അപേക്ഷിക്കുന്നവര്‍ക്കെല്ലാം പെന്‍ഷന്‍; യോഗ്യതയില്ലെന്ന് കണ്ടിട്ടും പണം പറ്റിയവര്‍ നിരവധി; ആഢംബരക്കാറും ബംഗ്ലാവും ഉള്ളവരും പെന്‍ഷന്‍ വാങ്ങുന്നു; സര്‍ക്കാര്‍ ജോലിയിലിരിക്കവേ പെന്‍ഷന്‍ വാങ്ങിയവരില്‍ നിന്നും എത്രതുക തിരിച്ചു പിടിച്ചു എന്നതിനും കണക്കില്ല; സാമൂഹ്യക്ഷേമ പെന്‍ഷനെ തോന്നിയ പടിയാക്കി സിപിഎം

സാമൂഹ്യക്ഷേമ പെന്‍ഷനെ തോന്നിയ പടിയാക്കി സിപിഎം

Update: 2024-11-29 09:16 GMT

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണത്തിലലെ തട്ടിപ്പുകള്‍ പുരത്തുവന്നതാണ് ഏതാനും ദിവസമായി കേരളം ചര്‍ച്ച ചെയ്യുന്ന വിഷയം. 1458 ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷനില്‍ കൈയിട്ടു വാരുന്നതിന്റെ പട്ടിക ധനകാര്യ വകുപ്പാണ് കണ്ടെത്തിയത് എന്നാണ് മന്ത്രിയുടെയും സര്‍ക്കാറിന്റെയും അവകാശവാദം. എന്നാല്‍ അനര്‍ഹരായവര്‍ പെന്‍ഷന്‍ വാങ്ങുന്നത് സംബന്ധിച്ച വിവരങ്ങള്‍ മുമ്പേ പുറത്തുവന്നിട്ടുണ്ട്. എന്നട്ടും ഇതില്‍ കാര്യമായ ഇടപെടല്‍ നടത്താതെ ഇപ്പോഴാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്.

2020ല്‍ തന്നെ ക്ഷേമപെന്‍ഷനിലെ തട്ടിപ്പുകണക്കുകള്‍ പുറത്തുവന്നിരുന്നു. അനര്‍ഹര്‍ പണം വാങ്ങുന്നു എന്നാണ് അന്നത്തെ കണ്ടെത്തല്‍. സഇതില്‍ സര്‍ക്കാര്‍ അന്ന് എത്രകണ്ട് നടപടി എടുത്തുഎന്നത് ഇപ്പോഴും വ്യക്തമാണ്. ഇപ്പോഴത്തെ നടപടികളെല്ലാം തന്നെ സര്‍ക്കാറിന്റെ കണ്ണില്‍പൊടിയിടല്‍ തന്ത്രമാണെന്ന് വ്യക്തമാണ്. പെന്‍ഷന്‍ വിഷയത്തില്‍ അടിത്തട്ടില്‍ അന്വേഷണം നടത്തിയാല്‍ അത് എത്തിച്ചേരുക സിപിഎം അനുഭാവി സംഘടനിയെ ഉദ്യേഗസ്ഥരിലേക്കും പ്രദേശിക നേതാക്കളിലേക്കുമാണ് എന്നത് വ്യക്തമാണ്.

62 ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നുണ്ട് എന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍. പെന്‍ഷന്‍ കൊടുക്കുന്നതിനായി രൂപീകരിച്ച വെബ്‌സൈറ്റിലെ വിവരങ്ങളില്‍ ഇത് 50 ലക്ഷത്തോളമാണ്. 23 ലക്ഷത്തോളം പേര്‍ക്ക് നേരിട്ട് പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നു. ഇത് കൂടാതെ 26 ലക്ഷത്തിലേറെ പേരാണ് ബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഇതോടെ തന്നെ സര്‍ക്കാര്‍ പറയുന്ന 62 ലക്ഷത്തിന്റെ കണക്കില്‍ പെട്ടവര്‍ എവിടെയെന്ന ചോദ്യം ഉയരും.

