ഈ കുഞ്ഞുലോറി മകനേ നിനക്ക് വേണ്ടി! അര്‍ജുന്റെ ലോറിയുടെ ക്യാബിനില്‍ നിന്ന് കുട്ടിക്കായി വാങ്ങിയ കളിപ്പാട്ടവും; ഫോണും വസ്ത്രങ്ങളും, വാച്ചും പാത്രങ്ങളും; നൊമ്പര കാഴ്ചയായി അവസാനം ഉപയോഗിച്ച വസ്തുക്കള്‍; എല്ലാം വീട്ടിലേക്ക് കൊണ്ടുപോകാന്‍ കുടുംബം

അര്‍ജുന്റെ ലോറിയുടെ ക്യാബിനില്‍ മകനായി വാങ്ങിയ കളിപ്പാട്ടവും

Update: 2024-09-26 07:33 GMT

ഷിരൂര്‍: ഗംഗാവലിപ്പുഴയില്‍ നിന്ന് ഇന്നുരാവിലെ അര്‍ജുന്റെ ലോറി പൂര്‍ണമായി കരയ്ക്ക് എത്തിച്ചപ്പോള്‍ കണ്ടത് നൊമ്പരപ്പെടുത്തുന്ന കാഴ്ചകള്‍. അര്‍ജുന്റെ ബാഗ്, വസ്ത്രങ്ങള്‍, രണ്ട് ഫോണുകള്‍, ഭക്ഷ്യ വസ്തുക്കള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതിനൊപ്പം മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്.

മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. ഇത്തരം കുഞ്ഞുകളിപ്പാട്ടങ്ങളാണ് അര്‍ജുന്‍ മകന് വാങ്ങിക്കൊടുത്തിരുന്നത്. ലോറി ഇന്ന് പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് അര്‍ജുന്‍ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.

ലോറിയുടെ ക്യാബിനില്‍ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ലോറി പൊളിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ലോറിയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തത് എന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍ അറിയിച്ചിരുന്നു.

അര്‍ജുന്‍ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ലഭിക്കുകയാണെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നതായി അധികൃതരെ അറിയിച്ചതായി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞിരുന്നു. അര്‍ജുന്റെ ഭാര്യ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ലോറി കരക്കെത്തിച്ച സമയത്ത് ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. കാബിന്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അര്‍ജുന്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തിയത്.

കാര്‍വാര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഡിഎന്‍എ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം. ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. മംഗളൂരു എഫ്എസ്എല്‍ ലാബിലാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഡിഎന്‍എ പരിശോധനാ ഫലം വന്നശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുമെന്നു ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയയും അറിയിച്ചു.

അര്‍ജുന്റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കുമെന്നാണ് സൂചന. മൃതദേഹത്തെ കര്‍ണാടക പൊലീസും അനുഗമിക്കും. പൊലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. മൃതദേഹം എങ്ങനെ കൊണ്ടുപോകണം എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.

ജൂലായ് 15ന് ബെല്‍ഗാമില്‍ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരുന്ന വഴിയിലാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്. 16ന് കാണാതായി. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ആഗസ്റ്റ് 16ന് ഷിരൂരിലെ തിരച്ചില്‍ അവസാനിപ്പിച്ചു.അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചതിനു പിന്നാലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ഇതോടെയാണ് ഷിരൂരില്‍ ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ നടത്തിയത്.

Tags:    

Similar News