മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഡ്രഡ്ജര്‍ രാവിലെയോടെ എത്തും; ഉറപ്പിക്കാന്‍ വേണ്ടത് അഞ്ച് മണിക്കൂര്‍ സമയം; പുഴയുടെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി പരിശോധന; അര്‍ജുനായുള്ള തിരച്ചിലില്‍ ഷിരൂരില്‍ ഇന്ന് നിര്‍ണായക ദിനം

അര്‍ജുനായുള്ള തിരച്ചിലില്‍ ഷിരൂരില്‍ ഇന്ന് നിര്‍ണായക ദിനം

Update: 2024-09-20 01:40 GMT

കാര്‍വാര്‍: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് വീണ്ടും തുടങ്ങിയേക്കും. ഇന്ന് രാവിലെ എട്ട് മണിയോടെ ഡ്രഡ്ജര്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് എത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്‌ശേഷം ഈ ഡ്രഡ്ജര്‍ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാന്‍ 4-5 മണിക്കൂര്‍ വേണ്ടി വരും.

നാവികസേനയുടെ ഡൈവര്‍മാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കുമെന്നാണ് വിവരങ്ങള്‍. ഇതോടെ ഇന്ന് ഷിരൂര്‍ ദൗത്യത്തില്‍ നിര്‍ണായക ദിനമായി മാറുകയാണ്. അതിന് ശേഷം ആകും പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിര്‍ദേശം കൂടി കണക്കിലെടുത്ത് ജില്ലാ ഭരണകൂടം തുടര്‍നടപടി നിശ്ചയിക്കുക.

ഇതിനിടെ ഡ്രഡ്ജര്‍ ബോട്ട് ഇന്നലെ രാത്രി ഗംഗാവലിയിലെ രണ്ടാമത്തെ റെയില്‍ പാലം കടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. രാത്രി ആയതിനാല്‍ പാലത്തിന്റെ വശങ്ങള്‍ അടക്കം കൃത്യമായി കാണുന്നതിന് തടസം ഉണ്ടായിരുന്നു. ഇതോടെ അപകടം ഒഴിവാക്കാന്‍ രാത്രി കൊണ്ട് വരേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം ഡ്രഡ്ജിംഗ് കമ്പനിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് വളരെ കുറവാണ്. ഇന്നലെ നാവികസേന നടത്തിയ പരിശോധനയില്‍ പുഴയുടെ ഒഴുക്ക് ഒരു നോട്ട് മാത്രമാണ്. ഡൈവര്‍മാര്‍ക്ക് ഇറങ്ങി മുങ്ങാന്‍ കഴിയുന്ന ഒഴുക്കാണ് ഇത്

നാവികസേന നടത്തിയ സോണാര്‍ സിഗ്‌നലുകള്‍ വിലയിരുത്തി ഇന്ന് ജില്ലാ ഭരണകൂടത്തിന് വിവരം കൈമാറും. സിപി 4 എന്ന് നാവികസേന മാര്‍ക്ക് ചെയ്ത പുഴയുടെ മധ്യഭാഗത്ത് തുരുത്തിന് സമീപം ആകും ആദ്യം തെരയുക. അവിടത്തെ നദിയുടെ അടിത്തട്ടിന്റെ സ്ഥിതി ആണ് സോണാര്‍ പ്രധാനമായും വെച്ച് പരിശോധിച്ചത്.

പുഴയുടെ അടിത്തട്ടില്‍ വലിയ തടസം ഉണ്ടാവാം എന്നാണ് വിലയിരുത്തല്‍. നേരത്തെ ഉണ്ടായിരുന്നതില്‍ നിന്ന് പുഴയുടെ അടിത്തട്ടില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. ഇടക്കാലത്ത് ശക്തമായ മഴ ഗംഗാവലിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്തിരുന്നതിനാല്‍ മരങ്ങളും മണ്ണും അടക്കം ഒഴുകി വന്നിരിക്കുമെന്നും വിലയിരുത്തലുണ്ട്. ഈ ഭാഗത്തെ തെരച്ചിലിന് ഇങ്ങനെ വന്നടിഞ്ഞ തടസം നീക്കുന്നതാകും ആദ്യപ്രവൃത്തി.

Tags:    

Similar News