തന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു തന്ത്രം അവിടെ നടക്കില്ല! തന്ത്രി അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്താന്‍ സാധിക്കുക? ശ്രീകോവിലിന്റെ ഒരു ഭാഗം അവിടുന്ന് എടുത്തു മാറ്റുന്നത് എങ്ങനെ? വല്ല ദേവപ്രശ്‌നവും നടത്തിയോ? ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ചോദ്യങ്ങളുയര്‍ത്തി ടി പി സെന്‍കുമാര്‍
തന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു തന്ത്രം അവിടെ നടക്കില്ല!
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്ന കാര്യവും അദ്ദേഹം ചീണ്ടിക്കാട്ടി. ദ്വാരപാലക വിഗ്രഹങ്ങള്‍ കൊണ്ടുപോയത് തന്ത്രിയുടെ അനുമതിയോടെ ആയിരിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കാര്യം. എന്നാല്‍, ഇക്കാര്യത്തില്‍ വല്ല ദേവപ്രശ്‌നവും നടത്തിയോ? എന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നു.
അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരി ഭാവത്തില്‍ ഇരിക്കുന്ന ശബരിമലയില്‍ അവിടെ നിന്നും ശ്രീകോവിലിന്റെ ഭാഗങ്ങള്‍ എങ്ങനെയാണ് പുറത്തേക്ക് കൊണ്ട് പോകുന്നത്? പുറത്തു ഉണ്ടാക്കിയ ശേഷം അവിടെ കൊണ്ട് വന്നു സ്ഥാപിക്കാം.പക്ഷെ അവിടുന്ന് വീണ്ടും പൊളിച്ചു എങ്ങനെയാണ് വീണ്ടും പുറത്തേയ്ക്ക് കൊണ്ട് പോകുന്നത്? അപ്പോള്‍ അതിന് ആരാണ് അനുവാദം കൊടുത്തത് അവിടെ അതിനെ സംബന്ധിച്ച് വല്ല ദേവ പ്രശ്‌നവും നടത്തിയോ ? അതുപോലെ അതിന് വല്ല കമ്മറ്റി ഉണ്ടാക്കിയോ ? ആ കമ്മറ്റി ഇത് എടുക്കുന്ന സമയം വീഡിയോ റെക്കോര്‍ഡിങ് എന്തെങ്കിലും ചെയ്തുവോ ? അവിടെ സിസിറ്റിവി ഉള്ളതാണ് , അതില്‍ എന്താണ് കാണുന്നത് ? അത് പരിശോധിക്കേണ്ടതല്ലേ ?.. ഇങ്ങനെ പോകുന്നു സെന്‍കുമാറിന്റെ ചോദ്യങ്ങള്‍.
സെന്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാരും അവര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരും, അത് ഏത് തലത്തില്‍ ആയാലും , അതായത് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരായാലും എല്ലാവരും ചേര്‍ന്ന് ഹൈന്ദവ ക്ഷേത്രങ്ങളെ കൊള്ളയടിക്കും എന്ന് നേരത്തെ തന്നെ പറഞ്ഞതാണ്.
അത് ഏത് വിധത്തിലൊക്കെ ആകാം എന്നെ അറിയേണ്ടതുള്ളു. അത് ശബരിമലയെ സംബന്ധിച്ചടുത്തോളം സാമാന്യേന കൃത്യമായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതില്‍ ആദ്യത്തെ കാര്യം , അവിടെ 1998 ല്‍ വിജയ് മല്ല്യ കൊടുത്ത സ്വര്‍ണ്ണ പാളികളില്‍ പൊതിഞ്ഞ ശ്രീകോവിലിന്റെ ഭാഗമായിട്ടുള്ള പല സാധനങ്ങളും മാറ്റപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. ആ മാറ്റം ചെയ്തതിന് പകരമായിട്ട് സ്വര്‍ണ്ണം പൂശി എന്ന് പറയുന്ന ചില സാധനങ്ങള്‍ അവിടെ വെച്ചിരിക്കുന്നു. വിജയ് മല്ല്യ കൊടുത്ത സ്വര്‍ണ്ണ പാളികളുടെ എത്ര കിലോ നഷ്ടപ്പെട്ടു എന്നാണ് കൃത്യമായി കണക്കാക്കാനുള്ളത്. അത് നഷ്ടപ്പെട്ട കാലഘട്ടം ഏകദേശം എനിക്ക് തോനുന്നു 2019 മകരവിളക്കിന് ശേഷം 2019 സെപ്റ്റംബറിന് ഉള്ളില്‍ ആയിരിക്കണം എന്നുള്ളതാണ്.കാരണം അങ്ങനെയാണ് അവിടെനിന്നുള്ള കണക്കുകളും കാര്യങ്ങളും എല്ലാം സൂചിപ്പിക്കുന്നത്.
