പൊതുയിടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണം; പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം നായ്ക്കള്‍ കയറാതിരിക്കാന്‍ നടപടികള്‍ ഉണ്ടാകണം; പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടര്‍ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
പൊതുയിടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണം
ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നത്തില്‍ സുപ്രധാന ഉത്തരവുമയി സുപ്രീംകോടതി. റോഡുകളില്‍ നിന്നും പൊതുയിടങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളില്‍ നിന്ന് കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സര്‍ക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം.
മൃഗങ്ങളെ കണ്ടെത്താന്‍ പെട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നതാണ് സുപ്രം കോടതി ഉത്തരവിലെ പ്രധാനകാര്യം. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുള്‍, ബസ് സ്റ്റാന്‍ഡ് റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നടപടി സ്വീകരിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം നായ്ക്കള്‍ കയറാതിരിക്കാന്‍ നടപടികള്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളില്‍ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയില്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിര്‍മാര്‍ സുപ്രീംകോടതിയെ അറിയിക്കണം. പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടര്‍ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം.
ഇതിനായുള്ള നടപടികള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അടക്കം തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു. ആശുപത്രികള്‍ അടക്കം പൊതുവിടങ്ങളില്‍ നായ്ക്കള്‍ കയറാതിരിക്കാന്‍ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി നേരത്തെ രംഗത്തുവന്നിരുന്നു. തെരുവുനായ ഭീഷണി ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്ന നീരീക്ഷണമാണ് കോടതി നടത്തിയത്. ''രാജ്യത്ത് തുടര്‍ച്ചയായി തെരുവുനായ ആക്രമണത്തിന്റെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിദേശരാജ്യങ്ങളുടെ കണ്ണില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നിരിക്കുന്നു. ഞങ്ങള്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വായിക്കുന്നുണ്ട്,'' ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
നായ്ക്കള്‍ക്കെതിരായ ക്രൂരതയെക്കുറിച്ച് ഒരു അഭിഭാഷകന്‍ പരാമര്‍ശിച്ചപ്പോള്‍, മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്ത് പറയണമെന്ന് കോടതി തിരിച്ചു ചോദിക്കുന്ന അവസ്ഥയുണ്ടായി. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് തെരുവുനായ ആക്രമണങ്ങളും പേവിഷബാധയുമായി ബന്ധപ്പെടുള്ള മരണങ്ങളെയും കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ജൂലൈ അവസാനമാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്കെത്തിയത്.
ഓഗസ്റ്റ് 11-ന് നടന്ന ആദ്യത്തെ പ്രധാന ഇടപെടലില്‍ എന്‍സിആറിലെ എല്ലാ തെരുവുനായ്ക്കളെയും പിടികൂടി സ്ഥിരമായി ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് രണ്ട് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. പിന്നാലെ മൃഗക്ഷേമ സംഘടനകളില്‍ നിന്ന് നിശിതമായ വിമര്‍ശനം ഉയര്‍ന്നു. ഈ ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാത്തതാണെന്നും ക്രൂരവുമാണെന്ന് വിശേഷിപ്പിച്ചു.
