ജാമ്യംനിന്നത് അച്ഛനും അമ്മയും; ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു; ഒന്നും മിണ്ടാതെ സുഹൃത്തുക്കള്‍ക്കൊപ്പം അതിവേഗം കാറില്‍ മടക്കം; 22ന് വീണ്ടും ചോദ്യംചെയ്യല്‍; ആന്റി ഡോപ്പിംഗ് ടെസ്റ്റിന്റെ ഫലം നിര്‍ണായകം
ജാമ്യംനിന്നത് അച്ഛനും അമ്മയും; ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു
കൊച്ചി: ലഹരി ഉപയോഗിച്ചതിനും ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതിനുമുള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. സ്റ്റേഷന്‍ ജാമ്യത്തിലാണ് നടനെ പോലീസ് വിട്ടയച്ചത്. ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഷൈന്‍ ടോം ചാക്കോ എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍നിന്ന് മടങ്ങി. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിങ്കളാഴ്ച തന്നെ ഹാജരാകാമെന്ന് നടന്‍ അറിയിച്ചു. അതിനാല്‍, തിങ്കളാഴ്ച നടനെ വീണ്ടും ചോദ്യംചെയ്‌തേക്കും. ആന്റി ഡോപ്പിംഗ് ടെസ്റ്റിന്റെ ഫലമാണ് ഇനി നിര്‍ണായകം.
അച്ഛന്റെയും അമ്മയുടെയും ജാമ്യത്തിലാണ് ഷൈന്‍ ടോം ചാക്കോയെ പോലീസ് വിട്ടയത്. മാതാപിതാക്കളാണ് നടന് ജാമ്യക്കാരായതെങ്കിലും സഹോദരനും സുഹൃത്തുക്കളും അഭിഭാഷകരും സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം, ജാമ്യത്തിലിറങ്ങിയ ഷൈന്‍ ടോം ചാക്കോ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നില്ല തിരികെപ്പോയത്. സുഹൃത്തുക്കള്‍ക്കും അഭിഭാഷകര്‍ക്കും ഒപ്പമാണ് അദ്ദേഹം സ്റ്റേഷനില്‍നിന്ന് മടങ്ങിയത്.
എന്‍ഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈന്‍ തെളിവ് നല്‍കാതിരിക്കാന്‍ രക്ഷപ്പെട്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നു ഉത്തമ വിശ്വാസം വന്നു.
മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുര്‍ഷിദ് എന്നയാളുമായി ഹോട്ടല്‍ മുറിയില്‍ എത്തിയത് എന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തി. കേസില്‍ പ്രതി ചേര്‍ത്തതായും പൊലീസ് അറിയിച്ചു. ഇന്ന് ഷൈന്റെ ഒപ്പമിരുത്തി മുര്‍ഷിദിനെ ചോദ്യം ചെയ്തു. ഷൈന്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഏപ്രില്‍ 22ന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തനിക്ക് 22ന് കൂടുതല്‍ സൗകര്യം എന്നും അന്ന് വരുമെന്നും ഷൈന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു,
ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈന്‍ അതിവേഗം കാറില്‍ കയറി മടങ്ങുകയായിരുന്നു. ഷൈനെതിരെയുള്ള കേസ് മലയാള സിനിമ മേഖലയിലേക്ക് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് വഴി തുറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഷൈന്‍ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ തുടര്‍ നീക്കങ്ങളാകും ഇത് തീരുമാനിക്കുക. അതേസമയം, വിന്‍സിയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്നതാണെന്നുമാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്. വിന്‍സി കുടുംബ സുഹൃത്താണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. താന്‍ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കില്‍ വിളിച്ചു ചോദിക്കുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റില്‍ താന്‍ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈന്‍ മൊഴി നല്‍കി.
ആലപ്പുഴയില്‍ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈന്‍ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈന്‍ തുറന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷന്‍ സെന്ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാല്‍ താന്‍ അവിടെ നിന്ന് പാതിവഴിയില്‍ ചികിത്സ നിര്‍ത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു. ഷൈന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്റെ ഫോണ്‍ കോളുകളും നിര്‍ണായകമായി.
കൊച്ചിയിലെ ഹോട്ടലില്‍ പോലീസ് ഡാന്‍സാഫ് ടീമിന്റെ പരിശോധനയ്ക്കിടെ മുറിയില്‍നിന്ന് ചാടിയോടിയതോടെയാണ് ഷൈന്‍ ടോം ചാക്കോയ്ക്കെതിരേ അന്വേഷണമുണ്ടായത്. തുടര്‍ന്ന് കേരളം വിട്ട ഷൈന്‍ ടോം ചാക്കോയോട് ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. ഇതനുസരിച്ച് ചോദ്യംചെയ്യലിന് ഹാജരായ ഷൈന്‍ ടോം ചാക്കോയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍ഡിപിഎസ് ആക്ടിലെ 27,29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം കണ്ടെത്താനായി നടന്റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകളെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു.
അതിനിടെ, ഷൈന്‍ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരനായ സജീറുമായുള്ള ബന്ധവും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ ചോദ്യംചെയ്യലില്‍ സമ്മതിച്ചെങ്കിലും പോലീസ് പരിശോധനയ്ക്ക് വന്നദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി.