'1997ല്‍ എഴുതിയതാണ് ഇത്തവണയും എഴുതിയത്; ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവര്‍; നടന്ന സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനം; അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍; ദേശിയ സുരക്ഷാ വിഷയങ്ങളിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതികരണം

അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍

Update: 2025-07-19 15:27 GMT

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ചുള്ള ലേഖനത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. ഗാന്ധി കുടുംബത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവരാണെന്നും തരൂര്‍ പറഞ്ഞു. 1997ല്‍ എഴുതിയതാണ് ഇത്തവണയും എഴുതിയതെന്നും തരൂര്‍ വ്യക്തമാക്കി. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചും ആണ് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നുമാണ് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സര്‍വേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍വേ നടത്തിയവരോട് ചോദിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം. സര്‍വ്വേക്കുറിച്ച് താന്‍ അറിഞ്ഞുവെന്നും അത്രയേ ഉള്ളൂവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ മാധ്യമത്തിലെ ലേഖനത്തിലാണ് ശശി തരൂര്‍ അടിയന്തരാവസ്ഥയെയും ഗാന്ധി കുടുംബത്തേയും രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. അടിയന്തരാവസ്ഥ നടപ്പിലാക്കണം എന്ന് നിര്‍ബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണ്. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാനും ബാഹ്യ ഭീഷണി നേരിടാനും അടിയന്തരാവസ്ഥ കൂടിയേ തീരുവെന്ന് നിലപാടെടുത്തു. പാവപ്പെട്ടവര്‍ക്കുനേരെ കൊടും ക്രൂരതയാണ് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നത്. കുടുംബാസൂത്രണത്തെ നിര്‍ബന്ധിത വന്ധ്യംകരണമായും നഗരവല്‍ക്കരണത്തെ ചേരികള്‍ ഇടിച്ചുനിരത്താനുള്ള മാര്‍ഗമായും മാറ്റി. പുതിയ കാലത്തും അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ പ്രസക്തമാണ് എന്നുപറഞ്ഞുകൊണ്ടാണ് തരൂര്‍ ലേഖനം അവസാനിപ്പിക്കുന്നത്.

ദേശിയ സുരക്ഷാ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും മാറി സഞ്ചരിക്കുന്നതിനെയും തരൂര്‍ ന്യായീകരിച്ചു. ആദ്യം രാജ്യമാണെന്നും പിന്നെയാണ് പാര്‍ട്ടിയെന്നുമാണ് തരൂര്‍ പറഞ്ഞത്. 'ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ചിലപ്പോള്‍ മറ്റ് പാര്‍ട്ടികളുമായും സഹകരിക്കേണ്ടി വരും. ഇത് സ്വന്തം പാര്‍ട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനം. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ലക്ഷ്യം' എന്നാണ് തരൂരിന്റെ വാക്കുകള്‍. പലരും തന്നെ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ താന്‍ ചെയ്തത് രാജ്യത്തിനു വേണ്ടിയുള്ള ശരിയായ കാര്യം. എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും തന്റെ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി മാത്രമല്ലെന്നും തരൂര്‍ പറഞ്ഞു.

സമീപകാലത്തെ പ്രവര്‍ത്തനങ്ങളിലും അഭിപ്രായപ്രകടനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. നിര്‍ഭാഗ്യവശാല്‍ ഏത് ജനാധിപത്യ സംവിധാനത്തിലും രാഷ്ട്രീയം ഒരു മത്സരമാണ്. എന്നിരുന്നാലും ദേശീയ സുരക്ഷയുടെ കാര്യം വരുമ്പോള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ചിലര്‍ക്ക് നമ്മള്‍ ആത്മാര്‍ഥതയില്ലാത്തവരായി തോന്നും. അതൊരു പ്രശ്നമാണ്. താന്‍ ആദ്യം കൂറുപുലര്‍ത്തുന്നത് രാജ്യത്തോടാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യം കൂടുതല്‍ നന്നാക്കാനുള്ള ഉപാധിയാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോലും നല്ല ഇന്ത്യയ്ക്കാണ് പ്രവര്‍ത്തിക്കേണ്ടത്. പക്ഷേ ഇതൊന്നും എളുപ്പമല്ല.

സമീപകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ സര്‍ക്കാരിനെയും സായുധസേനയെയും പിന്തുണച്ചതിന് ഒരുപാടാളുകള്‍ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.-തരൂര്‍ പറഞ്ഞു. 'ഇന്ത്യ മരിച്ചാല്‍ പിന്നെ ആര്‍ക്കാണ് ജീവിതം അവശേഷിക്കുക' എന്ന ജവഹര്‍ലാല്‍ നെഹറുവിന്റെ വാക്യവും അദ്ദേഹം ഉദ്ധരിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാര്‍ട്ടിയോട് ആലോചിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ താത്പര്യപ്രകാരം തരൂര്‍ ത്രിരാഷ്ട്ര നയതന്ത്രദൗത്യത്തിന് പുറപ്പെട്ടതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. കൂടാതെ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകള്‍ വിവരിച്ച് ലേഖനം എഴുതിയതും വിമര്‍ശനത്തിന് ആക്കംകൂട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ജെ കുര്യന്‍, കെ മുരളീധരന്‍ എന്നിവര്‍ തരൂരിനെതിരേ രംഗത്ത് വരികയും ചെയ്തു.

Tags:    

Similar News