പോലീസോ എക്‌സൈസോ പ്രതിയാക്കിയയാള്‍ ചികിത്സക്കുള്ള താല്‍പര്യം കോടതിയില്‍ അറിയിച്ചാല്‍ ലഹരിക്കേസില്‍ തലയൂരാം; എന്‍ഡിപിഎസ് സെക്ഷന്‍ 39 പ്രകാരം ആനുകൂല്യം; സമാന കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പഴയ കേസുകളിലടക്കം നിയമനടപടി; പൊലീസ് ഗൂഡാലോചന കുറ്റം ചുമത്തിയത് ഷൈന് തിരിച്ചടി; ഹൈബ്രിഡ് കഞ്ചാവുകേസിലും പ്രതിയാകാന്‍ സാധ്യത
ചികിത്സക്ക് വഴങ്ങിയാല്‍ ഷൈന്‍ ടോമിന് ലഹരിക്കേസില്‍ നിന്നും തലയൂരാം
കൊച്ചി: രാസലഹരിക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. എഫ്ഐആര്‍ റദ്ദാക്കാനുളള സാദ്ധ്യത തേടി നടന്‍ അഭിഭാഷകരെ സമീപിച്ചിരുന്നു. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കില്‍ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.
അതേ സമയം ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം എതിരായാല്‍ പൊലീസ് നടപടി കടുപ്പിക്കാനാണ് സാധ്യത. കൂടാതെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുകേസിലും പ്രതിയാകാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വന്നാല്‍ ചികിത്സക്കുള്ള താല്‍പര്യം കോടതിയില്‍ അറിയിച്ച് ലഹരികേസില്‍ നിന്നും നലയൂരാനുള്ള നീക്കമാകും ഷൈന്‍ ടോം ചാക്കോ പിന്നീട് നടത്തുക.
സിനിമയില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമ്പോഴും പുറത്ത് പൊതുവേദികളിലെയും ചാനലുകളിലെയും പ്രകടനം കൊണ്ട് സാധാരണക്കാരുടെ മനസില്‍ അറുവഷളന്‍ ഇമേജ് വളരെ വേഗത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞയാളാണ് ഷൈന്‍. ഇത് ലഹരി കാരണമാണെന്ന് പലരും പലപ്പോഴും സംശയം പറഞ്ഞെങ്കിലും സിനിമയില്‍ അയാള്‍ക്ക് കിട്ടുന്ന സ്വീകാര്യത കൊണ്ട് അതിനെ ഒരുപരിധി വരെ മറികടക്കാന്‍ കഴിഞ്ഞു. പോലീസെടുത്ത പുതിയ കേസോടെ ഇക്കാര്യത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
രാസലഹരി അടക്കം താന്‍ ഉപയോഗിക്കാറുണ്ട് എന്നും ആസക്തി മാറ്റാന്‍ വീട്ടുകാര്‍ ഇടപെട്ട് ലഹരിവിമോചന കേന്ദ്രത്തില്‍ എത്തിച്ചിരുന്നു എന്നും നടന്‍ നല്‍കിയ മൊഴി പുറത്തായതോടെ ഇതുവരെ അയാളെ പിന്തുണച്ചവര്‍ക്കും പഴയതുപോലെ കാര്യങ്ങള്‍ എളുപ്പമാകില്ല. ഈ സാഹചര്യത്തിലാണ് ചികിത്സക്ക് വിധേയനായി 'നല്ല പിള്ള'യാകുക എന്ന മാര്‍ഗം ഷൈനിന് മുന്നില്‍ വരുന്നത്. ഇമേജിന് മാത്രമല്ല, ആത്മാര്‍ത്ഥമായി സഹകരിച്ചാല്‍ കേസില്‍ നിന്ന് ഒഴിവാകാനും ഇത് ഉപകരിക്കും എന്നതാണ് വാസ്തവം.
എന്‍ഡിപിഎസ് ആക്ട് (Narcotic Drugs and Psycotropic Substance Act) സെക്ഷന്‍ 27A പ്രകാരമുള്ള (ലഹരി ഉപയോഗിച്ചുവെന്ന കുറ്റം മാത്രം) കേസില്‍ പ്രതിയാകുന്ന ഒരാള്‍ക്ക് ലഹരിയുടെ ആസക്തിയില്‍ നിന്ന് ഒഴിവാകണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെന്ന് അറിയിച്ചാല്‍, അന്വേഷണ സംഘം തന്നെ ചികിത്സക്ക് റഫര്‍ ചെയ്യും. ഇതോടെ നിയമനടപടി ഒഴിവാക്കി നിര്‍ത്തും. എന്‍ഡിപിഎസ് സെക്ഷന്‍ 64A പ്രകാരമാണ് ഈ പരിരക്ഷ നല്‍കുന്നത്. ചെറിയ അളവില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക.
