സൗഹൃദവും ചൈനയ്ക്ക് എതിരെയുള്ള നിലപാടും നല്‍കുന്നത് പ്രതീക്ഷയുടെ പുഞ്ചിരി; വ്യാപാര -കുടിയേറ്റ നയങ്ങളിലെ കടുംപിടുത്തം തീര്‍ക്കുന്നത് പ്രതീക്ഷയോളം തന്നെ വെല്ലുവിളിയും; ട്രംപിന്റെ രണ്ടാം വരവില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇങ്ങനെ

ട്രംപിന്റെ രണ്ടാം വരവില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇങ്ങനെ

Update: 2025-01-20 17:57 GMT

വാഷിങ്ങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വീണ്ടുമൊരിക്കല്‍ കൂടി അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ അതിന്റെ പ്രതിഫലനങ്ങളെന്തൊക്കെയാകുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ.നിലവില്‍ ട്രംപ് പ്രഖ്യാപിച്ച അജണ്ടയില്‍ മോദിയോടുള്ള സൗഹൃദവും മറ്റ് ഘടങ്ങളും ഉള്‍പ്പെടുത്തി ഇന്ത്യയോടുള്ള നയവും മാറ്റുമോ എന്നതാണ് അതില്‍ പ്രധാനം.കാരണം കുടിയേറ്റ നിയമത്തിലും വ്യാപരമേഖലയിലെ ഇടപെടലുകളിലും ട്രംപ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയ്ക്കും തലവേദനായകുന്നതാണ്.അതിനാല്‍ തന്നെ ഇന്ത്യക്ക് ആശങ്കയും പ്രതീക്ഷയും ഒരുപോലെയാണ് ഈ വിഷയത്തില്‍ എന്ന് പറയേണ്ടി വരും.

ട്രംപിന്റെ ചൈന വിരുദ്ധ നിലപാടും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വ്യക്തിബന്ധവും ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നതില്‍ തര്‍ക്കമില്ല.പക്ഷെ ആശങ്കകളും അതിനോളം തന്നെയുണ്ട്.മോദിയും ട്രംപും തമ്മിലുള്ള വ്യക്തിബന്ധം അടിവരയിടുന്നതായിരുന്നു മോദി ട്രംപിനയച്ച അഭിനന്ദന സന്ദേശം.സുഹൃത്തേ എന്ന് അഭിസേബോധന ചെയ്ത മോദി ആഗോള സമാധാനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നാണ് പ്രതികരിച്ചത്.പക്ഷെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലും കുടിയേറ്റത്തിലും ട്രംപ് നിലപാടു കടുപ്പിക്കാനാണ് സാധ്യത. വിദേശത്തുനിന്നുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയാല്‍ ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ്, ട്കെസ്റ്റൈല്‍സ് മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയും യു.എസും പ്രതിരോധ രംഗത്ത് മികച്ച സഹകരണമായിരുന്നു.ട്രംപും ഇക്കാര്യത്തില്‍ മാറ്റം വരുത്താനിടയില്ല.ചൈനയെ പ്രതിരോധിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ട്രംപിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പ്രതീക്ഷിക്കാം.

ആഗോള വ്യവസ്ഥിതിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയാണ് ഇന്ത്യയെയും യുഎസിനെയും ചേര്‍ത്തുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്.ചൈനയുടെ ഭീഷണി നേരിടുന്നതിന് അമേരിക്ക രൂപപ്പെടുത്തിയ ബഹുമുഖ പദ്ധതികളിലൊന്നാണ് ക്വാഡ് എന്ന ചതുര്‍രാഷ്ട്രസഖ്യം.ചൈനയെ തീര്‍ത്തും ശത്രുപക്ഷത്താക്കാനുള്ള വൈമുഖ്യം മൂലം ഇന്ത്യ അല്‍പം മടിച്ചുനില്‍ക്കുന്നതിനാല്‍ ക്വാഡ് ഇതുവരെ പൂര്‍ണ സൈനിക സഖ്യമായി മാറിയിട്ടില്ല.

