മൂന്ന് ബസുകള്‍ പൊട്ടിത്തെറിച്ചു; രണ്ടെണ്ണത്തിലെ ബോംബുകള്‍ നിര്‍വീര്യമാക്കി; ഇസ്രയേലില്‍ കൂട്ടക്കുരുതി നടത്താന്‍ പദ്ധതിയിട്ട് ഹമാസ് ബസ് ബോംബുമായി ഇറങ്ങിയപ്പോള്‍ കയ്യബദ്ധം രക്ഷയായി; സ്‌ഫോടന സമയം നിശ്ചയിച്ചതിലെ പിഴവുമൂലം ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല: ഇസ്രയേലിനെ അടിമുടി ഉലച്ച് ഒഴിഞ്ഞു പോയ മഹാദുരന്തം
ഇസ്രയേലില്‍ കൂട്ടക്കുരുതി നടത്താന്‍ പദ്ധതിയിട്ട് ഹമാസിന്റെ ബോംബ് ആക്രമണം
ടെല്‍ അവീവ്: ഇസ്രയേലില്‍ നടന്ന ഭീകരാക്രമണം ഒരു വന്‍ ദുരന്തമാകാതിരുന്നത് അക്രമികളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതുകൊണ്ടു മാത്രം. ഇന്നലെ നടന്ന സ്‌ഫോടന പരമ്പരയില്‍ മൂന്ന് ബസ്സുകളായിരുന്നു പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നത്. എന്നാല്‍, ബസ്സുകളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി. ഡെറ്റൊണേറ്ററുകളില്‍ സമയം ക്രമീകരിച്ചതില്‍ വന്ന പിഴവുമൂലമാണ്, നിരവധി പേരുടെ മരണത്തിന് ഇടയാക്കുമായിരുന്ന സ്‌ഫോടനം വൈകിപ്പോയതെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങളില്‍ നിന്നും അഗ്‌നിനാളങ്ങളും പുകയും ഉയര്‍ന്നു പൊങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നു എന്നാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ഇന്നലെ രാത്രി പ്രാദേശിക സമയം ഏകദേശം ഒന്‍പത് മണിയോടെയായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. മറ്റു ചില ബസ്സുകളില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വന്‍ പോലീസ് സന്നാഹം തന്നെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രാവിലെ 9 മണിക്ക് സ്‌ഫോടനം നടത്താന്‍ ആയിരുന്നു തീവ്രവാദികള്‍ ഉദ്ദേശിച്ചത് എന്ന് അധികൃതര്‍ വിലയിരുത്തുന്നു.
തിരക്കേറിയ ആ സമയത്ത് സ്‌ഫോടനം നടന്നിരുന്നെങ്കില്‍ അത് നിരവധിപേരുടെ ജീവനെടുക്കുമായിരുന്നു.എന്നാല്‍, അക്രമികള്‍ സ്‌ഫോടനത്തിന്റെ സമയം ക്രമീകരിച്ചപ്പോള്‍ തെറ്റായി രാത്രി 9 മണിക്കാണ് ക്രമീകരിച്ചത്. മൂന്ന് ബോംബുകള്‍ പൊട്ടിത്തെറിച്ചതായി സമ്മതിച്ച അധികൃതര്‍ മറ്റ് രണ്ടിടങ്ങളില്‍ നിന്നായി രണ്ട് ബോംബുകള്‍ കൂടി കണ്ടെടുത്തതായും അറിയിച്ചു. അക്രമികള്‍ക്ക് കൈയബദ്ധം സംഭവിച്ചില്ലായിരുന്നെങ്കില്‍ നൂറുകണക്കിന് പേര്‍ മരണമടയുമായിരുന്നു എന്ന ചിന്ത തന്നെ ആളുകളില്‍ ഭയപ്പാട് ഉണ്ടാക്കിയിട്ടുണ്ട്.
ടൈമര്‍ ഘടിപ്പിച്ച, സമാന രീതിയിലുള്ള സ്‌ഫോടക വസ്തുക്കളായിരുന്നു ഇവയെല്ലാം തന്നെ എന്നാണ് പോലീസ് പറയുന്നത്. ഹമാസിന്റെ തുല്‍ക്രം ബറ്റാലിയന്‍ ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായ ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. അധിനിവേശക്കാര്‍ തങ്ങളുടെ മണ്ണില്‍ തുടരുന്നിടത്തോളം കാലം, രക്തസാക്ഷികള്‍ക്കായി പ്രതികാരം ചെയ്യും എന്നാണ് ബറ്റാലിയന്‍ വക്താവ് പറഞ്ഞത്. ഇത് ജിഹാദിന്റെ ഭാഗമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ക്കുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സംഭവം നടന്നയുടന്‍ തന്നെ തീവ്ര വലതുപക്ഷ നേതാവായ ഇറ്റ്മാര്‍ ബെന്‍ വിര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രയേലി സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തി. ഹമാസുമായുള്ള വെടിനിര്‍ത്തലില്‍ പ്രതിഷേധിച്ച് മന്ത്രി സ്ഥാനം രാജിവെച്ച മുന്‍ ദേശീയ സുരക്ഷാ മന്ത്രി പറഞ്ഞത്. ദുര്‍ബലമായ നറ്റങ്ങല്‍ തീവ്രവാദത്തിന് കരുത്തേക്കും എന്നായിരുന്നു. ഗാസയില്‍ കടുത്ത ആക്രമണങ്ങള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസ, ജുഡേയ, സമരിയ എന്നിവിടങ്ങളില്‍ ആക്രമണം ആരംഭിക്കണം എന്നാവശ്യപ്പെട്ട ബെന്‍ ഗിര്‍, മനുഷ്യത്വത്തിന്റെ പേരില്‍ നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തിവയ്ക്കണമെന്നും, പാലസ്തീന്‍ അഥോറിറ്റിയോട് പൊറുക്കുന്ന സമീപനം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്നയുടന്‍ തന്നെ ഇസ്രയേലിലെ എല്ലാ ബസ്സുകളിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രിയും അറിയിച്ചിട്ടുണ്ട്. മൊറോക്കോയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ ഗതാഗത വകുപ്പ് മന്ത്രി ഉടന്‍ തന്നെ ഇസ്രയേലിലേക്ക് മടങ്ങും എന്നും അറിയിച്ചിട്ടുണ്ട്.