കൃഷിയ്ക്കും ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കേന്ദ്ര ഫണ്ട് വാങ്ങാം...! പൊതു വിദ്യാഭ്യാസം ആ ഫണ്ട് വാങ്ങുന്നത് പാതകവും! മുമ്പ് പറഞ്ഞതെല്ലാം മന്ത്രി ശിവന്‍കുട്ടി വീണ്ടും വിഴുങ്ങി; പിഎം ശ്രീ പദ്ധതി കേരളത്തിനും വേണം; എതിര്‍ക്കാര്‍ സിപിഐയും; ഇടതില്‍ വീണ്ടും ഭിന്നത; അന്തിമ നിലപാട് പിണറായിയുടേത്
തിരുവനന്തപുരം: വീണ്ടും മന്ത്രി ശിവന്‍കുട്ടി നിലപാട് മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടാന്‍ തീരുമാനിച്ചത് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് രാജ്യത്തെ എല്ലാവര്‍ക്കും അവകാശപ്പെട്ട ഫണ്ടാണെന്ന് മന്ത്രി പറയുകയാണ്. എന്നാല്‍ മുമ്പ് ഇങ്ങനെയായിരുന്നില്ല മന്ത്രി പറഞ്ഞിരുന്നത്. ഓഗസ്റ്റില്‍ മന്ത്രി പറഞ്ഞത് പിഎം ശ്രീ പദ്ധതി കേരളത്തില്‍ വേണ്ടെന്നായിരുന്നു. അതില്‍ പറയുന്ന എല്ലാ പദ്ധതികളും നിലവില്‍ കേരളത്തില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും കേന്ദ്രം അനുവദിക്കാനുള്ള ഫണ്ട് മാത്രം കേരളത്തിനനുവദിച്ച് തന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃക ആവുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഈ വര്‍ഷം ഒരു രൂപ പോലും നല്‍കിയിട്ടില്ല. ഇത് കടുത്ത അനീതിയാണെന്നും ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിലപാട് മാറുന്നു.
പിഎം ശ്രീ കുട്ടികള്‍ക്കു കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും മന്ത്രി ഇപ്പോള്‍ പറയുന്നു. പിഎം ശ്രീ ഫണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലായിരിക്കും വിനിയോഗിക്കുക. കുടിശിക അടക്കം 1466 കോടി രൂപ കിട്ടാനുണ്ട്. എന്തെങ്കിലും ന്യായം പറഞ്ഞ് ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് എന്തെങ്കിലും സാങ്കേതികത്വം പറഞ്ഞ് മാറ്റപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി ഇപ്പോള്‍ നിലപാട് എടുക്കുന്നു. ഈ അടുത്ത കാലത്ത് പല വിഷയത്തിലും മന്ത്രി സമാന രീതിയില്‍ നിലപാട് മാറ്റിയിരുന്നു. എന്നാല്‍ പിഎം ശ്രീയില്‍ സിപിഐ ഇനിയും കടുത്ത നിലപാട് തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. അടുത്ത ഇടതു മുന്നണി യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകും. ഈ സമയം മുഖ്യമന്ത്രി പറയുന്ന നിലപാട് സിപിഐയും അംഗീകരിക്കും.
മന്ത്രിസഭയെയും എല്‍ഡിഎഫിനെയും മറികടന്ന് ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎം-ശ്രീ സ്‌കൂള്‍ നടപ്പാക്കാനുള്ള നീക്കം ഇടതിലും വിവാദമാകും,. പിഎം-ശ്രീയില്‍ സിപിഐയുടെ എതിര്‍പ്പില്‍ മാറ്റമില്ലെന്ന നിലപാടിലാണ് മന്ത്രി കെ. രാജന്‍. വിഷയത്തില്‍ സിപിഐയുടെ സമ്മതമില്ലാതെ മുന്നോട്ടുപോവാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്. അതിനിടെ സിപിഐ സംഘടനയായ എകെഎസ്ടിയു വിദ്യാഭ്യാസമന്ത്രിക്കു പ്രതിഷേധക്കത്തയച്ചതിനുപുറമേ, കൂടുതല്‍ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട്. 1466 കോടി രൂപ എന്തിനു വെറുതേ കളയണം? അതു വാങ്ങി കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസത്തിന് എതിരായ എന്തെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കാം. സിപിഐക്കു എതിര്‍പ്പുണ്ടെന്നു തോന്നുന്നില്ല. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളൊക്കെ കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലോയെന്നും മന്ത്രി വാദിച്ചു.
ഇതിനിടെയാണ് എതിര്‍പ്പുമായി മന്ത്രി രാജന്‍ രംഗത്തു വന്നത്. പിഎം-ശ്രീയില്‍ എന്തെങ്കിലുമൊരു പുതിയതീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. കേന്ദ്രം പൊതുവില്‍ കേരളത്തോട് അനീതി കാണിക്കുന്നു. അതിനെതിരേ പൊതുസമരമുഖം തീര്‍ക്കണമെന്ന് മന്ത്രി രാജന്‍ പറയുന്നു. പദ്ധതി നടപ്പാക്കാനുള്ള തീരുമാനം വൈകിവന്ന വിവേകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിക്കുകയും ചെയ്തു. അനാവശ്യമായ എതിര്‍പ്പിനും പിടിവാശിക്കുംശേഷം, ഒന്നും നടക്കില്ലെന്നു കണ്ടപ്പോള്‍ ഒപ്പുവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈകിയെങ്കിലും ഈ നിലപാട് സ്വാഗതാര്‍ഹമാണ് -അദ്ദേഹം പറഞ്ഞു.
പി എം ശ്രീയില്‍ മാസങ്ങള്‍ക്ക് മുമ്പ് ശിവന്‍കുട്ടി പറഞ്ഞത്
പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കരാര്‍ വയ്ക്കണമെന്ന് പറയുന്നതില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. 1377 കോടി രൂപ രൂപ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടതായിട്ടുണ്ട്. പിഎം ശ്രീ കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ അത് ലഭിക്കൂ. കേന്ദ്ര വിദ്യാഭ്യാസ നയമടക്കം നടപ്പിലാക്കേണ്ടി വരുമോ എന്ന് ആശങ്കയുണ്ട്. ഇതിനെതിരെ നിയമ പോരാട്ടം അടക്കം ആലോചിക്കുന്നുണ്ടെന്നും വി.ശിവന്‍കുട്ടി പറഞ്ഞിരുന്നു.
2022ലാണ് രാജ്യത്തെ 14500 സ്‌കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീ പ്രഖ്യാപിച്ചത്. സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, ലാബ്, ലൈബ്രറി എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ തുടക്കം മുതല്‍ക്കേ കേരളമടക്കം ബിജെപി ഇതര സര്‍ക്കാരുകള്‍ ഉള്ള സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു. പദ്ധതിയില്‍ ഒപ്പിട്ടാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരും എന്നതാണ് ഇതിന് കാരണം.
പദ്ധതിയില്‍ ചേരാതിരുന്ന കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ള സമഗ്രശിക്ഷാ പദ്ധതി ഫണ്ട് തരില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനു മറുപടി നല്‍കിയത്. പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു ഫണ്ടും തരില്ല എന്ന് കേന്ദ്ര നയം. മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ചു കൊണ്ടുള്ള നിയമ പോരാട്ടം ആലോചിക്കുന്നതായും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.