നീണ്ട ഒന്‍പത് മാസം; ഇനി 17 മണിക്കൂര്‍ കാത്തിരിപ്പ്; സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു; നാളെ പുലര്‍ച്ചെ പേടകം ഭൂമിയില്‍ എത്തും; പേടകം ഇറങ്ങുക ഫ്‌ലോറിഡയുടെ തീരത്ത്; ഈ യാത്രയ്ക്ക് സങ്കീര്‍ണതകള്‍ ഏറെ; പ്രാര്‍ത്ഥനയോടെ ലോകം

Update: 2025-03-18 05:31 GMT

ന്യൂയോര്‍ക്ക്: 'നമ്മള്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവര്‍ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം'' അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ സുനിത വില്യംസ് പറഞ്ഞു. 9 മാസമായി സുനിത വില്യംസിനെക്കുറിച്ച് ലോകം ചോദിച്ചുകൊണ്ടിരുന്നത് ഒരേ ചോദ്യമാണ്, ''എപ്പോള്‍ മടങ്ങും?'' എന്ന്. ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. 9 മാസമായി കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ അടങ്ങുന്ന സംഘം ബഹിരാകാശത്ത് നിന്നും യാത്ര തിരിച്ചു.

സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് സുനിതാ വില്യംസും ടീമും തിരികെ ഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്. പത്തേ മുക്കാലോടെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും വേര്‍പ്പെട്ടു. തുടര്‍ന്ന് 17 മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം ബുധനാഴ്ച പുലര്‍ച്ചെ (ഇന്ത്യന്‍ സമയം) പേടകം ഭൂമിയില്‍ ഇറങ്ങും. രാവിലെ എട്ടേ കാലോടെ നാല് പേരും യാത്ര ചെയ്യുന്ന സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിന്റെ വാതിലുകള്‍ അടഞ്ഞിരുന്നു.

നാളെ പുലര്‍ച്ചെ 3:27ഓടെയാകും പേടകം ഭൂമിയിലെത്തുക. ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്നാണ് പേടകം ഇറങ്ങുക. 17 മണിക്കൂര്‍ യാത്രയായതിനാല്‍ തന്നെ ഈ യാത്രയ്ക്ക് സങ്കീര്‍ണതകള്‍ ഏറെയാണ്. സുനിതയുടെയും സംഘത്തിന്റെയും യാത്രയില്‍ പ്രാര്‍ത്ഥനയോടെയാണ് ലോകം കാത്തിരിക്കുന്നത്. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.

2024 ജൂണിലാണ് ബഹിരാകാശ ദൗത്യത്തിനായി സുനിത വില്യംസും വില്‍മോറും യാത്ര തിരിച്ചത്. വെറും 9 ദിവസത്തെ ദൗത്യത്തിനായിട്ടായിരുന്നു പ്രയാണം. ദൗത്യത്തിന് ശേഷം ബോയിങ്ങിന്റെ ആദ്യ ബഹിരാകാശ പേടകത്തില്‍ മടങ്ങിവരാനായിരുന്നു തീരുമാനം. എന്നാല്‍ ത്രസ്റ്ററുകള്‍ മണിമുടക്കുകയും ഹീലിയ ചേര്‍ച്ചയുണ്ടാകുകയും ചെയ്തതോടെ തിരിച്ച് വരാന്‍ സാധിക്കാതെയായി.

സാങ്കേതിക പ്രശ്നങ്ങള്‍ കാരണം തിരിച്ച് വരവ് അനിശ്ചിതമായി നീളുകയായിരുന്നു. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേര്‍ന്ന് നാസ ചെയ്തത്. ഇതിനെല്ലാം ഒടുവിലാണ് സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര 2025 മാര്‍ച്ചിലേക്ക് നീട്ടിയത്. ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് അവരിരുവരും തിരിച്ചെത്തുകയാണ്.

Tags:    

Similar News