മനോരമ ന്യൂസ് മേക്കറില്‍ നിന്നും സോജന്‍ ജോസഫ് എംപി പുറത്തായപ്പോള്‍ വെറും ആറു മാസത്തെ പ്രകടനത്തിനിടയില്‍ മികച്ച ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗത്തെ തേടിയുള്ള നോമിനേഷനില്‍ ഇരിപ്പിടം; സോജന്‍ ഭാഗ്യത്തെ കൂട്ടുപിടിച്ചു ബ്രിട്ടനിലെ എംപിയായതല്ല; കഠിനാധ്വാനം തന്നെയാണ് ആ സ്ഥാനത്തേക്കുള്ള വഴി തെളിച്ചതെന്നു തെളിയിക്കപ്പെടുമ്പോള്‍
സോജന്‍ ജോസഫ് എംപി മികച്ച ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗത്തെ തേടിയുള്ള നോമിനേഷനില്‍
കവന്‍ട്രി: ഇക്കഴിഞ്ഞ ആറാം തീയതിയാണ് മലയാളിയായ ബ്രിട്ടീഷ് എംപി മനോരമയുടെ ഈ വര്‍ഷത്തെ ന്യൂസ് മേക്കര്‍ പുരസ്‌കാര ലിസ്റ്റില്‍ ഇടം പിടിച്ച വാര്‍ത്ത ബ്രിട്ടീഷ് മലയാളി അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. കാരണം 2006 മുതലുളള മനോരമയുടെ ന്യൂസ് മേക്കര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രവാസി ന്യൂസ് മേക്കര്‍ പുരസ്‌കാര നോമിനേഷനില്‍ ഇടം പിടിക്കുന്നത് എന്നതിനാലാണ് മനോരമ പോലും നല്‍കാത്ത പ്രാധാന്യം ബ്രിട്ടീഷ് മലയാളി നല്‍കിയത്. എന്നാല്‍ മനോരമ വായനക്കാരുടെ ഇടയില്‍ പോപ്പുലാരിറ്റി പോരാത്തതിനാലാകാം സോജന്‍ ഉള്‍പ്പെടെ മികവുറ്റ പലരും മനോരമ ന്യൂസ് മേക്കറില്‍ നിന്നും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.
ഒടുവില്‍ അവശേഷിക്കുന്നത് രാഷ്ട്രീയക്കാരായ പിവി അന്‍വറും ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷുവുമാണ് ഇപ്പോള്‍ പട്ടികയില്‍ അവസാന നാലുപേരായി മാറിയിരിക്കുന്നത്. എന്നാല്‍ സോജന്‍ ഈ പട്ടികയില്‍ നിന്നും പുറത്താകുമ്പോള്‍ ബ്രിട്ടനിലെ മികച്ച പാര്‍ലിമെന്ററിയന്‍ ആരെന്നറിയാനുള്ള അവാര്‍ഡ് നോമിനേഷനിലേക്ക് ഈ പുതുമുഖ എംപി കടന്നെത്തുകയാണ്. ബ്രിട്ടീഷ് പാര്‍ലിമെന്റ് വാര്‍ത്തകള്‍ ആധികാരികമായും എക്‌സ്‌ക്ലൂസിവ് ആയും നല്‍കുന്ന പാര്‍ലമെന്റ് ന്യൂസ്.കോ. യുകെയുടെ അവാര്‍ഡ് പട്ടികയിലേക്കാണ് സോജന്‍ ഇടം പിടിച്ചിരിക്കുന്നത്.
പാര്‍ലമെന്റില്‍ എത്തിയ പുതുമുഖ എംപിമാരില്‍ സഭാകമ്പം ഇല്ലാതെ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം ഇടപെടല്‍ നടത്തുന്ന സോജന്‍ മറ്റു എംപിമാര്‍ക്കിടയില്‍ വ്യത്യസ്തനായ നിലയില്‍ വെറും ആറു മാസത്തിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ എത്തിയ ഈ നോമിനേഷന്‍ തെളിയിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്‍എച്ച്എസ് അടക്കമുള്ള വിഷയങ്ങള്‍ എത്തുമ്പോള്‍ പരമാവധി ഇടപെടലുകള്‍ക്ക് സോജന്‍ ശ്രദ്ധ നല്‍കുന്നുണ്ട്.
