ആഹാ അടി കൊണ്ടോട്ടിയ പോലീസുകാരന്‍ പ്രതി; കൂടെ വന്ന സഹോദരിയും പ്രതി.... എന്താ അല്ലേ? എസ് എഫ് ഐക്കാരോടൊപ്പം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് ഭാഗ്യം അല്ലെങ്കില്‍ പോലീസുകാരന്നെതിരെ ബലാത്സംഗത്തിനും കേസ് എടുത്തേനെ! പോലീസ് ഗ്രൂപ്പുകളില്‍ വന്‍ പ്രതിഷേധവും അമര്‍ഷവും; സംഘടനകള്‍ക്ക് മൗനം; അടിച്ചവനും ആസൂത്രണം ചെയ്തവനും ജാമ്യം; അടികൊണ്ടവനെ ജയിലിലിടും! പോലീസിന് ഇതു എന്തുപറ്റി?
തിരുവനന്തപുരം: നീതിയും നിയമവും നോക്കുകുത്തിയാകുന്ന കാഴ്ചയ്ക്കാണ് കേരളം വീണ്ടും സാക്ഷ്യം വഹിക്കുന്നത്. സഹോദരിക്കൊപ്പം മാളിലെത്തിയ എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മിഥുന്‍ റോയിയെ എസ്എഫ്‌ഐ ഗുണ്ടകള്‍ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍, മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് സേനയ്ക്കുള്ളില്‍ വന്‍ പ്രതിഷേധത്തിന് തീകൊളുത്തിയിരിക്കുകയാണ്. അന്ന് എസ്എഫ്‌ഐക്കാരോടൊപ്പം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് ഭാഗ്യം, അല്ലെങ്കില്‍ പോലീസുകാരനെതിരെ ബലാത്സംഗത്തിന് വരെ കേസെടുത്തേനെ എന്ന പരിഹാസവും അമര്‍ഷവുമാണ് പോലീസ് ഗ്രൂപ്പുകളില്‍ അണപൊട്ടിയൊഴുകുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദം പോലീസിനെ വഴിതെറ്റിക്കുന്നതിന് തെളിവാണ് ഈ കേസ്.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് പോലീസുകാരനെതിരെ കേസെടുത്തതെന്നാണ് ആക്ഷേപം. പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് നിയമലംഘനം നടത്തിയ എസ്എഫ്‌ഐക്കാരെ നേരിട്ടതിലുള്ള പകപോക്കലാണ് മാളില്‍ നടന്ന ആസൂത്രിത മര്‍ദ്ദനം. മിഥുനെ പിന്തുടര്‍ന്ന് അസഭ്യം പറയുന്നതും 'നിന്റെ തിളപ്പ് മാറിയോടാ' എന്ന് ചോദിച്ച് വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിലത്തിട്ട് ചവിട്ടിയിട്ടും പരാതി നല്‍കാന്‍ വഞ്ചിയൂര്‍ സ്റ്റേഷനിലെത്തിയ മിഥുനെ അവഗണിച്ച പോലീസ്, ഒടുവില്‍ കേസെടുത്തത് വെറും നിസാര വകുപ്പുകള്‍ ചുമത്തിയാണ്. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മിഥുനും സഹോദരിക്കുമെതിരെ കൊലപാതക ശ്രമത്തിന് തുല്യമായ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് ഒട്ടും മടിച്ചില്ല.
തങ്ങളുടെ സഹപ്രവര്‍ത്തകന്‍ നടുറോഡില്‍ തല്ലുകൊള്ളുകയും കള്ളക്കേസില്‍ കുടുങ്ങുകയും ചെയ്തിട്ടും പോലീസ് സംഘടനകള്‍ പുലര്‍ത്തുന്ന മൗനമാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുന്നത്. യൂണിഫോമിട്ട പോലീസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും, രാഷ്ട്രീയ യജമാനന്മാരെ ഭയന്ന് കണ്ണടയ്ക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നടപടി പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതാണ്. അധികാരം കയ്യിലുള്ളവര്‍ക്ക് എന്തുമാകാമെന്ന അവസ്ഥാവിശേഷം പോലീസിനുള്ളില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുകയാണ്. രാഷ്ട്രീയ അടിമകളായി മാറുന്ന സംഘടനകള്‍ക്കെതിരെയും ഭരണകൂട ഭീകരതയ്‌ക്കെതിരെയും വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്നുറപ്പാണ്.
പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത് ആസൂത്രിതമായിട്ടാണ്. മാളിലെത്തിയ എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ മിഥുന്‍ റോയിയെ പിന്തുടര്‍ന്ന് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്ത ശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പൊലീസുകാരനെ മര്‍ദ്ദിച്ച് താഴെയിട്ട ശേഷം തൊഴിക്കുകയായിരുന്നു. പ്രതിരോധിക്കാന്‍ പൊലീസുകാരന്‍ ശ്രമിച്ചെങ്കിലും നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടമായി ആക്രമിച്ചതോടെ താഴെ വീണു. വീണു കിടക്കുമ്പോഴും മര്‍ദ്ദിക്കാനായിരുന്നു ശ്രമം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ മാളിലുണ്ടായിരുന്നവരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
മാളില്‍ എത്തിയ സമയം മുതല്‍ പൊലീസുകാരനെ പിന്തുടര്‍ന്ന് വെല്ലുവിളിച്ചുകൊണ്ടായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 'നിന്റെ തിളപ്പ് മാറിയോ? പേടിയാണോ? എന്തെടാ നോക്കുന്നത്? നിനക്ക് ഇപ്പോള്‍ അടിക്കണ്ടെ, അടിയടാ, നിന്റെയടുത്താണ് ചോദിക്കുന്നത്. എന്താ പേടിയോ, അവിടെക്കിടന്ന് ഭയങ്കര ഷോ ആയിരുന്നല്ലോ, ഇപ്പോള്‍ പേടിയോ, നിനക്കല്ലായിരുന്നോ കാണുന്നവരെ ഒക്കെ അടിക്കേണ്ടത്, അടിയടാ, നിന്റെയടുത്താണ് ചോദിക്കുന്നത്. എന്തടാ ഓടുന്നത്.... പേടിയോ...' എന്ന് ചോദിച്ചുകൊണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടമായി പൊലീസുകാരന് പിന്നാലെ നടന്നു പോകുന്നതും പിന്നീട് ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ആക്രമണം നേരിട്ടതിന് പിന്നാലെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മിഥുന്‍ റോയ് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചു എന്നാണ് വിവരം. പിന്നീട് പൊലീസ് സേനയിലെ സഹപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇടപെട്ടാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. അതേ സമയം എസ് എഫ് ഐ പ്രവര്‍ത്തകരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പേരില്‍ മര്‍ദ്ദനം ഏറ്റ പൊലീസുകാരനെതിരെയും കേസെടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുന്‍ റോയിക്കെതിരെ കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. പൊലിസുകാരനൊപ്പമുണ്ടായിരുന്ന സഹോദരിയേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഉന്നത നിര്‍ദേശ പ്രകാരമാണ് ഈ കേസെടുത്തിരിക്കുന്നത്. പൊലീസുകാരന് പൊതുഇടത്ത് മര്‍ദ്ദനം ഏറ്റതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും കേസെടുക്കാന്‍ വിസമ്മതിക്കുകയും മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തതില്‍ പൊലീസ് സേനയ്ക്കുള്ളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് സേനയിലെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വിഷയം പ്രചരിക്കുന്നുണ്ട്.
കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുന്‍ റോയിയുടെ പരാതി.
