ആദ്യം എത്തിയത് ഗവര്‍ണര്‍; പിന്നാലെ മന്ത്രി; ചായ സല്‍ക്കാരത്തില്‍ ഗവര്‍ണര്‍ക്ക് പപ്പായ നിറഞ്ഞ പ്ലേറ്റ് നീട്ടി നയതന്ത്ര തുടക്കം; വേദിയിലേക്കുള്ള യാത്രയ്ക്ക് ഗവര്‍ണറുടെ കാറിലേക്ക് മന്ത്രി എത്തിയതു കണ്ട് എല്ലാവരും ഞെട്ടി! ഗവര്‍ണറെ യാത്ര അയക്കാനും മന്ത്രിയുടെ സാന്നിധ്യം; ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ 'ക്ലാസിക് നയതന്ത്രവുമാായി' മന്ത്രിയപ്പൂപ്പന്‍; അര്‍ലേക്കറെ ശിവന്‍കുട്ടി കീഴടക്കിയ കഥ
തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും നല്ല സൗഹൃദ വഴിയിലേക്ക്. ഭാരതാംബചിത്ര വിവാദത്തില്‍ പ്രതിഷേധിച്ച് ലോക്ഭവനില്‍ നടന്ന പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി ശിവന്‍കുട്ടി വേദി വിട്ടത് വിവാദമായിരുന്നു. പിന്നീട് ഓണാഘോഷ റാലി ഫ്‌ളാഗ്ഓഫ് ചെയ്യാന്‍ മന്ത്രി നേരിട്ടെത്തി ഗവര്‍ണറെ ക്ഷണിച്ച് മഞ്ഞുരുക്കിയിരുന്നു. സ്‌കൂള്‍ കായികമേളയുടെ സമാപനത്തില്‍ ഗവര്‍ണറെ പങ്കെടുപ്പിച്ചതും അകല്‍ച്ച കുറച്ചു. ഇപ്പോള്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ നയതന്ത്രത്തില്‍ എല്ലാം സൗഹൃദത്തിലേക്ക് വഴിമാറുകയാണ്.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള നിയമയുദ്ധം തുടരുന്നതിനിടെ സൗഹൃദം പങ്കിട്ട് പുതിയ സന്ദേശം നല്‍കുകയാണ് ഗവര്‍ണ്ണറും മന്ത്രിയും. ഒരേ പാത്രത്തില്‍ ഭക്ഷണം കഴിച്ച് ഒരേ കാറില്‍ സഞ്ചരിച്ചായിരുന്നു മന്ത്രിയുടെയും ഗവര്‍ണറുടെയും സൗഹൃദം പങ്കിടല്‍. കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിലായിരുന്നു ഈ കാഴ്ചകള്‍. പരിപാടിയ്ക്ക് ആദ്യം ഗവര്‍ണറും പിന്നാലെ മന്ത്രിയും സ്‌കൂളിലെത്തി. ചടങ്ങിനു മുന്‍പായി സ്‌കൂളില്‍ ഒരുക്കിയിരുന്ന ചായസത്കാരത്തില്‍ ഇരുവരും പങ്കെടുത്തു. അടുത്തടുത്തായിരുന്നു ഇരിപ്പിടം. പപ്പായ നിറഞ്ഞ പ്ലേറ്റ് മന്ത്രി ഗവര്‍ണര്‍ക്കു നേരേ നീട്ടി. ഗവര്‍ണര്‍ ചിരിച്ചുകൊണ്ട് മന്ത്രി നീട്ടിയ പപ്പായ സ്വീകരിച്ചു. പിന്നെ സംസാരം. അതിന് ശേഷം വേജിയിലേക്കുള്ള ഒരുമിച്ച് യാത്ര.