1. എങ്ങനെയാണ് ഇത് നടത്തിയെടുത്തിരിക്കുന്നത്? തീര്‍ച്ചയായും ഇത് നടന്നിരിക്കുന്നത് ക്ഷേത്രം തുറന്നു ഇരുന്ന സമയത്തു ആവില്ല. അതായത് ക്ഷേത്രത്തില്‍ യുവതി പ്രവേശനം നടത്തി വളരെ ആഹ്ലാദിച്ചു പൊട്ടിച്ചിരിച്ചു ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ മറ്റ് സഹായികളായ ഉദ്യോഗസ്ഥരും ശബരിമലയിലെ മകരവിളക്ക് കഴിയുന്നതുവരെ എന്തായാലും ഇത്തരം ഒരു കാര്യത്തിലിടപെടാന്‍ സാധ്യതയില്ല. മാത്രമല്ല അവിടെ ഉണ്ടായിരുന്ന ടിവി ചാനലുകളിലെല്ലാം ആ വര്‍ഷം മകരവിളക്ക് നടക്കുമ്പോള്‍ ദ്വാര പാലക ശില്പങ്ങളും, വാതിലുകളും ശില്പങ്ങളും എല്ലാം 1998 പൊതിഞ്ഞ സ്വര്‍ണ്ണ പാളികള്‍ അതേ പോലെ തന്നെ അവിടെ ഉണ്ടായിരുന്നു എന്നത് കൃത്യമായി അറിയാം.അതിനൊന്നും യാതൊരു മാറ്റവും വന്നിട്ടില്ല.
24 മണിക്കൂറും ഭക്ത പ്രവാഹമുള്ള ആ സ്ഥലത്തു നിന്നും ആര്‍ക്കും ആ സമയത്തു അങ്ങനെ ഒരു സാധനം എടുത്തു കൊണ്ട് പോകാന്‍ സാധ്യമല്ല. പിന്നെ എങ്ങനെ എടുത്തുകൊണ്ടു പോകാം? നട അടച്ചതിനു ശേഷമുള്ള സമയത്തു മാത്രമേ ഈ ദ്വാര പലക വിഗ്രഹങ്ങളും കട്ടളകളും അതുപോലെ വാതിലുകളും മറ്റും മാറ്റാന്‍ സാധിക്കുകയുള്ളു.അതിന് ആരുടെയെല്ലാം പിന്തുണ വേണം? അതിന് തീര്‍ച്ചയായിട്ടും അവിടെയുള്ള തന്ത്രിയുടെ പിന്തുണ വേണം,ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ പിന്തുണ വേണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പിന്തുണ വേണം , അത് കൂടാതെ അവിടെ ഉള്ള മറ്റ് ഇതോടനുബന്ധിച്ച ആള്‍ക്കാരുടെ കൂടെ പിന്തുണ ആവശ്യമാണ്.
അതില്‍ തന്ത്രിയെ മാത്രം മാറ്റിനിര്‍ത്തുന്നത് ശരിയല്ല. തന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു തന്ത്രം അവിടെ നടക്കില്ല. അത് ഹൈന്ദവര്‍ മനസ്സിലാക്കണം. നമ്മള്‍ പല ക്ഷേത്രങ്ങളിലും ഇപ്പോള്‍ കാണുന്നുണ്ട് തന്ത്രികള്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് കൊടുത്തിട്ടുള്ളത്.