പോലീസോ എക്‌സൈസോ പ്രതിയാക്കിയ ഒരാള്‍ ചികിത്സക്കുള്ള താല്‍പര്യം കോടതിയില്‍ അറിയിച്ചാല്‍ എന്‍ഡിപിഎസ് സെക്ഷന്‍ 39 പ്രകാരവും ഈ ആനുകൂല്യം നേടാം. അതേസമയം ചികിത്സ പൂര്‍ത്തിയാക്കാതെ പോകുകയോ, ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും സമാന കുറ്റത്തിന് പിടിക്കപ്പെടുകയോ ചെയ്താല്‍ വീണ്ടും നിയമനടപടി നേരിടേണ്ടിവരും. ചികിത്സാ താല്‍പര്യം അറിയിച്ച് കേസ് നടപടി ഒഴിവാക്കിയെടുത്ത പഴയ കേസിലെല്ലാം വീണ്ടും പ്രതിയായി നടപടി നേരിടേണ്ടിവരും.
അതേസമയം ഷൈന്‍ ടോം ചാക്കോ പുതുതായി പ്രതിയായ കേസില്‍ ലഹരി ഉപയോഗത്തിനുള്ള കുറ്റത്തിന് (സെക്ഷന്‍ 27A) പുറമെ ലഹരിക്കായി ഗൂഡാലോചന നടത്തിയെന്ന (സെക്ഷന്‍ 29A) കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. സെക്ഷന്‍ 64A പ്രകാരമുള്ള ഇളവിന് ഇത് തടസമാണ്. എന്നാല്‍ ഈ കേസില്‍ ഷൈനിനെതിരെ ഗൂഡാലോചനാ കുറ്റം നിലനില്‍ക്കാന്‍ ഒരു സാധ്യതയുമില്ല എന്നത് കോടതിയെ ബോധ്യപ്പെടുത്തി, ചികിത്സക്കുള്ള താല്‍പര്യം അറിയിച്ച് ഇളവ് നേടിയെടുക്കാന്‍ ശ്രമിക്കാവുന്നതാണ്.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുകേസിലും പ്രതിയാകാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താല്‍, ഇതാണ് ഷൈനിന് മുന്നിലുള്ള സുരക്ഷിതമായ പോംവഴി. ആ കേസിലും ലഹരി ഉപയോഗിച്ചു എന്ന കുറ്റമാണ് വരാന്‍ സാധ്യത. അതിലും സെക്ഷന്‍ 64Aയുടെ പരിരക്ഷ ഉപയോഗിച്ച് ചികിത്സക്ക് വഴങ്ങി ഇളവുനേടാന്‍ കഴിയും. പ്രത്യേകിച്ച് ഷൈനിന് ചികിത്സ നല്‍കാന്‍ വീട്ടുകാര്‍ ശ്രമം തുടങ്ങിയ സാഹചര്യത്തില്‍. അതേസമയം വീണ്ടും കേസില്‍പെടാതിരിക്കാന്‍ തികഞ്ഞ ജാഗ്രത ആവശ്യമാണ് താനും.
സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമെന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി നല്‍കിയത്. പ്രമുഖരായ പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പഴി മുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രമാണെന്നാണ് അന്വേഷക സംഘത്തിനോട് ഷൈന്‍ പറഞ്ഞത്. എറണാകുളം സെന്‍ട്രല്‍ എസിപി സി ജയകുമാര്‍, എറണാകുളം എസിപി പി രാജ്കുമാര്‍, നര്‍കോട്ടിക് സെല്‍ എസിപി കെ എ അബ്ദുള്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ നാലര മണിക്കൂറാണ് നടനെ ചോദ്യംചെയ്തത്.
മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക വിവരം അന്വേഷിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി ബാങ്ക് രേഖകള്‍ വിശദമായി പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് നോര്‍ത്ത് പൊലീസ്. ഒരുമാസത്തിനിടയിലെ ഫോണ്‍വിളികളുടെ വിവരങ്ങളും ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ആഴ്ച ഷൈനിനെ വീണ്ടും ചോദ്യംചെയ്യും.
ലഹരി പരിശോധനയ്ക്കിടെ ബുധന്‍ രാത്രി 11 ഓടെ എറണാകുളം നോര്‍ത്തിലെ പിജിഎസ് വേദാന്ത ഹോട്ടലിലെ മൂന്നാംനിലയിലെ മുറിയില്‍നിന്ന് ചാടി രക്ഷപ്പെട്ട ഷൈനിനെ അറസ്റ്റ് ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചതിനും ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതിനും ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്.
മയക്കുമരുന്ന് ഉപയോഗിച്ചോ എന്ന് കണ്ടെത്താന്‍ നഖം, മുടി, മൂത്രം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍നിന്ന് ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരുമാസമെടുക്കും.