'തുംബര്‍ഗ് ഒരു വട്ട് കേസ്; 'അവള്‍ക്ക് ദേഷ്യം അടക്കിപ്പിടിക്കാന്‍ കഴിയുന്നില്ല; എത്രയും വേഗം ഡോക്ടറെ കാണിക്കണം; നിങ്ങള്‍ക്കവളെ കൊണ്ടുപോകാം'; ഫ്‌ലോട്ടില ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ വിട്ടയച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ്

'തുംബര്‍ഗ് ഒരു വട്ട് കേസ്; 'അവള്‍ക്ക് ദേഷ്യം അടക്കിപ്പിടിക്കാന്‍ കഴിയുന്നില്ല

Update: 2025-10-07 12:12 GMT

വാഷിംഗ്ടണ്‍: ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച സുമൂദ് ഫ്‌ലോട്ടിലയ്ക്ക് നേതൃത്വം നല്‍കിയ സ്വീഡിഷ് ആക്ടിവിസ്റ്റായ ഗ്രേറ്റ തുംബര്‍ഗിനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുംബര്‍ഗിന് അനിയന്ത്രിതമായ ദേഷ്യമാണെന്നും എത്രയും വേഗം അവളുടെ മാനസികാരോഗ്യം പരിശോധിക്കണമെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം.

ഫ്‌ലോട്ടിലയിലുണ്ടായിരുന്ന ഗ്രേറ്റ തുംബര്‍ഗമടക്കമുള്ള 170 ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. 'അവള്‍ക്ക് ദേഷ്യം അടക്കിപ്പിടിക്കാന്‍ കഴിയുന്നില്ല. ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കുമെന്നാണ് തോന്നുന്നത്. ഇത്രയും കോപിഷ്ഠയായ മറ്റൊരു ചെറുപ്പക്കാരിയെ നിങ്ങള്‍ക്കെവിടെയും കാണാന്‍ കഴിയില്ല, പ്രശനക്കാരിയാണ്. നിങ്ങള്‍ക്കവളെ കൊണ്ടുപോകാം.'ട്രംപ് പരിഹസിച്ചു.

ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച ഫ്‌ലോട്ടിലയില്‍ നിന്ന് തുന്‍ബര്‍ഗമടക്കമുള്ള 450 ആക്ടിവിസ്റ്റുകളെ കഴിഞ്ഞ ആഴ്ചയാണ് ഇസ്രായേല്‍ പിടികൂടിയത്. ആഗസ്റ്റ് 31ന് സ്‌പെയിനിലെ വിവിധ തുറമുഖങ്ങള്‍, തുനീഷ്യ തലസ്ഥാനമായ തൂനിസ്, ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളില്‍നിന്നായി പുറപ്പെട്ട 44 ചെറുകപ്പലുകളാണ് ഇസ്രായേല്‍ പിടികൂടിയത്. കപ്പലില്‍ 40ലധികം രാജ്യങ്ങളില്‍ നിന്നായി 500ഓളം ആക്ടിവിസ്റ്റുകളാണ് ഉണ്ടായിരുന്നത്.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്, ഫ്രാന്‍സില്‍ നിന്നുള്ള യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്‌സലോണ മേയര്‍ അഡാ കോലോവ് തുടങ്ങിയവരുണ്ട്. തുര്‍ക്കിയുടെ നാല് പാര്‍ലമെന്റ് അംഗങ്ങളും സംഘത്തിലുണ്ട്. പിടികൂടിയ ആക്ടിവിസ്റ്റുകളെ അവരുടെ തിരിച്ചടക്കുകയാണ് ഉണ്ടായത്.

അതേസമയം ഇസ്രായേലിന്റെ വംശഹത്യയ്‌ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം വ്യാപകമായതോടെ ട്രംപ് അവതരിപ്പിച്ച ഇരുപതിന പദ്ധതികളോട് ഇരുകൂട്ടരും പോസിറ്റീവായാണ് ആദ്യഘട്ടത്തില്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഗസ്സയിലുടനീളം ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News