സ്വതന്ത്ര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെട്ടത് ഒരേയൊരു വനിത; സംസ്ഥാനത്ത് അവസാനം തൂക്കിലേറ്റിയത് റിപ്പര്‍ ചന്ദ്രനെ; കേരളത്തില്‍ വധശിക്ഷ കാത്ത് കഴിയുന്നത് 35 പേര്‍: പ്രായം ഇളവല്ലെന്ന് ഗ്രീഷ്മയോട് കാര്യ കാരണ സഹിതം ബോധ്യപ്പെടുത്തി കോടതി

സ്വതന്ത്ര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെട്ടത് ഒരേയൊരു വനിത; കേരളത്തില്‍ വധശിക്ഷ കാത്ത് കഴിയുന്നത് 35 പേര്‍

Update: 2025-01-21 01:04 GMT

കണ്ണൂര്‍: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ അതിക്രൂര കൊലപാതകം എന്ന് വിലയിരുത്തിയാണ് പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 24 വയസ്സേ ഉള്ളൂ എന്ന ഗ്രീഷ്മയുടെ വാദം തള്ളിക്കൊണ്ടാണ് കോടതി വധശിക്ഷയുമായി മുന്നോട്ട് പോയത്. ഷാരോണിനും ഗ്രീഷ്മയുടെ അതേ പ്രായമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രായത്തിന്റെ ആനുകൂല്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്ത് കഴിയുന്നത് 35 പേരാണ്.

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ 23, കണ്ണൂര്‍, വിയ്യൂര്‍ (4 പേര്‍ വീതം), വിയ്യൂര്‍ അതിസുരക്ഷാ ജയില്‍, തിരുവനന്തപുരം വനിതാ ജയില്‍ (2 പേര്‍ വീതം) എന്നിങ്ങനെയാണു പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്. ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ കഴിഞ്ഞവര്‍ഷം 14 പേര്‍ക്കു വധശിക്ഷ വിധിച്ചിരുന്നു. ഇതില്‍ 4 പേരുടെ ശിക്ഷ മേല്‍ക്കോടതി വിവിധ ഘട്ടങ്ങളില്‍ ജീവപര്യന്തമാക്കി.

സംസ്ഥാനത്ത് അവസാനം വധശിക്ഷ നടപ്പാക്കിയതു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. റിപ്പര്‍ ചന്ദ്രനെയാണ് അവസാനമായി സംസ്ഥാനത്ത് തൂക്കിലേറ്റിയത്. 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1991 ജൂലൈ 6ന് ആയിരുന്നു അത്. റിപ്പര്‍ ചന്ദ്രന്‍ എന്നറിയപ്പെട്ടിരുന്ന നീലേശ്വരം കരിന്തളം സ്വദേശി മുതുകുറ്റി ചന്ദ്രനെയാണു തൂക്കിലേറ്റിയത്. ആരാച്ചാര്‍ ഇല്ലാതിരുന്നതിനാല്‍ അന്നത്തെ ജയില്‍ സൂപ്രണ്ട് അരയാക്കണ്ടിപ്പാറ പച്ചഹൗസില്‍ എന്‍.പി.കരുണാകരനാണു വധശിക്ഷ നടപ്പാക്കിയത്.

14 പേരെയാണ് ചന്ദ്രന്‍ തലയ്ക്കടിച്ചു കൊന്നത്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പര 1980-85 കാലത്തായിരുന്നു. തളിപ്പറമ്പില്‍ വീട്ടമ്മയുടെ കൊലപാതകത്തിനു ദൃക്‌സാക്ഷിയായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചന്ദ്രനെ പൊലീസ് തിരിച്ചറിഞ്ഞതും കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍നിന്നു പിടികൂടിയതും. സുപ്രീം കോടതി വധശിക്ഷ ശരിവച്ചപ്പോള്‍ ചന്ദ്രന്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കി. അതും തള്ളിയപ്പോഴാണു വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പേര്‍ ഇപ്പോള്‍ കണ്ണൂര്‍ ജയിലിലുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീകളില്‍ തൂക്കിലേറ്റപ്പെട്ടത് ഒരേ ഒരു വനിതയാണ്. രത്തന്‍ ബായ് ജെയ്ന്‍. ഭര്‍ത്താവിലുള്ള സംശയമാണ് രത്തന്‍ ബായിയെ കൊലപാതക പരമ്പരയിലേക്ക് നയിച്ചത്. ഒരു ക്ലിനിക്കിലെ മാനേജരായിരുന്നു രത്തന്‍ ബായ്. അവിടെ ജോലി ചെയ്തിരുന്ന 3 യുവതികള്‍ക്കു തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് അവര്‍ സംശയിച്ചിരുന്നു. അങ്ങനെ രത്തന്‍ ബായ് 3 പേരെയും വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണു കേസ്. 1955 ജനുവരി 3ന് ഡല്‍ഹി ജില്ലാ ജയിലില്‍ വധശിക്ഷ നടപ്പാക്കി. ഡല്‍ഹി സെഷന്‍സ് കോടതിയുടെ വധശിക്ഷ പഞ്ചാബ് ഹൈക്കോടതി ശരിവച്ചതോടെയാണു രത്തന്റെ കഴുത്തില്‍ കുരുക്കു വീണത്.

Similar News