പക്ഷെ ആ സ്ഥാനത്തിന് യോജിച്ച നിലയിലാണോ പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ തന്ത്രികള്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്ന് കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്ത്രി അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്താന്‍ സാധിക്കുക? ശ്രീകോവിലിന്റെ ഒരു ഭാഗം അവിടുന്ന് എടുത്തു മാറ്റുന്നത് എങ്ങനെയാണ്?
മാത്രമല്ല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരി ഭാവത്തില്‍ ഇരിക്കുന്ന ശബരിമലയില്‍ അവിടെ നിന്നും ശ്രീകോവിലിന്റെ ഭാഗങ്ങള്‍ എങ്ങനെയാണ് പുറത്തേക്ക് കൊണ്ട് പോകുന്നത് ? പുറത്തു ഉണ്ടാക്കിയ ശേഷം അവിടെ കൊണ്ട് വന്നു സ്ഥാപിക്കാം.പക്ഷെ അവിടുന്ന് വീണ്ടും പൊളിച്ചു എങ്ങനെയാണ് വീണ്ടും പുറത്തേയ്ക്ക് കൊണ്ട് പോകുന്നത്? അപ്പോള്‍ അതിന് ആരാണ് അനുവാദം കൊടുത്തത് ? അവിടെ അതിനെ സംബന്ധിച്ച് വല്ല ദേവ പ്രശ്‌നവും നടത്തിയോ ? അതുപോലെ അതിന് വല്ല കമ്മറ്റി ഉണ്ടാക്കിയോ ? ആ കമ്മറ്റി ഇത് എടുക്കുന്ന സമയം വീഡിയോ റെക്കോര്‍ഡിങ് എന്തെങ്കിലും ചെയ്തുവോ ? അവിടെ സിസിറ്റിവി ഉള്ളതാണ് , അതില്‍ എന്താണ് കാണുന്നത് ? അത് പരിശോധിക്കേണ്ടതല്ലേ ? അവിടെ നട അടച്ച സമയങ്ങളിലും സിസിറ്റിവി പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല അവിടെ ശക്തമായ സെക്യൂരിറ്റി സംവിധാനവും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ട്.അപ്പോള്‍ അവര്‍ ഇത് അനുവദിക്കണമെങ്കില്‍ തീര്‍ച്ചയായിട്ടും അവര്‍ക്ക് നിര്‍ദേശം ആരെങ്കിലും കൃത്യമായി കൊടുത്തിരിക്കണം. അതല്ലെങ്കില്‍ അവിടെ ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ തീര്‍ച്ചയായിട്ടും ഇത്തരം ഒരു കാര്യം , അവിടെ നിന്നും ഇത് കടത്തുന്നത് തടയുന്നതാണ്. അപ്പോള്‍ ആരാണ് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത് ?
കാരണം ഇത് ഒഫീഷ്യല്‍ ആയി കൊണ്ട് പോകുകയാണെങ്കില്‍ മാത്രമാണ് ആ പോലീസ് ഉദ്യോഗസ്ഥര്‍ അത് സമ്മതിക്കുക. അവിടെ ഇതിന്റെ സുരക്ഷയ്ക്ക് വേണ്ടി ഉള്ള നല്ല ശക്തമായ ഒരു പോലീസ് സംവിധാനം ഉണ്ട്. എനിക്ക് അറിയാം വളരെ മുന്‍പ് തന്നെ ഉണ്ടായിരുന്നു. 2005 ല്‍ ഞാന്‍ ഐജി ആയിരുന്നപ്പോഴാണ് മികച്ച രീതിയില്‍ വലുതാക്കി കൊണ്ട് വന്നത് . ശക്തമായ സുരക്ഷാ സംവിധാനം തന്നെ അവിടെ ഉണ്ടായിരുന്നു. നട അടച്ച ശേഷവും അത് അവിടെ തുടരുന്നുണ്ടായിരുന്നു. അപ്പോള്‍ അവര്‍ അത് സമ്മതിക്കണമെങ്കില്‍ തീര്‍ച്ചയായിട്ടും അത് ഒഫീഷ്യല്‍ ആയിട്ട് കൊണ്ടുപോകുന്നു എന്ന കാരണം കൊണ്ടാണ്.
