ഒരു പോലീസുകാരനെയും തല്ലാന്‍ എസ്.എഫ്.ഐ ആഹ്വാനം ചെയ്തിട്ടില്ല; വ്യക്തിപരമായ കാരണത്താല്‍ ഉണ്ടായ ഒരു സംഘര്‍ഷത്തെ എങ്ങനെ എസ്.എഫ്.ഐയുടെ തലയില്‍ ഇടാം എന്നാണ് ചിലര്‍ നോക്കുന്നത്: മാധ്യമ വിചാരണകളിലൂടെ തകര്‍ക്കാന്‍ നോക്കിയിട്ടും കഴിയാത്തതിന്റെ വൈരാഗ്യ തീര്‍ക്കുന്നുവെന്ന് എം ശിവപ്രസാദ്

ഒരു പോലീസുകാരനെയും തല്ലാന്‍ എസ്.എഫ്.ഐ ആഹ്വാനം ചെയ്തിട്ടില്ല

Update: 2026-02-15 15:11 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പഴി എസ്എഫ്ഐയുടെ തലയില്‍ ചാര്‍ത്തുന്നതിനെതിരെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സംഭവത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് ശിവപ്രസാദ് വിശദീകരിക്കുന്നത്. സംഘര്‍ഷം എസ്എഫ്‌ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നുവെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. നടന്നത് വ്യക്തിപരമായ സംഘര്‍ഷമാണെന്നും ഒരു പൊലീസുകാരനെയും തല്ലാന്‍ എസ്എഫ്ഐ ആഹ്വാനം ചെയ്തിട്ടില്ലെന്നും ശിവപ്രസാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഒരു സംഘര്‍ഷത്തെയും എസ്എഫ്ഐ അനുകൂലിക്കുന്നില്ല. എസ്എഫ്ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നു. ഒരു വടിയായി എസ്എഫ്ഐക്ക് ബന്ധമില്ലാത്ത വിഷയങ്ങള്‍ ഉപയോഗിക്കുന്നു. ചെറിയ ശതമാനം പുഴുക്കുത്തുകള്‍ പൊലീസിലും ഉണ്ട്. അത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് സമീപകാല അനുഭവമെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്തെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ചായിരുന്നു സംഭവം. മെഡിക്കല്‍ ലീവിലായിരുന്ന സിപിഒ മിഥുന്‍ കുടുംബത്തോടൊപ്പം മാളില്‍ എത്തിയതായിരുന്നു. ഈ സമയം പിന്തുടര്‍ന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

കഥ തുടരുന്നു...

56 വര്‍ഷത്തെ SFI യുടെ വിദ്യാര്‍ത്ഥി അവകാശ പോരാട്ട ചരിത്രത്തില്‍ എത്രയോ പോലീസ് മര്‍ദ്ദനങ്ങള്‍, ഗുണ്ടാ ആക്രമണങ്ങള്‍, രക്തസാക്ഷിത്വങ്ങള്‍, അപവാദ പ്രചാരണങ്ങള്‍. ഇതെല്ലാം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് SFIക്കാരെന്നാണ് ഒരു പക്ഷം.

കേരളം ആരാണ് ഭരിക്കുന്നത് എന്ന് നോക്കിയിട്ടല്ല SFI സമരം നടത്തുന്നത്. പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വരും എന്ന തീര്‍ച്ചയില്‍ തന്നെയാണ് എല്ലാ സമരങ്ങളും മുന്നോട്ടുപോവുന്നത്. തോക്കുകള്‍ കൊണ്ട് SFI സമരത്തെ നേരിട്ടതിന്റെ എത്രയേറെ അനുഭവങ്ങള്‍ കേരളത്തിലുണ്ട്. സമര സഖാക്കള്‍ക്ക് നേരെയുള്ള പോലീസ് വെടിവെപ്പില്‍ കൂത്തുപറമ്പില്‍ രക്തസാക്ഷിയായ സ. കെ. വി. റോഷന്‍ വിദ്യാര്‍ത്ഥിയായിരുന്നില്ലെ. ഗ്രനേഡും, റ്റിയര്‍ ഗ്യാസും SFI സമരത്തിന് നേരെ പോലീസ് പ്രയോഗിക്കുന്നത് UDF ഭരണത്തില്‍ ഒരു സ്ഥിരം സംഭവമായിരുന്നില്ലെ. ഗ്രനേഡ് പൊട്ടി കാലിന് പരിക്കേറ്റ് ഒരു ചെറു മുടന്തോടെ ഈ കേരളത്തില്‍ നടന്ന SFI യുടെ സമരനായകന്‍ സ. പി. ബിജുവിനെ സമര കേരളത്തിന് മറക്കാന്‍ കഴിയുന്നതാണോ. തല നോക്കി തല്ലാന്‍ പാഞ്ഞടുക്കുന്ന പോലീസിന് മുന്നില്‍ നിരായുധരായി നിന്ന് മുദ്രാവാക്യം വിളിക്കുന്ന SFI ക്കാരുടെ ചിത്രം ചാനല്‍ ലൈബ്രറികളില്‍ ഒരുപാടുണ്ടാവും. തല്ല് കൊണ്ട് തലയും എല്ലും പൊട്ടി ചോരയില്‍ കുളിച്ച എത്രയോ SFI ക്കാരെ സമര മുഖങ്ങളില്‍ നാം കണ്ടതാണ്. അടിയന്തരാവസ്ഥ കാലത്ത് മര്‍ദ്ദനമേറ്റവര്‍ മുതല്‍ പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന ലക്ഷകണക്കിന് SFI സഖാക്കളുടേത് കൂടിയാണ് ഈ 56 വര്‍ഷത്തെ SFI ചരിത്രം.

