സേലത്തെ എംബിബിഎസ് പഠനത്തിനിടെ ഡ്രഗ് അഡിക്റ്റായി; അജ്മലിന്റെ കൂട്ടു കിട്ടിയപ്പോള്‍ രാസലഹരിയും; പോലീസ് അന്വേഷണവും ഭര്‍ത്താവിന്റെ 'ലഹരിക്കഥയ്ക്ക്' അനുകൂലം; 'പഞ്ചപാവം ശ്രീക്കുട്ടി'യ്ക്ക് സംഭവിച്ചത് എന്ത്?
കുട്ടി ജനിച്ചതിന് ശേഷം ശ്രീക്കുട്ടിയുടെ മാതാപിതാക്കള്‍ അവരെ വിളിച്ചുകൊണ്ട് പോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍.
കൊല്ലം: മൈനാഗപ്പള്ളി അപകടത്തിലെ പ്രതി ശ്രീക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി ഭര്‍ത്താവ് അഭീഷ് രാജ് രംഗത്തു വരുമ്പോള്‍ ചര്‍ച്ചയാകുന്നത് ലഹരിയുടെ അമിത സ്വാധീനം. തമിഴ്നാട് സേലത്ത് എംബിബിഎസ് പഠനത്തിന് പോയത് മുതല്‍ ഡ്രഗ് അഡിക്ട് ആണെന്നും പ്രതികള്‍ രാസലഹരി ഉപയോഗിക്കുന്നുണ്ടാകാമെന്നും അഭീഷ് പറഞ്ഞു. അപകടമുണ്ടാകുമ്പോള്‍ എംഡിഎംഎ പ്രതികള്‍ ഉപയോഗിച്ചിരുന്നു എന്ന് പോലീസും തിരിച്ചറിയുന്നുണ്ട്. ഇതിനിടെയാണ് ലഹരയിലേക്ക് വിരല്‍ ചൂണ്ടുന്ന വെളിപ്പെടുത്തല്‍ വരുന്നത്. ശ്രീക്കുട്ടി വിവാഹ മോചിതയല്ലെന്നും വ്യക്തമായി കഴിഞ്ഞു. ഇതിന് വേണ്ടിയുള്ള കേസ് പുരോഗമിക്കുന്നതിനിടെയാണ് അപകട കേസില്‍ ശ്രീക്കുട്ടി കുടുങ്ങിയത്.
2015ല്‍ ആണ് ശ്രീകുട്ടിയും അഭീഷ് രാജും വിവാഹിതരായത്. പിന്നീട് ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരു കുട്ടി ജനിച്ചതിന് ശേഷം ശ്രീക്കുട്ടിയുടെ മാതാപിതാക്കള്‍ അവരെ വിളിച്ചുകൊണ്ട് പോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. 2015-16 കാലഘട്ടത്തില്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. പിന്നീടാണ് എംബിബിഎസ് പഠനത്തിന് പോയത്. വിവാഹമോചനത്തിനുള്ള കേസ് ഇപ്പോഴും നെയ്യാറ്റിന്‍കര കോടതിയില്‍ നടക്കുന്നുണ്ട്. ഇതിനിടെ ശ്രീക്കുട്ടിയുടെ എംബിബിഎസ് യോഗ്യതയും പോലീസ് അന്വേഷണത്തിലാണ്. ഭര്‍ത്താവുമായി അകന്ന ശേഷമാണ് ശ്രീക്കുട്ടി പഠനം പൂര്‍ത്തിയാക്കിയതെന്നും സൂചനകളുണ്ട്.