തീര്‍ച്ചയായിട്ടും അവര്‍ക്ക് അറിയാന്‍ പറ്റും എങ്ങനെയാണ് കൊണ്ടുപോയത് ആരൊക്കെയാണ് കൊണ്ടുപോയത് എന്ന്. അന്നുണ്ടായിരുന്ന പോലീസ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കും. അതുപോലെ ഇങ്ങനെ ഒരു സംഗതി നടന്ന കാര്യം പോലീസ് ഇന്റലിജന്‍സിനും തീര്‍ച്ചയായിട്ടും അറിയേണ്ടതാണ്. അത്‌പോലെ തന്നെ ആ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍, അദ്ദേഹവും ഇത് അറിയേണ്ടതാണ്.
അദ്ദേഹം അറിയാതെ ഇത്തരം കാര്യങ്ങള്‍ അവിടെ ചെയ്യാന്‍ പാടില്ലാത്തതാണ്. കാരണം ബഹുമാനപ്പെട്ട ഹൈക്കോടതിയെ അറിയിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് ഈ കാര്യത്തില്‍ ചിലരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന്റെ ഫാക്റ്റ് നോക്കുകയാണെങ്കില്‍ ഏതായാലും നട അടച്ചതിന് ശേഷമുള്ള സമയത്ത് സിസിറ്റിവി പരിശോദിച്ചാല്‍ ഇത് മനസ്സിലാകും.
ഒരു ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല. അയാള്‍ ഇതിലെ ചെറിയ ഒരു കഥാപാത്രം മാത്രമേ ആകുന്നുള്ളു. ഇതുപോലെ മറ്റു ക്ഷേത്രങ്ങളില്‍ എന്ത് സംഭവിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ എന്ത് സംഭവിച്ചിരിക്കുന്നു എന്ന് കൂടി നോക്കേണ്ടത് അത്യാവശ്യമല്ലേ ? അത് കൂടി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. എല്ലാ കള്ളന്മാരും ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. വിജയ് മല്യയ്യെ പോലെ ഉള്ള ഒരാള്‍ അയ്യപ്പ സ്വാമിക്ക് സ്വര്‍ണ്ണ പാളികള്‍ സമര്‍പ്പണം നടത്തി പക്ഷേ രക്ഷപ്പെട്ടില്ല. അങ്ങനെ കള്ളന്മാര്‍ക്ക് ദക്ഷിണ കൊടുത്തും സമര്‍പ്പണം നടത്തിയും രക്ഷപെടാന്‍ പറ്റുന്ന സ്ഥലമല്ല ശബരിമല.
അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഇതില്‍ നിയമപരമായി എടുക്കേണ്ട നടപടികളാണ് നമ്മള്‍ ആദ്യം സ്വീകരിക്കേണ്ടത് ? ഞാന്‍ ഇപ്പോഴും പറയുന്നു പ്രതിഷേധങ്ങള്‍ ഒക്കെ നല്ലതാണ്, നാമജപം ഒക്കെ നല്ലതാണ് . പക്ഷേ ഓര്‍ക്കുക .. യുവതി യുവാക്കളെ അനാവശ്യമായി കേസുകളില്‍ പെടുത്തി ഉപദ്രവിക്കുന്ന ഒരു സംവിധാനത്തിലേക്ക് ഇതിനെ എതിര്‍ക്കുന്നവര്‍ കൊണ്ട് എത്തിക്കരുത്. കാരണം , എനിക്ക് കൃത്യമായി അറിയാം . എല്‍ഡിഎഫിനും , യുഡിഎഫിനും മാറി മാറി സര്‍ക്കാരുകള്‍ വരുകയും, അവരുടെ പ്രവര്‍ത്തകരുടെ മേല്‍ ചുമത്തിയ കേസുകള്‍ എല്ലാം പിന്‍വലിക്കുകയും ചെയ്യുന്നു.
