ഇപ്പോ ശരിയാക്കാം എന്ന് മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കിയ നിവേദനം വഴിയരികിലെ മാലിന്യ കൂമ്പാരത്തില്‍; വലിച്ചെറിഞ്ഞത് ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിന് വേണ്ടി ഭാര്യ മന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി; തങ്ങളുടെ ജീവിതം വഴിയരികില്‍ ഉപേക്ഷിച്ചതറിഞ്ഞ് ഞെട്ടി കുടുംബം

ഇപ്പോ ശരിയാക്കാം എന്ന് മന്ത്രി ഉറപ്പ് നല്‍കിയ നിവദേനം വഴിയരികിലെ മാലിന്യ കൂമ്പാരത്തില്‍

Update: 2025-03-17 06:57 GMT

തൃശൂര്‍: ' ശാരീരിക വൈകല്യം അനുഭവിക്കുന്ന എന്റെ ഭര്‍ത്താവിന്റെ സ്ഥലംമാറ്റ അപേക്ഷയുടെ കോപ്പി ഇതിനാല്‍ സമര്‍പ്പിക്കുന്നു. ദയവുചെയ്ത് സര്‍വീസിന്റെ ഈ അവസാന വര്‍ഷത്തില്‍, എന്റെ ഭര്‍ത്താവിന്റെ സ്ഥലം മാറ്റം അനുവദിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു': ഭര്‍ത്താവിന് വേണ്ടി തൃശൂര്‍ ചേറൂര്‍ മരുതൂരിലെ വീട്ടമ്മ ഈ നിവേദനം തപാലില്‍ അയയ്ക്കുകയായിരുന്നില്ല, മന്ത്രി ആര്‍ ബിന്ദുവിന് നേരിട്ട് നല്‍കുകയായിരുന്നു. എന്നാല്‍, കാര്യം പരിഹരിക്കാം എന്ന് മന്ത്രി വാക്ക് നല്‍കിയ നിവേദനം വഴിയരികിലെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തുമെന്ന് അവര്‍ സ്വപ്്‌നത്തില്‍ പോലും വിചാരിച്ചില്ല,

മന്ത്രി പങ്കെടുത്ത പരിപാടിയിലെ മാലിന്യങ്ങള്‍ ചേര്‍പ്പില്‍ വഴിയോരത്ത് നിന്നാണ് കണ്ടെത്തിയത്. ഇതില്‍ നിന്നാണ് സ്ഥലംമാറ്റ അപേക്ഷ ലഭിച്ചത്. തൃശൂരില്‍ സാമൂഹിക നീതി വകുപ്പ് ശനിയാഴ്ച നടത്തിയ നശാ മുക്ത് ഭാരത് അഭിയാന്‍ പരിപാടിയിലാണ് മന്ത്രിക്ക് നേരിട്ട് അപേക്ഷ നല്‍കിയിരുന്നത്. തൃശൂര്‍-ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവില്‍ റോഡരികില്‍ തള്ളിയ മാലിന്യത്തിലാണു മന്ത്രി ആര്‍.ബിന്ദുവിന് നല്‍കിയ അപേക്ഷ കണ്ടെത്തിയത്.




ചെറൂര്‍ സ്വദേശിയായ വീട്ടമ്മ രണ്ടു വര്‍ഷമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോതമംഗലം മേഖലാ കാര്യാലയത്തില്‍ ജോയിന്റ് റജിസ്ട്രാറായി ജോലി ചെയ്യുന്ന ഭര്‍ത്താവിനു വേണ്ടിയാണ് അപേക്ഷ നല്‍കിയത്. കാര്യം പരിഹരിക്കാം എന്നു പറഞ്ഞാണ് മന്ത്രി അപേക്ഷ സ്വീകരിച്ചതെന്നും അവര്‍പറഞ്ഞു.





റോഡില്‍ മാലിന്യം തള്ളിയതു നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ചേര്‍പ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ചടങ്ങില്‍ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പം അപേക്ഷ കണ്ടെത്തിയത്. അപേക്ഷയില്‍ കണ്ട ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ വിവരങ്ങള്‍ അറിഞ്ഞു. മന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നും ഒരു തവണ കൂടി വാട്‌സാപ്പില്‍ അയച്ചുതരാനുമാണു പറഞ്ഞത്. മാലിന്യം തള്ളിയവര്‍ക്കെതിരെ പതിനായിരം രൂപ പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയിട്ടുണ്ട്.

മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് അനുസരിച്ച് കുടുംബം ഒരിക്കല്‍ കൂടി വാട്‌സാപ്പില്‍ അപേക്ഷ അയച്ചിട്ടുണ്ട്.


Tags:    

Similar News