ശ്രീക്കുട്ടി ഒരു പഞ്ചപാവം കുട്ടിയായിരുന്നുവെന്നും ഭര്‍ത്താവ് പറയുന്നു. അജ്മല്‍ ഉള്‍പ്പെടെയുള്ളവരുടെ ഗ്യാങ്ങുമായി അടുപ്പത്തിലായതിന് ശേഷമാണ് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് എത്തിയതെന്നും അഭീഷ് പറയുന്നു.ഒരു വര്‍ഷം മുമ്പ് വരെ ശ്രീക്കുട്ടിക്ക് സാമ്പത്തികമായി സഹായം ചെയ്യുമായിരുന്നുവെന്നും എന്നാല്‍ വഴിവിട്ട ജീവിതത്തില്‍ നിന്ന് ഒരു തിരിച്ചുവരവ് ഇല്ലെന്ന് മനസ്സിലായപ്പോഴാണ് അത് അവസാനിപ്പിച്ചതെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. അജ്മലുമായുള്ള കോണ്‍ടാക്ട് ആണ് താനുമായി മൊത്തത്തിലുള്ള അകല്‍ച്ചയ്ക്ക് കാരണം. അജ്മലുമായുള്ള ബന്ധത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. പിന്നീട് അതേക്കുറിച്ച് അന്വേഷിക്കുകയായിരുന്നു.ശ്രീക്കുട്ടിയുടെ വഴിവിട്ട ജീവിതത്തിന് കാരണം അവരുടെ മാതാപിതാക്കളാണെന്നും അഭീഷ് പറയുന്നു.
അഭീഷ് രാജുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെങ്കിലും ബന്ധം വേര്‍പെടുത്തിരുന്നില്ലെന്നും വെളിപ്പെടുത്തി ശ്രീക്കുട്ടിയുടെ അമ്മ സുരഭിയും രംഗത്തെത്തി. ഇപ്പോഴത്തെ സംഭവങ്ങള്‍ക്കെല്ലാം കാരണം മുന്‍ ഭര്‍ത്താവാണെന്നും അജ്മല്‍ എന്ന ക്രിമിനലുമായി ചേര്‍ന്ന് മകളെ കുടുക്കിയതാണെന്നും സുരഭി വ്യക്തമാക്കി. ഇതുവരെ മദ്യപിക്കാത്ത ശ്രീക്കുട്ടിയെ ജ്യൂസില്‍ മദ്യംചേര്‍ത്ത് നല്‍കിയത് ആയിരിക്കാമെന്നും സത്യം പൊലീസ് കണ്ടുപിടിക്കട്ടെ എന്നും സുരഭി പറഞ്ഞു. ഇതിന് വിരുദ്ധമായ മൊഴിയാണ് ശ്രീക്കുട്ടി പോലീസിന് നല്‍കിയിരിക്കുന്നതെന്നാണ് മറ്റൊരു വസ്തുത.
അതിനിടെ കേസിലെ പ്രതികളായ മുഹമ്മദ് അജ്മലുംഡോ. ശ്രീക്കുട്ടിയും രാസലഹരി ഉപയോഗിച്ചതിന് തെളിവ് ലഭിച്ചു. ശ്രീക്കുട്ടിയുടെ വാടക വീട്ടിലും ഇവര്‍ ഒരുമിച്ച് തങ്ങാറുള്ള ഹോട്ടല്‍ മുറിയിലും നടത്തിയ പരിശോധനയില്‍ ഇവ കണ്ടെത്തിയത്. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ആര്‍. നവീന്‍ നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.സംഭവം അപകടമരണം മാത്രമാണെന്നും ജനങ്ങള്‍ ആക്രമിക്കുമെന്ന് ഭയന്നാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും മുഹമ്മദ് അജ്മലിന്റെയും ഡോ. ശ്രീക്കുട്ടിയുടെയും അഭിഭാഷകര്‍ വാദിച്ചു.
കാറിന്റെ പിന്‍സീറ്റിലിരുന്ന ഡോ. ശ്രീക്കുട്ടി എങ്ങനെ കുറ്റക്കാരിയാകുമെന്ന വാദം അവരുടെ അഭിഭാഷകന്‍ ഉന്നയിച്ചു. എന്നാല്‍ ബോധപൂര്‍വ്വമായ നരഹത്യയാണ് നടന്നതെന്നും പ്രതികള്‍ രാസലഹരി അടക്കം ഉപയോഗിച്ചിട്ടുള്ളതിനാല്‍ അതിന്റെ ഉറവിടം കണ്ടെത്താന്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും അനിവാര്യമാണെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ശിഖ പറഞ്ഞു. ശാസ്താംകോട്ട പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയത്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലും പ്രതികള്‍ എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് കോടതി പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
തിരുവോണദിവസം വൈകിട്ട് 5.47നാണ് മുഹമ്മദ് അജ്മല്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്.