ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതൃത്വം; പഹല്‍ഗാമില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ താല്‍പ്പര്യമില്ലെന്നും തന്നെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തരൂരിന്റെ മറുപടി; ആ തലവേദന ഒഴിഞ്ഞെന്ന ആശ്വാസത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട്; ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിവാദം ഒഴിവാക്കി നയന്ത്രജ്ഞത; ചര്‍ച്ചയില്‍ നിന്നും തരൂര്‍ പിന്മാറുമ്പോള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ഓപറേഷന്‍ സിന്ദൂറും സംബന്ധിച്ച് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇക്കാര്യം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ ശശി തരൂര്‍ അറിയിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് പാര്‍ട്ടിയെ തരൂര്‍ അറിയിച്ചത്. കോണ്‍ഗ്രസ് പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കുന്ന നിലപാടില്‍ നിന്നുമാറി പാര്‍ട്ടി നിലപാടിനെ പിന്തുണച്ച് തരൂരിന് സംസാരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇല്ലെന്നും അതു കൊണ്ട് ചര്‍ച്ചയ്ക്കില്ലെന്നുമുള്ള നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ തരൂര്‍ അറിയിച്ചത്.
ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനുള്ള പാര്‍ട്ടി എം.പിമാരുടെ പട്ടികയില്‍ ശശി തരൂരിനെയും മനീഷ് തിവാരിയെയും ഉള്‍പ്പെടുത്തണോ എന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആലോചിച്ചിരുന്നു. ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് തരൂരിന്റെയും തിവാരിയുടെയും നിലപാടുകള്‍ കോണ്‍ഗ്രസ് നിലപാടിനെതിരായിരുന്നു. അതിനാല്‍ ഇരുവരെയും ലോക്‌സഭയിലെ ചര്‍ച്ചയില്‍ സംസാരിപ്പിക്കണോ എന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നു. തരൂരിനെ ഒഴിവാക്കി പട്ടിക നല്‍കിയാല്‍ വിവാദത്തിന് വഴിവെക്കുമെന്നും പാര്‍ട്ടി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് നേതാക്കള്‍ തരൂരിനോട് ചോദിച്ചിരുന്നു. ഇതോടെയാണ് നിലപാട് വിശദീകരിക്കാന്‍ തരൂരിന് അവസരം വന്നത്.
അതേസമയം, ലോക്‌സഭയില്‍ കോണ്‍ഗ്രസിന് വേണ്ടി ലോക്‌സഭ കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയിയാണ് ചര്‍ച്ചക്ക് തുടക്കമിടുക. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നീ കോണ്‍ഗ്രസ് എം.പിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. തരൂരിനെ ചര്‍ച്ചയുടെ ഭാഗമാക്കാന്‍ ബിജെപി ആഗ്രഹിച്ചിരുന്നു. കോണ്‍ഗ്രസ് അവസരം നല്‍കിയില്ലെങ്കില്‍ സ്പീക്കറുടെ അധികാരം ഉപയോഗിച്ച് സംസാരിക്കാന്‍ അവസരം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ സംസാരിക്കാന്‍ ഇല്ലെന്ന തരൂരിന്റെ നിലപാടോടെ ബിജെപി എന്തു നിലപാട് എടുക്കുമെന്നതും നിര്‍ണ്ണായകമാണ്. ഭീകരാക്രമണം നടത്തിയവരെ ഇനിയും പിടികൂടാന്‍ കഴിയാത്തതും ഓപറേഷന്‍ സിന്ദൂര്‍ താന്‍ ഇടപെട്ട് നിര്‍ത്തിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രധാനമന്ത്രി മൗനം തുടരുന്നതും ഉന്നയിച്ചാണ് പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടത്.
ലോക്‌സഭയില്‍ തിങ്കളാഴ്ചയും രാജ്യസഭയില്‍ ചൊവ്വാഴ്ചയും തുടക്കമിടുന്ന ചര്‍ച്ചക്ക് ഇരുസഭകളിലും 16 മണിക്കൂര്‍ വീതമാണ് അനുവദിച്ചത്. ലോക്‌സഭയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച തുടങ്ങും. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ട്രംപിന്റെ അവകാശവാദങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായേക്കും. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി സമയം നീക്കിവച്ചിരിക്കുന്നത്. പ്രധാന നേതാക്കളെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച് മേല്‍ക്കൈ നേടാനാണു ഭരണപക്ഷമായ എന്‍ഡിഎയും പ്രതിപക്ഷമായ ഇന്ത്യാ സഖ്യവും തയാറെടുത്തിരിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്തുപോയ പ്രതിനിധി സംഘത്തില്‍ ഒന്നിനെ നയിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെ, ഈ വിഷയത്തില്‍ ലോക്‌സഭയില്‍ സംസാരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണു വിവരം. അതേസമയം, വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യമെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തിലാകും ആദ്യ ചര്‍ച്ചകളെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
ഭരണപക്ഷത്തുനിന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ചയില്‍ ഇടപെടുമെന്നാണു സൂചന. ബിജെപി എംപിമാരായ അനുരാഗ് ഠാക്കൂറും നിഷികാന്ത് ദുബെയും സംസാരിച്ചേക്കും. ടിഡിപിക്കായി അനുവദിച്ച 30 മിനിറ്റില്‍ എംപിമാരായ ലാവു ശ്രീ കൃഷ്ണ ദേവരായലുവും ജി.എം. ഹരീഷ് ബാലയോഗിയും സംസാരിക്കാനാണ് സാധ്യത. പ്രതിപക്ഷത്തുനിന്നു ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സംസാരിക്കും.
കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ളവരും സര്‍ക്കാരിനെതിരെ രംഗത്തെത്തും.