വിഴിഞ്ഞം ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചു; ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു; എനിക്കാണെങ്കില്‍ സംസാരിക്കാനും അവസരം ലഭിച്ചില്ല; മുന്‍ മുഖ്യമന്ത്രിയെ തഴഞ്ഞതില്‍ വിമര്‍ശനവുമായി ശശി തരൂര്‍ എംപി
വിഴിഞ്ഞം ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചു
തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പൂര്‍ണമായും തള്ളിയ ഉദ്ഘാടന ചടങ്ങായിരുന്നു വിഴിഞ്ഞത്തേത്. പ്രാസംഗകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് തുറമുഖം തുടക്കമിട്ടതെന്ന് പറഞ്ഞില്ല. ഇതിനെ വിമര്‍ശിച്ചാണ് തരൂര്‍ രംഗത്തുവന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂരിന്റെ വിമര്‍ശനം. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജ തോന്നിയെന്നും അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന തനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
'വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു - അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ല', എന്നായിരുന്നു ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെയായിരുന്നു വിഴിഞ്ഞം തുറമുഖം രാജ്യത്തിന് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നാള്‍വഴിയെക്കുറിച്ച് വിവരിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ അനുമതിയടക്കം വാങ്ങുകയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് ശശിതരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വീഡിയോ പങ്കുവെച്ച് വടകര എംപി ഷാഫി പറമ്പില്‍ രംഗത്തുവന്നിരുന്നു. ഉമ്മന്‍ചാണ്ടി വിഴിഞ്ഞം തുറമുഖം ചുറ്റിക്കാണുന്നതിന്റെ എഐ വീഡിയോയാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പുഞ്ചിരിയോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വാര്‍ഫിലൂടെ നടക്കുന്ന ഉമ്മന്‍ചാണ്ടിയാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോയിലുളളത്.
'കേരളത്തിനറിയാം' എന്ന അടിക്കുറിപ്പോടെയാണ് ഷാഫി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലെ നിവിന്‍ പോളിയുടെ 'ഞാനിപ്പോ ചെല്ലുന്നത് ഒരു പഴയ ഫിലിം ക്യാമറയില്‍ ചെന്ന് പതിയാന്‍ പോകുന്ന ചിത്രത്തിലേക്കല്ല. കഴിഞ്ഞ ഒരുപാട് നാളുകളായി ഞാന്‍ കാണുന്ന എന്റെ സ്വപ്നത്തിലേക്കാണ്' എന്ന ഡയലോഗും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നാള്‍വഴിയെക്കുറിച്ച് വിവരിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ അനുമതിയടക്കം വാങ്ങുകയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെപ്പോലും സിപിഐഎം ഭയപ്പെടുന്നുവെന്നാണ് സംഭവത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.
ഒരു കല്ല് മാത്രമിട്ടു എന്ന സിപിഐഎമ്മിന്റെ പ്രചാരണം പച്ചക്കളളമാണെന്നും 2004-ല്‍ മുഖ്യമന്ത്രിയായതു മുതല്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 'ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ആവശ്യമുളള കാര്യങ്ങളെല്ലാം ചെയ്ത് പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്കായി ഒന്നും ചെയ്യാത്ത ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ക്രെഡിറ്റെടുക്കുകയാണ്.'-ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.