മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാക്കണമെന്ന് സുരേഷ് ഗോപിയോട്; ഇതല്ലേ അനുഭവമെന്ന് തിരിച്ചടിച്ച് ഞാനിങ്ങനെ ജീവിച്ചോളാമെന്ന് മമ്മൂട്ടിയും; സമൂഹമാധ്യമത്തിലെ ആ വൈറല്‍ ദൃശ്യത്തിന് പിന്നില്‍

മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാക്കണമെന്ന് സുരേഷ് ഗോപിയോട്

Update: 2024-10-18 08:25 GMT

തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറം മമ്മൂട്ടിയോടും മോഹന്‍ലാലിനോടും സുരേഷ്ഗോപി കാത്തുസൂക്ഷിക്കുന്ന അടുപ്പ്ം സിനിമാ ലോകത്ത് തന്നെ മാതൃകയാണ്.ഇവര്‍ മൂവരും ഒരുമിച്ചുള്ളതോ രണ്ടുപേര്‍ മാത്രമുള്ളതോ ഒക്കെയായ സംഭാഷണങ്ങളും ദൃശ്യങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എന്നും ചര്‍ച്ചാവിഷയവുമാണ്.അത്തരത്തില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരിമിച്ചുള്ള ഒരു വീഡിയോയും രസകരമായ സംഭാഷണവുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഒരു സ്റ്റേജ്പരിപാടിയുടെ മുന്നൊരുക്കത്തിനിടെയാണ് വീഡിയോയ്ക്കാസ്പദമായ സംഭവം. റിഹേഴ്സല്‍ കാണാന്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയിരുന്നു. താരങ്ങളെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.പരിശീലനവും കണ്ട് എല്ലാവരോടും സംസാരിച്ച് മടങ്ങാന്‍ നേരം യാത്രയയക്കാന്‍ മമ്മൂട്ടിയടക്കമുള്ളവര്‍ ഉണ്ടായിരുന്നു. കാറില്‍ കയറാന്‍ നോക്കുമ്പോള്‍ കേന്ദ്രത്തില്‍ നിന്ന്പറഞ്ഞയച്ചാല്‍ ഞാനിങ്ങ് വരും കേട്ടോ എന്ന് സുരേഷ് ഗോപി മമ്മൂട്ടിയോടായി പറഞ്ഞു.

ഇവിടത്തെ ചോറ് എപ്പോഴുമുണ്ടെന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി. ഈ സമയം സിദ്ദിഖ്, ഇടവേള ബാബു, ടിനി ടോം അടക്കമുള്ളവര്‍ ചുറ്റുമുണ്ടായിരുന്നു. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന ആരോ മമ്മൂക്കയെ കേന്ദ്രമന്ത്രിയാക്കണമെന്നും എത്ര കാലമായി പറയുന്നാണെന്നും പറഞ്ഞു.

സുരേഷ്ഗോപി മറുപടി പറയും മുന്നെ മെഗാസ്റ്റാര്‍ ഇടപെട്ടു.ആവശ്യം കേട്ടതും പൊട്ടിച്ചിരിച്ചുകൊണ്ട് ഇതല്ലേ അനുഭവം എന്നായി മമ്മൂട്ടിയുടെ മറുപടി.തുടര്‍ന്ന് കൈകൂപ്പിക്കൊണ്ട് ഞാനിങ്ങനെ ജീവിച്ചോളാമെന്ന് മറുപടി നല്‍കി.പരിപാടി അവതരിപ്പിക്കാന്‍ വേഷം മാറി നില്‍ക്കുന്ന മോഹന്‍ലാലിനെ കണ്ട്, ഇതാര് എന്ന് മമ്മൂട്ടി ചോദിക്കുന്നതും വീഡിയോയിലുണ്ട്.

മോഹന്‍ലാല്‍, ജയറാം, മനോജ് കെ ജയന്‍, ടൊവിനോ തോമസ്,ഷീല, പൃഥ്വിരാജ്, സിദ്ദിഖ്, സുഹാസിനി, നിവിന്‍ പോളി, ആസിഫ് അലി, ഉര്‍വശി, ഹണി റോസ്, അര്‍ജുന്‍ അശോക്, ബേസില്‍, രമേശ് പിഷാരടി, അനശ്വര രാജന്‍, വിനയ് ഫോര്‍ട്ട്, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News