തന്റെ മണ്ഡല വികസന കാര്യങ്ങളിലും അദ്ദേഹം നടത്തിയ സജീവ ഇടപെടലുകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ കയ്യടി നേടിയിട്ടുണ്ട്. സോജന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും വോട്ടര്‍മാര്‍ നല്‍കുന്ന കമന്റുകളും ഒക്കെ ഇതിനു തെളിവുകളാണ്. തന്റെ മണ്ഡലത്തിലെ സര്‍ജറികളില്‍ പതിവ് തെറ്റാതെ എത്തി മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്നും നേരിട്ട് കേള്‍ക്കുന്ന സോജന്‍ ആഷ്ഫോഡില്‍ ഹൈസ്ട്രീറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ ചെറുകിട കച്ചവടം അടക്കമുള്ള ബിസിനസുകളുടെ ഉണര്‍വിനും നിരന്തര പ്രോത്സാഹനമാണ് നല്‍കുന്നത്.
പരസഹായ ആത്മഹത്യ ബില്‍ ചര്‍ച്ചയിലും സോജന്റെ സാന്നിധ്യം
പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള അവാര്‍ഡ് നോമിനേഷനില്‍ ഇടം പിടിച്ചതില്‍ അഭിനന്ദിക്കാന്‍ ബന്ധപെട്ടപ്പോഴും സോജന്‍ പതിവ് പോലെ അധിക ആഹ്ലാദമോ ആവേശമോ കാട്ടാതെയാണ് സംസാരിച്ചത്. അവാര്‍ഡ് നോമിനേഷന്‍ വന്ന വഴി പോലും അറിയില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാര്‍ലമെന്റില്‍ കിട്ടുന്ന അവസരങ്ങള്‍ ഒക്കെ ആഷ്ഫോര്‍ഡിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത് മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയെന്നും സോജന്‍ പറയുന്നു.
എന്നാല്‍ സോജന്റെ കാര്യങ്ങള്‍ പഠിച്ചു പറയാന്‍ ഉള്ള ആത്മാര്‍ത്ഥ ശ്രമം പാര്‍ട്ടിയിലും പാര്‍ലമെന്റിലും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായി ഇതിനകം വിവാദമായ അസിസ്റ്റഡ് ഡൈയിങ് ബില്‍ - പരസഹായ ആത്മഹത്യ - സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 20 എംപിമാരില്‍ ഒരാളായി സോജനെയും തിരഞ്ഞെടുത്തിരിക്കുകയാണ്. ബില്ലിനെ എതിര്‍ക്കുന്ന നിലപാടുകാരുടെ കൂട്ടത്തിലാണ് സോജനും ഇടം പിടിച്ചിരിക്കുന്നത്. ഒക്ടോബര്‍ പത്തിന് അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ മാനസിക ആരോഗ്യം സംബന്ധിച്ച ചര്‍ച്ചയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പാര്‍ലമെന്റ് ന്യൂസിന്റെ അവാര്‍ഡ് നോമിനേഷനില്‍ എത്തിച്ചതെന്നും സൂചനയുണ്ട്.
മണ്ഡലത്തില്‍ കരുത്തനായ എതിരാളി ഡാമിയന്‍ ഗ്രീനെ തോല്‍പ്പിച്ചു തങ്ങളുടെ ജനപ്രതിനിധിയായത് ദാവീദും ഗോലിയാത്തും പോലെയുള്ള കഥയിലെ വിജയത്തെയാണ് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നതെന്നും ജനങ്ങള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ദൈനം ദിനം സോജന്‍ നടത്തുന്ന ഇടപെടലുകള്‍ അത്രയും വിപുലമായതാണ്. സാധ്യമായ സാഹചര്യത്തില്‍ ഒക്കെ ചെറുതും വലുതുമായ മലയാളി ചടങ്ങുകളിലും സാന്നിധ്യമാകുന്ന സോജന്‍ യുകെയില്‍ എവിടെയും മലയാളികളുടെ സ്‌നേഹാദരങ്ങള്‍ കൂടിയാണ് ഇപ്പോള്‍ സ്വന്തമാക്കുന്നത്. സാധാരണ പദവികളില്‍ എത്തുന്നവര്‍ വന്ന വഴി മറന്നു പോകുന്ന കാഴ്ചകള്‍ കാണുന്ന മലയാളിക്ക് സോജന്‍ ഇപ്പോള്‍ വ്യത്യസ്തമായ കാഴ്ചയായി മാറുന്നതും അദേഹഹത്തിന്റെ ഓരോ നേട്ടങ്ങളും ഒന്നിന് പുറകെ ഒന്നായി എത്തുമ്പോള്‍ അത്ഭുതമായി പോലും തോന്നുന്നില്ല എന്നതാണ് വാസ്തവം.