പലപ്പോഴും കാര്‍ഷിക സഹകരണ ബാങ്കുകള്‍ വഴി സിപിഎമ്മുകാര്‍ക്ക് തന്നെയാണ് വീട്ടില്‍ പണം എത്തിക്കുന്ന ചുമതലയും. 25 രൂപ മുടക്കിയാണ് വീട്ടിലെത്തി പെന്‍ഷന്‍ പണം കൈമാറുന്നത്. എന്നാല്‍, ഇതില്‍ എത്രപേര്‍ക്ക് പണം നേരിട്ട് ലഭ്യമാക്കുന്നുണ്ട് എന്നതും പരിശോധിക്കേണ്ടതാണ്. പലര്‍ക്കും പെന്‍ഷന്‍ കിട്ടാതിരിക്കുന്നത്. താഴെത്താട്ടില്‍ ആളുകള്‍ സ്വന്തം പോക്കറ്റിലേക്ക് ഇടുമ്പോഴാണെന്ന ആക്ഷേപം ശക്തമാണ്. പെന്‍ഷന്‍ വിതരണത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലെന്ന ആക്ഷേപം നേരത്തെ സിഎജി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെന്‍ഷന് അപേക്ഷ നല്‍കുന്നതിന് അത് വേരിഫൈ ചെയ്യുന്നതിനും മുമ്പ് പണം അനുവദിക്കപ്പെട്ട സംഭവങ്ങളുണ്ട്. കൃത്യമായ അപേക്ഷാ ഫോം ഉപയോഗിക്കാതെയുമാണ് പലപ്പോഴും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. 2022ലെ സി.എ.ജിയുടെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 9,201ജീവനക്കാരും പെന്‍ഷന്‍കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായും 39. 27കോടി നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയിരുന്നു

ഗുണഭോക്താക്കളെ ചേര്‍ക്കുന്നതു മുതല്‍ പെന്‍ഷനുകളുടെ വിതരണം വരെയുള്ള ഘട്ടത്തില്‍ വീഴ്ചയുണ്ടായതായും സിഎജി കണ്ടെത്തിയിട്ടുണ്ട്. 2017-18 മുതല്‍ 2020-21 വരെ സംസ്ഥാനത്തെ 47.97 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 29,622.67 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ പെന്‍ഷനായി അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും അശ്രദ്ധയുണ്ടായെന്ന് സിഎജി അന്ന് വ്യക്തമാക്കിയതാണ്. ഒരേ ഗുണഭോക്താക്കള്‍ക്ക് 2 വ്യത്യസ്ത പെന്‍ഷനുകള്‍ അനുവദിക്കുന്ന സാഹചര്യവും ഉണ്ടായി. സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെയും പെന്‍ഷന്‍ അനുവദിച്ചു. ഗുണഭോക്തൃ സര്‍വേയില്‍ 20 ശതമാനം അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു.


Full View

പെന്‍ഷന്‍ സ്‌കീമുകളുടെ നടത്തിപ്പുകാരായ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് അക്കൗണ്ടുകള്‍ ശരിയായി പാലിക്കുന്നില്ലെന്നും സ്ഥാപനത്തിന്റെ നടത്തിപ്പില്‍ സുതാര്യതയില്ലെന്നും സിഎജി അറിയിച്ചിരുന്നു. ഒരു പെന്‍ഷന്‍ ഒരു ഗുണഭോക്താവിന് ഒന്നിലധികം തവണ വിതരണം ചെയ്തതായും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പെന്‍ഷന്‍ സോഫ്റ്റ്‌വെയര്‍ നവീകരിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല.

