പ്രതി മതില്‍ ചാടിക്കടന്ന് നടന്റെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ 'ഗാഢനിദ്രയില്‍'; സിസിടിവി ഇല്ലാത്ത പ്രധാന കവാടത്തിലൂടെ വീടനുള്ളിലേക്ക് നുഴഞ്ഞ് കയറി; ശബ്ദം ഉണ്ടാകാതിരിക്കാന്‍ ഷൂസ് ഊരി ബാഗില്‍ വച്ചു; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു; സെയ്ഫിന്റെ വീട്ടില്‍ കള്ളന്‍ കയറിയത് എങ്ങനെയെന്ന് പറഞ്ഞ് പോലീസ്

Update: 2025-01-22 04:59 GMT

മുംബൈ: വളരെയധികം സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിട്ടുമാണ് സെയ്ഫ് അലി ഖാന് സ്വന്തം വസതിയില്‍ കുത്തേറ്റത്. ബംഗ്‌ളാദേശ് സ്വദേശിയായ മോഷ്ടാവ് ഇത്രയും സരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും എങ്ങനെ അകത്ത് കയറി എന്നതാണ് ചോദ്യം. സിസിടിവിയും സുരക്ഷാ ജീവനക്കാരെയും വെട്ടിച്ച് മോഷ്ടാവ് എങ്ങനെ എത്തിയെന്നതും സംശയം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതിന് ഉത്തരം പറഞ്ഞിരിക്കുകയാണ് മുംബൈ പോലീസ്.

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി മതില്‍ ചാടിക്കടന്ന് നടന്റെ വസതിയില്‍ പ്രവേശിക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് പോലീസ്. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത പ്രധാന കവാടം വഴിയാണ് പ്രതി നുഴഞ്ഞുകയറിയത്. കവാടപരിസരത്ത് ക്യാമറകള്‍ ഇല്ലാത്തതും പ്രതിക്ക് സൗകര്യമായതായി പോലീസ് പറയുന്നു.

നടന്റെ വസതിയിലെ രണ്ട് സുരക്ഷാ ജീവനക്കാരും ഉറങ്ങുകയാണെന്ന് കണ്ടപ്പോഴാണ് മതില്‍ ചാടി കടന്ന് അക്രമി അകത്ത് കയറിയത്. തുടര്‍ന്ന് ശബ്ദം ഉണ്ടാകാതിരിക്കാന്‍ തന്റെ ഷൂസ് ഊരി ബാഗില്‍ വെച്ചതിന് ശേഷമാണ് പ്രതി അകത്തേക്ക് കയറിയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. കെട്ടിടത്തിന്റെ ഇടനാഴിയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. രണ്ട് സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ ക്യാബിനിലും മറ്റൊരാള്‍ ഗേറ്റിനടുത്തും ഉറങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സെയ്ഫ് താമസിക്കുന്ന സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ പ്രതിയുമായി പൊലീസ് ആക്രമണസംഭവം ചൊവ്വാഴ്ച പുനരാവിഷ്‌കരിച്ചിരുന്നു. ജനുവരി 16ന് 54കാരനായ നടന്റെ വീട്ടില്‍ മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്‌സാദ് പ്രവേശിച്ചത്. ഉള്ളിലെത്തിയതിന് പിന്നാലെ ഇയാളെ വീട്ടുജോലിക്കാര്‍ കാണുകയും അവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അവിടേയ്‌ക്കെത്തിയ സെയ്ഫ് അപകടം മനസ്സിലാക്കി ഷെരീഫുളിനെ പിടിച്ചുവെക്കുകയായിരുന്നു. ഈ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഷെരീഫുള്‍ സെയ്ഫിന്റെ പുറത്ത് കത്തികൊണ്ട് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. ഇതോടെ സെയ്ഫ് പിടുത്തം വിടുകയും ഷെരീഫുള്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്നെ മുറുകെ പിടിച്ചുവെച്ച സെയ്ഫില്‍ നിന്ന് രക്ഷപ്പെടാനാണ് പലവട്ടം കുത്തിയതെന്ന് പ്രതി ഷെഹ്‌സാദ് പോലീസിനോട് പറഞ്ഞു.

ചികിത്സയിലായിരുന്ന സെയ്ഫ് 5 ദിവസത്തിനു ശേഷം ഇന്നലെ ആശുപത്രി വിട്ടു. വെള്ള ഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസും ധരിച്ച് കാറില്‍ വന്നിറങ്ങിയ താരത്തെ കാണാന്‍ വീടിനു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടി. ചിരിച്ച് അഭിവാദ്യം ചെയ്ത് ആത്മവിശ്വാസത്തോടെയാണ് നടന്‍ ബാന്ദ്രാ വെസ്റ്റിലെ വസതിയിലേക്കു കയറിയത്. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ ഏതാനും ദിവസം അവിടെ തങ്ങും. തുടര്‍ന്ന് സമീപത്തെ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ് എന്ന സമുച്ചയത്തില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള വസതിയിലേക്കു മാറും.

13 നിലകളുള്ള സദ്ഗുരു ശരണ്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിലാണ് നടനും കുടുംബവും താമസിക്കുന്നത്. മോഷണത്തിനായി എത്തിയ പ്രതി പുലര്‍ച്ചെ രണ്ടരയ്ക്കാണ് സെയ്ഫിനെ ആക്രമിച്ചത്. ആറു കുത്തേറ്റ നടനെ അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം ദേഹത്തുനിന്നു നീക്കിയിരുന്നു. കഴുത്തിലും കയ്യിലുമാണ് ആഴത്തിലുള്ള മറ്റു മുറിവുകള്‍.

Tags:    

Similar News