പാര്‍ലമെന്റ് വാര്‍ത്തകളും ചര്‍ച്ചകളും ഒക്കെ ആധികാരികമായി ജനങ്ങളില്‍ എത്തിക്കുന്ന പാര്‍ലമെന്റ്.കോ.യുകെ നടത്തുന്ന ജനപ്രതിനിധികളില്‍ ആരാണ് മികച്ചത് എന്ന അന്വേഷണമാണ് പ്രസംഗ കലയില്‍ സോജന്റെ മികവ് ബോധ്യമായ അവാര്‍ഡ് കമ്മിറ്റി അദ്ദേഹത്തെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ലമെന്റ് ന്യൂസ് നല്‍കുന്ന അവാര്‍ഡിന്റെ ഭാഗമായാണ് ഇപ്പോള്‍ നോമിനേഷന്‍ പുറത്തു വിട്ടിരിക്കുന്നത്.
ആദ്യമായാണ് ഇത്തരം ഒരു അവാര്‍ഡ് പ്രഖ്യാപിക്കുന്നത് എന്നതും പ്രത്യേകതയാണ്. ബാക്ബെഞ്ചര്‍ ഓഫ് ദി ഇയര്‍, ഫ്രന്റ് ബെഞ്ചര്‍ ഓഫ് ദി ഇയര്‍, പീര്‍ ഓഫ് ദി ഇയര്‍, പാര്‍ലൈന്‍മെന്റ് ഇന്റര്‍വെന്‍ഷന്‍ ഓര്‍ സ്പീച്ച് ഓഫ് ദി ഇയര്‍, കാമ്പയിന്‍ ഇഫ് ദി ഇയര്‍, പബ്ലിസിറ്റി സ്റ്റണ്ട് ഓഫ് ദി ഇയര്‍, പാര്‍ലിമെന്റ് സ്റ്റാഫ് ഓഫ് ദി ഇയര്‍, ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഓഫ് ദി ഇയര്‍ എന്നീ കാറ്റഗറികളില്‍ ആണ് പുരസ്‌കാരം നല്‍കുന്നത്.
സോജന്‍ മത്സരിക്കുന്ന പാര്‍ലമെന്റ് ഇന്റെര്‍വെന്‍ഷന്‍ ഓര്‍ സ്പീച്ച് ഓഫ് ദി ഇയര്‍ സെക്ഷനില്‍ ലിബറല്‍ ഡെമോക്രാറ്റ് അംഗവും ഡോര്‍കിങ് എംപിയുമായ ക്രിസ് കൊഗ്ളണ്‍, സോജനെ പോലെ ലേബറിന് ആദ്യമായി കോങ്‌ലേറ്റാന്‍ മണ്ഡലത്തില്‍ എംപിയെ സമ്മാനിച്ച സാറ റാസല്‍, കാന്റര്‍ബറിയല്‍ നിന്നും ലേബര്‍ ടിക്കറ്റില്‍ ജയിക്കുകയും പിന്നീട് രാജിവച്ചു സ്വതന്ത്രയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വനിതാ മുന്നേറ്റങ്ങളുടെ മുന്‍ നിര പോരാളി എന്നറിയപ്പെടുന്ന റോസി ഡാഫീല്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഡി യു പി അംഗം ജിം ഷാനോന്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. ഈ പാനലില്‍ ഉള്ള ഓരോ എംപിയും അവരവരുടെ നിലകളില്‍ ശക്തമായ സാന്നിധ്യവുമാണ്. അതിനാല്‍ തന്നെ സോജന്‍ ഈ പാനലിലെ വിജയിയായി പ്രഖ്യാപിക്കപെട്ടാല്‍ അത് മറ്റൊരു അട്ടിമറി വിജയത്തിന് തുല്യമാകും, ആഷ്ഫോഡില്‍ സോജന്‍ ജയിച്ചു കയറിയത് പോലെ.