2020 ല്‍ ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം മൂര്‍ഛിച്ചപ്പോള്‍ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കു പിന്തുണ നല്‍കി.ധാര്‍മികമായി പിന്തുണയ്ക്കുക മാത്രമല്ല,പര്‍വതമേഖലകളില്‍ ഉപകാരപ്പെടുന്ന ചില യുദ്ധോപകരണങ്ങള്‍ നല്‍കുകയും ചെയ്തു.ഏറ്റുമുട്ടലിലേക്കു നീങ്ങിയാല്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. പിന്നീട് ജോബെയ്ഡന്‍ അധികാരത്തിലെത്തിയപ്പോഴും ഈ നിലപാടില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല.ഇതൊക്കെയാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതെങ്കില്‍ തിരിച്ചടിയാകുന്നത് വ്യാപര മേഖലയിലെ ഇറക്കുമതി കയറ്റുമതി തീരുവകളിലെ അസ്വാരസ്യങ്ങളാണ്.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലും കുടിയേറ്റത്തിലും ട്രംപ് നിലപാടു കടുപ്പിക്കാനാണ് സാധ്യതയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.വിദേശത്തുനിന്നുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയാല്‍ ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെക്സ്റ്റൈല്‍സ് മേഖലകളെ പ്രതികൂലമായി ബാധിക്കും.യു.എസില്‍ നിന്നുള്ള ഇറക്കുമതിക്ക് മറ്റുരാജ്യങ്ങളേക്കാള്‍ ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ഏര്‍പ്പെടുത്തുന്നതെന്ന വിമര്‍ശനവും ഏറെക്കാലമായി ട്രംപ് ഉയര്‍ത്തുന്നുണ്ട്.കഴിഞ്ഞ തവണ അധികാരത്തിലിരുന്നപ്പോള്‍ ഇന്ത്യയെ ഇറക്കുമതി തീരുവയുടെ രാജാവെന്നാണ് ട്രംപ് വിശേഷപ്പിച്ചത്.എന്നാല്‍ ഭീഷണിപ്പെടുത്തി കാര്യംനേടാനുള്ള ട്രംപിന്റെ തന്ത്രമാണ് ഇതെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു.

വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ഇറക്കുമതി തീരുവ ട്രംപ് ഒരായുധമാക്കുമെന്നാണ് കരുതപ്പെടുന്നത്.അങ്ങിനെയെങ്കില്‍ അതിന്റെ പ്രത്യഘാതം ഇന്ത്യ സമ്പദ്ഘടന നേരിടേണ്ടി വരുമെന്നും വിലയിരുത്തലുകള്‍ ഉണ്ട്.മധ്യപൂര്‍വദേശത്തെ ഇന്ത്യക്കാരിലൂടെ ഈ രാജ്യങ്ങളില്‍ അഭിപ്രായരൂപീകരണം നടത്താനും ഭരണകൂടങ്ങളെ സ്വാധീനിക്കാനും യുഎസ് ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കും.വാണിജ്യത്തില്‍ ഇന്ത്യയ്ക്കു നല്‍കിയിരുന്ന മുന്‍ഗണനാ പദവി റദ്ദാക്കിയത് ട്രംപായിരുന്നു.ബൈഡന്‍ അത് പുനഃസ്ഥാപിച്ചില്ല.കച്ചവടത്തില്‍ ഒരുതരം വിവേചനവും പരിഗണനകളും പാടില്ലെന്നു വാദിക്കുന്ന ട്രംപ് വീണ്ടും വരുമ്പോള്‍ നീക്കുപോക്ക് പ്രതീക്ഷിക്കേണ്ടതില്ല.

കുടിയേറ്റത്തിന്റെ കാര്യത്തില്‍ പണ്ടേ കര്‍ക്കശക്കാരനാണ് ട്രംപ്.എച്ച് 1 ബി വിസ അനുവദിക്കുന്നതിലടക്കം മുന്‍ ട്രംപ് ഭരണകൂടം കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു.അതേ നിലപാട് തുടര്‍ന്നാല്‍ ഐ.ടി.മേഖലയില്‍ അടക്കം ജോലിചെയ്യുന്ന ഇന്ത്യക്കാരെ വലിയ രീതിയില്‍ ബാധിക്കും.അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികളും കടുപ്പിക്കും. ഇത്തരത്തില്‍ പ്രതീക്ഷകളും ആശങ്കകളും നിറയുന്നതാണ് ഇന്ത്യക്ക് ട്രംപിന്റെ രണ്ടാം ടേം.

Similar News