മനസാന്തരപ്പെട്ട ഭീകരന് രാജ്യം ഭരിക്കാമെങ്കില്‍ ആ രാജ്യത്ത് പോയതിന്റെ പേരില്‍ പൗരത്വം റദ്ദ് ചെയ്യുന്നതെങ്ങനെ? സിറിയന്‍ ബന്ധത്തിന്റെ പേരില്‍ ബ്രിട്ടീഷ് പൗരത്വം റദ്ദായ ഷമീമ ബീഗം അടക്കമുള്ളവര്‍ പുതിയ പഴുതിലൂടെ മടങ്ങി എത്തിയേക്കും
ബ്രിട്ടീഷ് പൗരത്വം റദ്ദായ ഷമീമ ബീഗം അടക്കമുള്ളവര്‍ പുതിയ പഴുതിലൂടെ മടങ്ങി എത്തിയേക്കും
ദമാസ്‌ക്കസ്: ഒരുകാലത്ത് തീവ്രവാദ സംഘടനയായി അറിയപ്പെട്ടിരുന്ന, അല്‍ക്വയ്ദയുടെ ഭാഗമായിരുന്ന ഹയാത് താഹിര്‍ അല്‍ ഷാം (എച്ച് ടി എസ്) മാനസാന്തരപ്പെട്ട് ആധുനിക ലോകക്രമത്തിന്റെ ഭാഗമായിരിക്കുകയാണ്. അവര്‍ സിറിയയില്‍ ഒരു സര്‍ക്കാരും സ്ഥാപിച്ചു കഴിഞ്ഞു. ഇത് കേവലം ഒരു സംഘടനയുടെ പരിവര്‍ത്തനം മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്റെയും, കൂടുതല്‍ വിപുലമായി പറഞ്ഞാല്‍ മധ്യപൂര്‍വ്വ ഏഷ്യയുടെയും പരിവര്‍ത്തനത്തിന്റെ തുടക്കമായി കൂടിയാണ് ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
എന്നാല്‍, ഇപ്പോള്‍ ഇത് ബ്രിട്ടനെ സംബന്ധിച്ചും അതീവ പ്രാധാന്യമുള്ള ഒരു കാര്യമാവുകയാണ്. നേരത്തെ ഇസ്ലാമിക രാജ്യം രൂപീകരിക്കാന്‍ ഐസിസിന്റെ വിളികേട്ട് സിറിയയിലേക്ക് പോയ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അവരുടെ പൗരത്വം നഷ്ടപ്പെട്ടിരുന്നു. ദേശീയ സുരക്ഷയായിരുന്നു ഇവരുടെ പൗരത്വം എടുത്തു കളയുന്നതിനുള്ള കാരണമായി പറഞ്ഞിരുന്നത്. 2012 ല്‍ ഇത്തരത്തില്‍ സിറയില്‍ എയ്ഡ് വര്‍ക്കറായി പോയ വ്യക്തിയാണ് ടോക്സ് എന്നറിയപ്പെടുന്ന തൗഖിര്‍ ഷരിഫ്. ഇയാള്‍ക്ക് അല്‍ക്വയ്ദയുമായി ബന്ധമുണ്ടെന്നുള്ള ഒരു ആരോപണം നിലനില്‍ക്കുന്നുണ്ട്, എന്നാല്‍, ഇയാള്‍ അക്കാര്യം നിഷേധിക്കുന്നുമുണ്ട്.
2017 ല്‍ അന്നത്തെ ബ്രിട്ടീഷ് ഹോം സെക്രട്ടറി ആയിരുന്ന ആംബര്‍ റുഡ്, ഇയാളുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. തന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ടെങ്കിലും തന്നെ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു കേസിലും ശിക്ഷിച്ചിട്ടില്ല എന്ന് അയാള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനു കാരണം, പ്രതികള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ അവരെ കാണിക്കാന്‍ അനുവദിക്കാത്ത സ്പെഷ്യല്‍ ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷന്‍ രഹസ്യ കോടതികളെ തങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും അയാള്‍ പറയുന്നു.
ഏതൊരു കോടതിയിലും പരസ്യ വിചാരണയ്ക്ക് തയ്യാറാണെന്നും അയാള്‍ പറയുന്നു. എച്ച് ടി എസ് ഇപ്പോഴും ഒരു പ്രഖ്യാപിത തീവ്രവാദ സംഘടന തന്നെയാണ്. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുമായി ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഒരുകാലത്ത് തീവ്രവാദിയായിരുന്ന, സിറിയയുടെ താത്ക്കാലിക പ്രസിഡണ്ട് അഹമ്മദ് അല്‍ ഷഹാരയെ കാണാന്‍ ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമ്മി ഡമാസ്‌കസിലേക്ക് യാത്ര ചെയ്ത കാര്യവും അയാള്‍ ചൂണ്ടിക്കാട്ടുന്നു.
എച്ച് ടി എസ്സിനെ ബ്രിട്ടീഷ് സര്‍ക്കാര്‍, തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്തു എങ്കില്‍, പിന്നെ ആ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു എന്നതിന്റെ പേരില്‍ ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ടവര്‍ക്ക് അത് പ്രതീക്ഷ നല്‍കുന്നുണ്ടോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ടവരില്‍ ഒരു ചെറിയ വിഭാഗം മാത്രമായിരുന്നു എച്ച് ടി എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, സര്‍ക്കാര്‍ എച്ച് ടി എസ്സിനെ, ഭീകര പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്താലും റദ്ദാക്കപ്പെട്ട പൗരത്വം സ്വമേധയാ പുനഃസ്ഥാപിക്കപ്പെടില്ല എന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.