വീണയുടെ കമ്പനിയുടെ അബുദാബി അക്കൗണ്ടിലേക്ക് ലാവ്‌ലിനും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സും പണമൊഴുക്കി; തെളിവ് നല്‍കിയ ജീവനക്കാരനെ ബാങ്ക് പുറത്താക്കി; മാസപ്പടി കേസില്‍ ഗള്‍ഫിലും എസ് എഫ് ഐ ഒ അന്വേഷണം എത്തി; ഇനിയും കുടുംബാംഗങ്ങള്‍ കുരുക്കിലാകുമോ?
കൊച്ചി: മാസപ്പടി കേസുമായി ബന്ധമുള്ള ഒരു സ്വകാര്യ കമ്പനിയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 2016-19 കാലത്ത് രാജ്യാന്തര കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി), കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിന്‍ എന്നിവയുടെ അക്കൗണ്ടുകളില്‍നിന്നു പണമെത്തിയതിന്റെ വിവരങ്ങളും എസ് എഫ് ഐ ഒ കുറ്റപത്രത്തിന്റെ ഭാഗം. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്എഫ്‌ഐഒയ്ക്കു നല്‍കിയ ജീവനക്കാരനെ അബുദാബിയിലെ ബാങ്ക് പുറത്താക്കിയിരുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് എസ് എഫ് ഐ ഒ അന്വേഷണം ഗള്‍ഫിലേക്കും നീങ്ങി. ഗള്‍ഫിലുള്ള വിവിഐപിയെ ലക്ഷ്യമിടുന്നതാണ് ഈ കുറ്റാരോപണം. മറുനാടന്‍ മലയാളി അബുദാബിയിലെ പണമിടപാടും കാനഡയിലെ സ്ഥാപനത്തേയും കുറിച്ചുമെല്ലാം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ് എഫ് ഐ ഒ കുറ്റപത്രത്തിലെ കണ്ടെത്തലുകളോട് എങ്ങനെ വീണാ വിജയനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം.
ലാവ്‌ലിന്‍ അഴിമതിയാണ് പിണറായിയെ വെട്ടിലാക്കിയ ആദ്യ വിവാദം. പിന്നീട് കോടതിയില്‍ നിന്നും കുറ്റവിമുക്തി സ്വന്തമാക്കിയെങ്കിലും അത് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ലാവ്‌ലിന്റെ ആസ്ഥാനമായ കാനഡയില്‍ വീണയ്ക്ക് കമ്പനിയുണ്ടെന്ന വിവരം മറുനാടന്‍ പുറത്തു വിട്ടത്. മാസപ്പടി വിവാദത്തിനിടെ എക്‌സാലോജിക് കമ്പനി വീണ പൂട്ടിയിരുന്നു. ഇതും വിവാദത്തിലായി. വീണ ഡയറക്ടറായ എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ആരോപണം എത്തി. ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ് ആണ് ആരോപണവുമായി കോടതിയേയും സമീപിച്ചു. കമ്പനിയുടെ വിദേശത്തെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജിയും നല്‍കിയിരുന്നു. കേരളത്തിലെ പ്രധാന നേതാവിന്റെ ഗള്‍ഫിലുള്ള കുടുംബാഗങ്ങളും സംശയ നിഴലിലാണ്.
എസ്എന്‍സി ലാവ്ലിന്‍, പിഡബ്‌ള്യുസി അടക്കമുള്ള കമ്പനികള്‍ എക്സാലോജിക്കിന് പണം നല്‍കിയെന്നും ഷോണ്‍ ആരോപിച്ചിരുന്നു. ഷോണ്‍ ജോര്‍ജ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എക്സാലോജിക്കിനും സിഎംആര്‍എല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ച പിവി പിണറായി വിജയനാണെന്നും ഷോണ്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങും എസ് എഫ് ഐ ഒ കുറ്റപത്രം ശരിവയ്ക്കുന്നുവെന്നതാണ് പുറത്തു വരുന്ന വിവരം.
അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള എക്സാലോജിക് കണ്‍സള്‍ട്ടിങ് മീഡിയ സിറ്റി എന്ന അക്കൗണ്ടിലേക്ക് കരിമണല്‍ കടത്തുമായി ബന്ധപ്പെട്ട പണം എത്തിയെന്നായിരുന്നു നേരത്തെ ഉയര്‍ന്ന പ്രധാനപ്പെട്ട ആരോപണം. എസ്എന്‍സി ലാവ്ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികളും ഈ അക്കൗണ്ടിലേക്ക് പണം നല്‍കി. തനിക്ക് പൂര്‍ണ്ണ ബോധ്യമുള്ള കാര്യമാണ് പറയുന്നതെന്നും ആരോപണം തെറ്റെങ്കില്‍ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.
വിദേശത്തെ അക്കൗണ്ടിലെ പണമിടപാടുകള്‍ ആദായ നികുതി റിട്ടേണ്‍സില്‍ കാണിക്കേണ്ടതുണ്ട്. വീണ ഇന്‍കം ടാക്സ് റിട്ടേണ്‍സില്‍ വിദേശ അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ലെങ്കില്‍ ആദായ നികുതി നിയമപ്രകാരമാണ് കുറ്റമാണ്. ഇത് അന്വേഷണവിധേയമാക്കണമെന്നും ഷോണ്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിഎംആര്‍എല്‍-എക്സാലോജിക്ക് ഇടപാടില്‍നിന്നുള്ള വലിയ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലാണു സൂക്ഷിച്ചിരുന്നതെന്നും ഷോണ്‍ ആരോപിച്ചു. എക്സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് വിശദീകരിച്ചിരുന്നു. വീണാ തൈക്കണ്ടിയില്‍, എം.സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ശരാശരി 10 കോടി രൂപ വരെ ഈ അക്കൗണ്ടില്‍ എപ്പോഴും ഉണ്ടായിരുന്നു.
എസ്എന്‍സി ലാവ്‌ലിന്‍, രാജ്യാന്തര കണ്‍സള്‍ട്ടിങ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ എന്നിവയില്‍നിന്ന് എക്‌സാലോജിക്കിന്റെയും മീഡിയ സിറ്റിയുടെയും അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറുമായുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവങ്കറിന്റെ കാലത്തു തന്നെ വിവാദമായതാണെന്ന് ഷോണ്‍ ആരോപിച്ചിരുന്നു.