കേന്ദ്ര സര്‍ക്കാരില്‍നിന്നോ സംസ്ഥാന സര്‍ക്കാരില്‍നിന്നോ ശമ്പളം, പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരില്‍നിന്നോ പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നോ പെന്‍ഷന്‍ പറ്റിയവര്‍ക്കോ, പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ക്കോ സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹതയില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നും സര്‍ക്കാരിനു കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും സിഎജി വ്യക്തമാക്കുകയുണ്ടായി. 2000 മുതല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റുന്നുണ്ടെന്നും കോടികളുടെ സാമ്പത്തികബാധ്യത ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും 2022ലെ റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ യാതൊരു തരത്തിലുള്ള അന്വേഷണമോ അച്ചടക്ക നടപടിയോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആകെ 9201 സര്‍വീസ് പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് സിഎജി 2022ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 2017-18 മുതല്‍ 2019-20 വരെ മൂന്നുവര്‍ഷം 39.27 കോടി രൂപയാണ് ഇത്തരത്തില്‍ അനര്‍ഹരായവര്‍ക്ക് പെന്‍ഷനായി നല്‍കിയത്. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളാണ് അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതെന്നത് ഉള്‍പ്പെടെ ഇതിന്റെ ജില്ല തിരിച്ചുള്ള വിശദമായ കണക്കും സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2000 മുതല്‍ തന്നെ അനര്‍ഹരായ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും ഇതുകൂടി കണക്കിലെടുത്താല്‍ സര്‍ക്കാരിന്റെ നഷ്ടം പലമടങ്ങ് ഇരട്ടിക്കുമെന്നും സിഎജി വ്യക്തമാക്കി. ക്രമക്കേട് വഴി തട്ടിയെടുത്ത പണം തിരികെ പിടിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഫണ്ടില്‍ തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കേണ്ടതാണെങ്കിലും 2022 ഒക്ടോബര്‍ വരെ ഒരു തരത്തിലുള്ള അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.

ആദായനികുതി അടയ്ക്കുന്നവര്‍ക്കും പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല. എന്നാല്‍ ഇതു മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നേടിയെടുക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായിരിക്കെ മറ്റ് പെന്‍ഷന്‍ കൈപ്പറ്റിയ ഗസറ്റഡ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മുന്‍കാലങ്ങളില്‍ എത്രകണ്ട് കണക്കു് ഇത് സംബന്ധിച്ച് ഉണ്ടെന്നകാര്യത്തിലും വ്യക്തതകളില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ പാടുപെടുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ വര്‍ഷങ്ങളാണ് തട്ടിപ്പു നടത്തുന്നത്. പണമില്ലാത്തതിനാല്‍ നാലു മാസത്തെ പെന്‍ഷന്‍ ഇപ്പോള്‍ കുടിശികയുണ്ട്. 800 കോടിയോളം രൂപയാണ് ഒരു മാസം പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തട്ടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക ധനവകുപ്പു പുറത്തുവിട്ടതോടെ പ്രതിക്കൂട്ടിലായത് തദ്ദേശവകുപ്പ് കൂടിയാണ്.

അര്‍ഹരായവര്‍ക്കു മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. എന്നാല്‍ സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ അടക്കം ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ എടുക്കാത് മുന്നോട്ടു പോകുകയാണ് ചെയ്യാറ്. സിപിഎം രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് സാമൂഹ്യ ക്ഷേമ പെന്‍ഷനെ സമീപിക്കാറുള്ളത്. അതുകൊണ്ട് തന്നെ സഖാക്കള്‍ക്ക് തോന്നിയ പടിയാണ് ഇവിടെ കാര്യങ്ങള്‍. ഇതാണ് അടിസ്ഥാനപരമായി പെന്‍ഷന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നതും.

അതിനിടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ക്രമക്കേടുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കിയിട്ടണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ബിഎംഡബ്ള്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു എന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷണര്‍ ഉള്‍പ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്. ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നു. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതല്‍ വലുപ്പമുള്ളതാണെന്നും കണ്ടെത്തി. ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനുപിന്നില്‍ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധന വകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.

പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

Tags:    

Similar News