ശബരിമല സ്വര്‍ണപ്പാളിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കം 17 പേര്‍ ഇപ്പോഴും ജയിലില്‍, ജാമ്യമില്ല; യൂത്ത് പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചത് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്ന്; പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു;തേങ്ങ തീര്‍ന്നതോടെ കല്ലും; കേസില്‍ ഒന്നാം പ്രതി സന്ദീപ്
ശബരിമല സ്വര്‍ണപ്പാളിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കം 17 പേര്‍ ഇപ്പോഴും ജയിലില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരേ പത്തനംതിട്ട ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യരും കൂട്ടരും ജയിലില്‍ തുടരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ല. പത്തനംതിട്ട സിജെഎം കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളി.
സന്ദീപ് ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര സബ് ജയിലിലാണ്. ജയിലിലായ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സന്ദര്‍ശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറിമാരായ നഹാസ് പത്തനംതിട്ട, സാംജി ഇടമുറി, അനീഷ് വേങ്ങവിള ഉള്‍പ്പെടെ 14 യുവാക്കളും മൂന്ന് വനിതാ പ്രവര്‍ത്തകരുമാണ് ജയിലിലുള്ളത്.
കേസില്‍ ഒന്നാംപ്രതിയാണ് സന്ദീപ് വാര്യര്‍. വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതോടെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതിഷേധത്തിന്റെ ഭാഗമായി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു.
സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഇടറോഡില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരെ പൊലീസിന് നിയന്ത്രിക്കാനായില്ല. ബാരിക്കേഡ് മറികടന്നവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലെത്തി.
ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു. തേങ്ങ തീര്‍ന്നതോടെ നിലത്തുകിടന്ന കല്ലുകളും പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചിലരെ പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ വാഹനത്തിന് പുറത്തിറക്കുകയായിരുന്നു. ലാത്തികൊണ്ട് പൊലീസ് തന്നെ കുത്തുകയും അടിക്കുകയും ചെയ്തതായി സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.
അതേസമയം ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സമരം നടത്തി ജയിലില്‍ പോയവരെ കെപിസിസി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച വിശ്വാസസംഗമത്തില്‍ സംസ്ഥാന നേതാക്കള്‍ മറന്നിരുന്നു. സന്ദീപ് വാര്യര്‍, നഹാസ് പത്തനംതിട്ട, വിജയ് ഇന്ദുചൂഢന്‍, കൂടാതെ മൂന്ന് വനിതാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് നേതാക്കളുടെ പ്രസംഗത്തില്‍ ഒരിടത്തും പരാമര്‍ശിക്കാതെ പോയത്.
ഇവരിപ്പോഴും കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ്. അവസാനം, പ്രസംഗങ്ങളെല്ലാം കഴിഞ്ഞ് പിരിയും മുന്‍പ് മൈക്കിനരികിലേക്ക് ഓടിവന്ന രമേശ് ചെന്നിത്തല സമരം നടത്തിയവരെ ഒറ്റവരിയില്‍ അഭിവാദ്യം ചെയ്ത് അവസാനിപ്പിച്ചു. അപ്പോഴേക്കും നേതാക്കളും പ്രവര്‍ത്തകരും വേദിയും സദസ്സും വിട്ടുതുടങ്ങിയിരുന്നു. ചൊവ്വാഴ്ചയാണ് പത്തനംതിട്ടയിലെ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയതും അക്രമാസക്തമായതിനെ തുടര്‍ന്ന് സന്ദീപ് ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ പോയതും.
ജില്ലയിലെ എഴുപത്തിഅഞ്ച് മണ്ഡങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശബരിമലവിശ്വാസികളും അയ്യപ്പഭക്തരും കോണ്‍ഗ്രസിന്റെ വിശ്വാസ സംഗമത്തില്‍ പങ്കെടുത്തു.