വേദിയിലേക്കുള്ള ദൂരം തന്റെ കാറില്‍ പോകാമെന്ന ക്ഷണം ഗവര്‍ണര്‍ മുന്നോട്ടുെവച്ചു. മന്ത്രി ഗവര്‍ണറുടെ കാറില്‍ കയറി. ആഘോഷവേദിയില്‍ ഗവര്‍ണറുടെ കാര്‍ വന്നുനിന്നപ്പോള്‍ ആരും പ്രതീക്ഷിക്കാതെയായിരുന്നു കാറില്‍നിന്നുള്ള മന്ത്രിയുടെ എന്‍ട്രി. കാറിലും ചര്‍ച്ചകള്‍ നടന്നു. പരിപാടി കഴിഞ്ഞ് ഗവര്‍ണര്‍ ഇറങ്ങുമ്പോഴും ഒപ്പമെത്തി മന്ത്രി യാത്രയാക്കി. കഴിഞ്ഞ ദിവസം മന്ത്രി പി രാജീവും ബിന്ദുവും ലോക്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിരുന്നു. വിസി നിയമനത്തില്‍ സമവായത്തിന് വേണ്ടിയായിരുന്നു ഇത്. പക്ഷേ ഗവര്‍ണര്‍ അയഞ്ഞില്ല. ആ തീരുമാനം ഇനി സുപ്രീംകോടതി എടുക്കും. ഇത് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് മന്ത്രി ശിവന്‍കുട്ടിയുടെ പപ്പായ നയതന്ത്രം. പൊതു വിദ്യാഭ്യാസമന്ത്രിയെ മന്ത്രിയപ്പൂപ്പന്‍ എന്നാണ് ഏവരും വിളിക്കുന്നത്. കുട്ടികളെ സ്‌നേഹത്തോടെ പരിലാളിക്കുന്ന അതേ മന്ത്രി ഗവര്‍ണറേയും കീഴടക്കുന്നു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് അപ്പുറത്തേക്ക് രാഷ്ട്രീയ വ്യക്തി സൗഹൃദം വളരേണ്ടതിന്റെ സന്ദേശമാണ് മന്ത്രി ഇതിലൂടെ നല്‍കുന്നത്.
സംസ്ഥാനത്തെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ നിശിതമായ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍, ആ സ്ഥാനത്ത് തുടരാന്‍ താന്‍ യോഗ്യനാണോ എന്ന കാര്യം ഗവര്‍ണര്‍ സ്വയം പരിശോധിക്കണമെന്ന് വി ശിവന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണ്ണര്‍ക്കെതിരെ ഏറ്റവും ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത് ശിവന്‍കുട്ടിയാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്, അവര്‍ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ അനാവശ്യമായ നിയമയുദ്ധം നടത്തണോ എന്ന കാര്യം ഗവര്‍ണര്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയെ എല്ലാ കക്ഷികളുടെയും സമ്മതത്തോടെയാണ് നിയമിച്ചതെന്ന് കോടതി തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് ധൂലിയ നല്‍കിയ റിപ്പോര്‍ട്ട് വെറുമൊരു 'കടലാസുകഷണമല്ല' എന്നും സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജഡ്ജി നല്‍കിയ ഗൗരവകരമായ ശുപാര്‍ശയാണെന്ന് ഓര്‍ക്കണമെന്നും കോടതി ഗവര്‍ണറെ ഓര്‍മിപ്പിച്ചത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ശിവന്‍ കുട്ടി പറഞ്ഞിരുന്നു.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തിന് മുഖ്യമന്ത്രി മുന്‍ഗണന നിശ്ചയിച്ച് പാനല്‍ കൈമാറി. എന്നിട്ടും നിയമനം നടത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന് വീണ്ടും സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. നടപടികളുടെ രേഖകള്‍ ലഭിച്ചില്ലെന്ന ഗവര്‍ണറുടെ അഭിഭാഷകന്റെ വാദം വിചിത്രമാണ്. മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട് ലഭിച്ചെന്നും എന്നാല്‍ അനുബന്ധ രേഖകള്‍ കിട്ടിയില്ലെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ മുഴുവന്‍ രേഖകളും കൃത്യമായി കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാതെ, നിയമനം വൈകിപ്പിക്കുന്ന നിലപാട് തിരുത്താന്‍ ഗവര്‍ണര്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു ഗവര്‍ണ്ണര്‍ക്കെതിരായ കടന്നാക്രമണം.
