താന്‍ രാസ ലഹരി ഉപയോഗിക്കുമെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ തുറന്ന് സമ്മതിച്ച് ഷൈന്‍ ടോം ചാക്കോ; സംഘടനയ്ക്ക് മുന്നില്‍ വച്ചത് തനിക്ക് നന്നാകാന്‍ ഒരവസരം കൂടി നല്‍കണമെന്ന അഭ്യര്‍ത്ഥന; കുറ്റവാളിയെ പോലെ പരിഗണിക്കാതെ തിരുത്താന്‍ അവസാന അവസരം നല്‍കുമെന്ന് ഫെഫ്ക; അമ്മയുമായും വിഷയത്തില്‍ ചര്‍ച്ച നടത്തി; ഷൈന്‍ ടോം ചാക്കോയെ ആരും വിലക്കില്ല; നടന് അഭിനയം തുടരാം; ഒപ്പം ലഹരിമുക്തിയും അനിവാര്യത
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയോട് മലയാള സിനിമ ഒരു വട്ടം കൂടി ക്ഷമിക്കും. താന്‍ മയക്കു മരുന്ന് ഉപയോഗിക്കാറുണ്ടെന്നും അതില്‍ നിന്നും മുക്തി നേടുമെന്നും ഷൈന്‍ ടോം ചാക്കോ അറിയിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. നേരെയാകാന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അവസാന അവസരം നല്‍കുമെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു. താര സംഘടനയായ അമ്മയേയും പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ട്. സിനിമാ സെറ്റുകളില്‍ മയക്കുമരുന്ന് ഉപയോഗം വെല്ലുവിളിയാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ടു പോകുന്നവരെ കുറ്റവാളികളെ പോലെ കാണില്ല. അടിമപ്പെടുന്നവര്‍ക്ക് തിരുത്താന്‍ അവസരം നല്‍കണം. പക്ഷേ ഇത് ആരും ദൗര്‍ബ്ബല്യമായി കാണരുതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കാ ഓഫീസിലേക്ക് ഷൈന്‍ ടോം ചാക്കോയെ വിളിച്ചു വരുത്തിയെന്നും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ എല്ലാം വിശദീകരിച്ചെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് സമ്മതിച്ചു. അതില്‍ നിന്നും മുക്തി നേടാന്‍ പ്രൊഫണല്‍ സഹായം തേടണമെന്ന് ഷൈനിനോട് നിര്‍ദ്ദേശിച്ചെന്നും ഫെഫ്കാ ജനറല്‍ സെക്രട്ടറി പറഞ്ഞു.
മലയാള സിനിമ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. പണം മുടക്കാന്‍ നിര്‍മ്മതാക്കളില്ല. നിലവില്‍ 45 ശതമാനത്തോളം നിര്‍മ്മാണം കുറഞ്ഞു. പൂര്‍ണ്ണമായും നിശ്ചലമാകന്‍ പോലും സാധ്യതയുണ്ട്. ഒടിടിയിലെ നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് മലയാളത്തെയാണ്. സിനിമയുടെ പൊതു ചിത്രം പ്രോത്സാഹന ജനകമല്ല. ഇതിനൊപ്പം മയക്കുമരുന്ന് കാര്‍ട്ടലുമായി സിനിമയെ ബന്ധപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ കൂടി എത്തുന്നു. ഈ സാഹചര്യമെല്ലാം ഷൈനിനേയും കുടുംബത്തേയും അറിയിച്ചു. എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് ഷൈനും കുടുംബവും ഫെഫ്കാ ഓഫീസില്‍ നിന്നും പോയതെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു. താര സംഘടനയുടെ ഭാരവാഹികളുമായും വിഷയത്തില്‍ വിശദ ചര്‍ച്ച നടത്തി. അവരെ കൂടി അറിയിച്ചാണ് ഫെഫ്കയിലേക്ക് ഷൈനിനെ വിളിപ്പിച്ചു വരുത്തിയത്. എല്ലാ സംഘടനാ മര്യാധയും പാലിച്ചാണ് ഇടപെട്ടതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിന്‍സി അലോഷ്യല്‍ ഈ വിഷയത്തില്‍ പരാതി നല്‍കുമ്പോള്‍ സിനിമയുടെ പേരോ നടന്റ പേരോ ചര്‍ച്ചയാകരുതെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
നടി വിന്‍ സി ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഉയര്‍ത്തിയ ലഹരി പരാതി ഒത്തുതീര്‍പ്പിലേക്ക് എത്തുകയാണ്. സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിന്‍ സി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയുമാണ് ഒത്തുതീര്‍പ്പായത്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുന്‍പാകെയാണ് പരാതി ഒത്തുതീര്‍പ്പായത്. ഒടുവില്‍ ഇരുവരും കൈകൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുന്‍പാകെ ഹാജരായത്. സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍ സി വ്യക്തമാക്കിയിരുന്നു. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും വിന്‍ സി പറഞ്ഞിരുന്നു. 'സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്കുവേണ്ടത്'- എന്നായിരുന്നു വിന്‍ സി നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഫെഫ്ക ഇടപെടല്‍ നടത്തിയത്. ഇനി പ്രശ്‌നമുണ്ടാക്കരുതെന്ന് ഷൈനിന് താക്കീത് അടക്കം നല്‍കിയതും പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന സന്ദേശമാണ് നല്‍കിയത്.
സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച നടനില്‍നിന്നും മോശം അനുഭവമുണ്ടായി എന്ന് വിന്‍ സി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് വിന്‍ സി ഫിലിം ചേംബറിന് പരാതി നല്‍കുകയായിരുന്നു. ഈ പരാതി പിന്നീട് പുറത്ത് വരികയും ലഹരി ഉപയോഗിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന വിവരം പുറത്ത് വരികയുമായിരുന്നു. പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിന്‍ സി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപെട്ടിരുന്നു. പിന്നീട് തമിഴ്‌നാട്ടിലേയ്ക്ക് കടന്ന ഷൈന്‍ പൊലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പൊലീസ് മണിക്കൂറുകളോളം ഷൈനെ ചോദ്യം ചെയ്യുകയും ലഹരി ഉപയോഗം സംബന്ധിച്ച് പൊലീസ് ഷൈന്റെ വിശദമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഷൈന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. ഇനി ഈ കേസില്‍ തുടര്‍ നടപടിയുണ്ടാകാന്‍ സാധ്യത കുറവാണ്.
അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാ താരങ്ങളുടെ ബന്ധം എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളെന്ന തസ്ലിമയുടെ മൊഴിയില്‍ വ്യക്തത വരുത്താന്‍ ഇന്നും കൂടുതല്‍ ചോദ്യം ചെയ്യും. തസ്ലീമ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. താനും സിനിമാ മേഖലയില്‍ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാല്‍ ഈ കേസുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല എന്നാണ് തസ്ലീമ പറഞ്ഞിരുന്നത്. നേരത്തെ ഇവരുമായി ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് തസ്ലീമ മൊഴി നല്‍കിയിരുന്നത്.