപാളികള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് തന്ത്രിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.

Tags:    

Similar News