ഈ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു പോലീസ് ഏമാനെയും തിരിച്ച് അക്രമിക്കാന്‍ SFI പോയിട്ടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും വീട് തേടിയും SFI പോയിട്ടില്ല. അത് SFI യുടെ നയമല്ല. SFI യുടെ ജനാധിപത്യത്തിന് സൗന്ദര്യം പോരാ എന്ന് വിമര്‍ശിക്കുന്ന വലത് ബുദ്ധിജീവികളെയും മാധ്യമങ്ങളെയും നാം സ്ഥിരം കാണുന്നതാണ്. എന്നാല്‍ അവര്‍ കാണാത്ത, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഒരു വസ്തുതയുണ്ട്. 35 വിദ്യാര്‍ത്ഥികള്‍, അവര്‍ SFI ആയി എന്ന ഒറ്റ കാരണത്തില്‍ കേരളത്തിലെ കലാലയങ്ങളില്‍ KSU, MSF, ABVP, RSS, NDF ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ വലുതപക്ഷ - വര്‍ഗ്ഗീയ ശക്തികളുടെ കൊല കത്തിക്ക് ഇരയായി രക്തസാക്ഷികളായിട്ടും SFI എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കൈ കൊണ്ട് കേരളത്തിലെ ഒരു അന്യവര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനത്തിലെ വിദ്യാര്‍ത്ഥിയും കൊല ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് SFI ഉയര്‍ത്തുന്ന ജനാധിപത്യ ബോധത്തെ മഹത്തരമാക്കുന്നത്. സഹനത്തിന്റെ ചരിത്രം കൂടിയാണ് SFI യുടേത് എന്ന് മറക്കരുത്.

എന്നാല്‍ ഇത്തരം പോലീസ് അക്രമണങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തെ ഇടതു ഭരണത്തിന് കീഴില്‍ വലിയ നിലയില്‍ കുറവ് വന്നത് നമ്മുടെ അനുഭവമാണ്. ജനകീയ സമരങ്ങള്‍ക്കു നേരെയുള്ള പോലീസ് മര്‍ദ്ദനം ഇടതു നയമല്ല എന്ന് വ്യക്തമാക്കിയ ഒരു ഗവണ്‍മെന്റ് ആണ് കേരളം ഭരിക്കുന്നത്. സര്‍വ്വ മേഖലയിലും എന്നതുപോലെ ചെറിയ ശതമാനം പുഴുക്കുത്തുകള്‍ പോലീസിലും ഉണ്ട്. അത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് സമീപകാല കേരളത്തിലെ നമ്മുടെ അനുഭവം.

ഭരണകൂടത്തിന്റെ മര്‍ദ്ദനോപാദിയായ പോലിസിനോടല്ല ഞങ്ങളുടെ സമരം. ഭരണകൂടങ്ങളോടും അവയുടെ തെറ്റായ നയങ്ങളോടുമാണ്. വ്യക്തിപരമായ കാരണത്താല്‍ ഉണ്ടായ ഒരു സംഘര്‍ഷത്തെ എങ്ങനെ SFI യുടെ തലയില്‍ ഇടാം എന്നാണ് ചിലര്‍ നോക്കുന്നത്. ഒരു സംഘര്‍ഷത്തെയും SFI അനുകൂലിക്കുന്നില്ല. ഒരു പോലീസുകാരനെയും തല്ലാന്‍ SFI ആഹ്വാനം ചെയ്തിട്ടില്ല. എന്നാല്‍ SFI യെ ആക്രമിക്കാനുള്ള ഒരു വടിയായി SFI യ്ക്ക് ബന്ധമില്ലാത്ത ഇത്തരം വിഷയങ്ങള്‍ ഉപയോഗിക്കുന്നതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. മര്‍ദ്ദനങ്ങളേക്കാള്‍ ക്രൂരമായ മാധ്യമ വിചാരണകളിലൂടെ ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഈ കാലമത്രയും നോക്കിയിട്ടും അതിന് കഴിയാത്തതിന്റെ വൈരാഗ്യം ഞങ്ങളോട് മാധ്യമങ്ങള്‍ക്ക് ഉണ്ടാവുന്നത് സ്വാഭാവികമാണ്. ആ ചോര കൊതിയാണ് നങ്ങളെ കൊണ്ട് ഇത്തരം വാര്‍ത്തകള്‍ SFI ക്കെതിരെ പടച്ചു വിടീപ്പിക്കുന്നത്. സ്‌നേഹത്തോടെ പറയട്ടെ, 'നിങ്ങളിത് തുടരുക'. ഇന്ന് ചില ചാനലുകള്‍ പ്രൈം ടൈമില്‍ ഇത് ചര്‍ച്ച ചെയ്യുന്നുണ്ടത്രെ...ബഷീര്‍ക്ക പറഞ്ഞത് ഓര്‍ക്കുന്നു

''ചൊറിയുന്നിടത്ത് മാന്തുന്നിടത്തോളം സുഖമുള്ള മറ്റൊന്നും ഇല്ല.''

നന്നായി ചൊറിയുക...

Tags:    

Similar News