നീതിയുടെ ചിഹ്നമായ കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം; പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്തു; കുരിശ് സ്ഥാപിക്കല്‍ ഫലം കണ്ടില്ല; ഇനി വസ്തു പിടിച്ചെടുക്കാന്‍ ഡിജിറ്റല്‍ സര്‍വ്വേ

Update: 2025-03-11 02:03 GMT

ഇടുക്കി: പീരുമേട് പരുന്തുംപാറ കൈയേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച സജിത് ബ്രദറിനെതിരെ കേസെടുത്ത് പൊലീസ്. പരുന്തുംപാറയില്‍ നിരോധനാജ്ഞ നിലവിലുള്ള സര്‍വേ നമ്പരില്‍പ്പെട്ട ഭൂമിയില്‍ ഒരു നിര്‍മ്മാണവും പാടില്ലെന്ന കളക്ടറുടെ നിര്‍ദ്ദേശം ലംഘിച്ച് കുരിശ് സ്ഥാപിച്ച ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പാസ്റ്റര്‍ സജിത്ത് ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആത്മീയ കച്ചവട തട്ടിപ്പ് നടത്തുന്ന ഇയാള്‍ സജിത് ബ്രദര്‍ എന്നാണ് അറിയപ്പെടുന്നത്.

യേശുവിനെയും ജനങ്ങളെയും പറ്റിച്ച് കോടികളാണ് സജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. അതിന് ശേഷമാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി അനധികൃത കെട്ടിം നിര്‍മ്മിക്കാന്‍ സജിത്ത് എത്തിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്റെ നടപടിയായി പരുന്തുംപാറയിലുള്ള സജിത് ബ്രദര്‍ നിര്‍മ്മിക്കുന്ന കെട്ടിടവും ഉള്‍പ്പെട്ടു. സര്‍ക്കാര്‍ ഭൂമിയലാണ് സജിത്ത് കെട്ടിടം പണിയുന്നത്. റിസോര്‍ട്ടിന് വേണ്ടിയാണ് കെട്ടിടം കെട്ടിപ്പൊക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ധ്യാനകേന്ദ്രമാണ് പണിയുന്നത് എന്നാണ് സജിത് പറയുന്നത്. സര്‍ക്കാര്‍ ഭൂമി കൈയ്യറിവരെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തി നടന്ന് വരികയാണ്. കുടിയൊഴിപ്പക്കലിന്റെ ഭാഗമായി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇതിനിടെയാണ് കുരിശ് സ്ഥാപിച്ച് കെട്ടിടം പൊളിക്കാതിരിക്കാനുള്ള കുതന്ത്രവുമായി സജിത് എത്തി. മറുനാടന്‍ ആദ്യം വാര്‍ത്ത നല്‍കി. അതിന് ശേഷം മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. ഇതിനൊപ്പം വിഷയം നിയമസഭയിലുമെത്തി. ഇടുക്കിയിലെ സിപിഐ നേതൃത്വവും സജിത് ബ്രദറിനെതിരായ നിലപാടിലാണ്.

പീരുമേട് തഹസില്‍ദാരുടെ പരാതിയിലാണ് വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തത്.സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കുരിശ് ഇന്നലെ റവന്യു ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കിയിരുന്നു. നിയമസഭയില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ ഇന്നലെ രാവിലെ കൈയേറ്റ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. പൊലീസ് സുരക്ഷയില്‍ മൂന്നുമണിക്കൂറോളമെടുത്താണ് പൊളിച്ചു മാറ്റിയത്. മറ്റൊരു സ്ഥലത്തുവച്ച് നിര്‍മ്മിച്ച കുരിശ് വെള്ളിയാഴ്ചയാണ് തേയിലത്തോട്ടത്തിന് നടുവിലെ കൈയേറ്റഭൂമിയില്‍ സ്ഥാപിച്ചത്. ശനിയും ഞായറും അവധിയാണെന്നത് മുന്നില്‍ക്കണ്ടായിരുന്നു ഇത്.

