തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നു ഒരുവിഭാഗം; യുഡിഎഫിന്റെ നിരന്തര അവഹേളനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇടതുപക്ഷം ആണ് നല്ലത് എന്നു മറുവിഭാഗം; കടുത്ത ഭിന്നതക്കിടെ എസ് ഡി പി ഐ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട്
എസ് ഡി പി ഐ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട്
കോഴിക്കോട് : കടുത്ത ഭിന്നതക്കിടെ എസ്.ഡി.പി.ഐ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട് ചേരും. വരാനിരിക്കുന്ന നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുമ്പോള്‍, യുഡിഎഫിന്റെ നിരന്തര അവഹേളനങ്ങള്‍ക്കെതിരെ ശക്തമായ മറുപടി നല്‍കാന്‍ ഇടതുപക്ഷം ആണ് നല്ലത് എന്ന് ഒരു വിഭാഗം കരുതുന്ന പശ്ചാത്തലത്തിലാണ് യോഗം.
ചര്‍ച്ചകളില്‍ ഭിന്നത മറനീക്കി പുറത്തുവരുമെന്ന് സൂചനയുണ്ട്. യുഡിഎഫിന് പിന്തുണ നല്‍കുന്ന സമീപനത്തിനെതിരെ ശക്തമായ ഭിന്നത പ്രതിനിധി സഭയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍, സംഘപരിവാര്‍ ബന്ധങ്ങള്‍, ആര്‍എസ്എസ് പോലീസ് കൂട്ടുകെട്ട് തുടങ്ങിയവ സിപിഎം പോലുള്ള പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ തടസ്സമാണ് എന്നാണ് യുഡിഎഫ് അനുഭവ ഗ്രൂപ്പിന്റെ വിശദീകരണം.
എന്നാല്‍ ദീര്‍ഘകാലത്ത് എല്‍ഡിഎഫുമായി സഹകരിക്കുന്നതാണ് പാര്‍ട്ടിക്ക് നല്ലത് എന്ന് മറുവിഭാഗം പറയുന്നു. എസ്ഡിപിഐ മുന്നോട്ടുവക്കുന്ന സാമൂഹിക ജനാധിപത്യം എന്ന സന്ദേശത്തിന് ബദല്‍ രാഷ്ട്രീയ പ്രസക്തിയുണ്ട് എന്നുള്ളതാണ് ബഹുഭൂരിപക്ഷം അണികളും കരുതുന്നത്. ഇതിനായി വെല്‍ഫെയര്‍ പാര്‍ട്ടി, ബി എസ് പി, പിഡിപി, ഐഎന്‍എല്‍ , പിവി അന്‍വറിന്റെ ഡിഎംകെ തുടങ്ങിയ ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് ബദല്‍ മുന്നണി ഉണ്ടാക്കണമെന്ന് അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട്.
നവംബര്‍ 19, 20 തീയതികളില്‍ കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട്യാഡില്‍ കെ.എസ് ഷാന്‍ നഗറില്‍ നടക്കുന്ന സംസ്ഥാന പ്രതിനിധിസഭയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന അവലോകന ശേഷം രാഷ്ട്രീയ റിപ്പോര്‍ട്ടിംഗ് മേല്‍ ചര്‍ച്ചകള്‍ ആരംഭിക്കും.
തുടര്‍ന്നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2024 27 വര്‍ഷത്തെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. ദേശീയ പ്രസിഡണ്ട് എം കെ ഫൈസി, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെഫി രാജസ്ഥാന്‍, ജനറല്‍ സെക്രട്ടറിമാരായ ഇല്യാസ് മുഹമ്മദ് തുംബെ , പി അബ്ദുല്‍ മജീദ് ഫൈസി, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, ദേശീയ കമ്മിറ്റി അംഗങ്ങളായ, സി പി എ ലത്തീഫ്, ദഅലാന്‍ ബാഖവി, സഹീര്‍ അബ്ബാസ് സഅദി , തുടങ്ങിയവര്‍ സംബന്ധിക്കും. 20ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന സ്വീകരണ റാലിയില്‍ ആയിരങ്ങള്‍ അണിനിരക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ സംസാരിക്കും.