പരുന്തുംപാറയില്‍ 3.31 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സജിത്ത് ജോസഫ് കൈയേറി റിസോര്‍ട്ട് നിര്‍മ്മിച്ചതായി കണ്ടെത്തി നേരത്തെ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ഫെബ്രുവരി 27ന് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. തുടര്‍ന്ന് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി കളക്ടര്‍ വി.വിഗ്നേശ്വരി പീരുമേട് താലൂക്കില്‍ രണ്ടുമാസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൈയേറ്റം ഒഴിപ്പിക്കാന്‍ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘത്തെയും നിയോഗിച്ചു. കൈയേറ്റക്കാര്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കി. ഇത് അവഗണിച്ചായിരുന്നു കുരിശ് സ്ഥാപിച്ചത്. കയ്യേറ്റ ഭൂമിയില്‍ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് നടപടി ശക്തമാക്കാനൊരുങ്ങുകയാണ് റനവ്യൂ വകുപ്പ്. സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഡിജിറ്റല്‍ സര്‍വേ നടത്തും. പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും പരിശോധിക്കും.

കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വിശദമായ അന്വേഷണത്തിനായി 15 പേരടങ്ങുന്ന റവന്യൂ സംഘത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കാവശ്യമായ ടേംസ് ഓഫ് റഫറന്‍സും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. അന്വേഷണത്തിന്റെ പുരോഗതി എല്ലാ ദിവസവും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അവലോകനം നടത്തും. മഞ്ചുമല, പീരുമേട് വില്ലേജുകളിലെ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള കേസുകളുടെ സ്ഥിതിവിവരം നാളെ വൈകീട്ടോടെ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ സര്‍വേ നടന്ന മഞ്ചുമല വില്ലേജിലെ റിസര്‍വേ രേഖകള്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കും.

സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് ഏഴ് പേര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ ചുമത്തിയിട്ടുണ്ട്. പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് സ്ഥലത്ത് പൊലീസ് പിക്കറ്റ് ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പരുന്തുംപാറയിലെ ഭൂമിയുമായി ബന്ധപ്പെട്ട വെരിഫിക്കേഷന്‍ ഒരാഴ്ചക്കകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. ഇടുക്കി ജില്ലയിലെ സമാനമായ എല്ലാ കേസുകളിലും ഈ നടപടി വ്യാപിപ്പിക്കുവാനും യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

പരുന്തുംപാറയില്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രദേശത്ത് കുരിശ് കാണപ്പെട്ടത്. ആസൂത്രിതമായി തന്നെ അവിടെ കുരിശ് സ്ഥാപിച്ചെന്നാണ് ലഭിക്കുന്ന സൂചന. വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ ഇടുക്കി ജില്ലാ കളക്ടര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നിരുന്നു. അതിന് വേണ്ടി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അവര്‍ സര്‍വ്വേ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. അതിനിടെയാണ് പെട്ടെന്ന് കുരിശ് പ്രത്യക്ഷപ്പെട്ടത്.

പരുന്തുംപാറ കയ്യേറ്റ ഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ കുരിശ് നാട്ടിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കം രംഗത്തു വന്നിരുന്നു. കേരളത്തില്‍ കുരിശ് ഉപയോഗിച്ച് അനധികൃത നിര്‍മാണങ്ങള്‍ സംരക്ഷിക്കുന്നതിനെതിരെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചത്. നീതിയുടെ ചിഹ്നമായ കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരികള്‍ ആര്‍ജവം കാണിക്കണമെന്നും കുരിശുകൃഷിയല്ല ജൈവകൃഷിയാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു ഏതായാലും കുരിശ് പൊളിച്ചു മാറ്റി. ഒരു വിശ്വാസിയും ഇതിനെതിരെ രംഗത്തു വന്നതുമില്ല. ഇതോടെ സജിത് ജോസഫ് എന്ന സജിത് ബ്രദറുടെ ആ നീക്കം പൊളിയുകയാണ്.

Tags:    

Similar News