പക്ഷേ , ഇതിനുവേണ്ടി ഹൈന്ദവ സ്‌നേഹത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് യുവതി യുവാക്കള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കുന്നതിന്, സര്‍ക്കാരില്‍ ജോലിക്ക് അപേക്ഷിക്കുന്നതിനോ , പബ്ലിക് സെക്ടറില്‍ ജോലിക്ക് അപേക്ഷിക്കുന്നതിനോ ഒന്നും പറ്റാത്ത വിധത്തില്‍ ആകുന്നുണ്ട് ! സമരത്തില്‍ തീക്ഷ്ണമായി പലതും സംഭവിക്കാം. നമുക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഉള്ള സ്ഥിതിക്ക് ആ മാര്‍ഗ്ഗങ്ങള്‍ നോക്കിയതിന് ശേഷം മാത്രം വേണം അങ്ങനെ ഒരു മാര്‍ഗ്ഗത്തിലേക്ക് പോകേണ്ടത്. ജനങ്ങളില്‍ ഇത് എത്തിക്കാനായിട്ട് സമരം ചെയ്യല്‍ അല്ലാതെ മറ്റ് എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്. ആ വഴികളെല്ലാം ഉപയോഗിച്ചുകൂടെ ? ഇതാണ് ഈ കാര്യത്തില്‍ ഒന്നാമത്തെ എന്റെ ഉപദേശം ! കാരണം ഇങ്ങനെയുള്ള പല കാര്യങ്ങളും നമ്മള്‍ കണ്ടിട്ടുള്ളതാണ്. അതുകൊണ്ടാണ് പറയുന്നത്.
അന്നത്തെ ഡിജിപി മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ ഇത് എന്തുകൊണ്ട് ശ്രദ്ധിച്ചില്ല ? ഇത് എന്തുകൊണ്ട് നടന്നു ? അവരുടെ എന്ത് പിന്തുണയാണ് ഇതിന് ഉണ്ടായിരുന്നത് ? ഇത്തരം കാര്യങ്ങള്‍ എല്ലാം അന്വേഷിക്കപ്പെടേണ്ടതാണ്. തീര്‍ച്ചയായിട്ടും അങ്ങനെ ഒരു അന്വേഷണം കേരള പോലീസിന്റെ ഉള്ളില്‍ നിന്നും നടക്കുന്നത് ശരിയായിരിക്കില്ല. അത് സിബിഐ പോലുള്ള പുറത്തുള്ള ഏജന്‍സിക്ക് കൊടുക്കേണ്ടതാണ്. അതുകൊണ്ട് തീര്‍ച്ചയായും ബഹുമാനപ്പെട്ട കേരള ഹൈകോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്ത് ഇത്തരം കാര്യങ്ങള്‍ കൃത്യമായി ഉന്നയിച്ചു ഈ കേസ് എന്തുകൊണ്ട് സിബിഐ അന്വേഷിക്കണം എന്ന് ബോധ്യപ്പെടുത്തേണ്ടതാണ് .
ആദ്യം തന്നെ ഒരു കേസ് രെജിസ്റ്റര്‍ ചെയ്യപ്പെടണം , അതിന് ശേഷം ആ കേസ് കേരള പോലീസ് അന്വേഷിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നും, ആരെല്ലാം ഇതില്‍ ഭാഗമായി വരാം , അങ്ങനെ ഉള്ള സാഹചര്യത്തില്‍ കേരള പോലീസ് അന്വേഷിച്ചാല്‍ അന്വേഷണം സുതാര്യമാവില്ല, അത് സിബിഐ പോലുള്ള സംവിധാനത്തിലേക്ക് കൊടുക്കേണ്ടതിന്റെ ആവശ്യം പറഞ്ഞു ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷണ്‍ ഫയല്‍ ചെയ്യുകയും അതില്‍ നിന്നും സിബിഐലേക്ക് കേസ് മാറ്റിയെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യേണ്ടതാണ്.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്.
യാതൊരു പ്ലാനിംഗ് ഇല്ലാതെ വെറുതെ കുറെ നടപടികള്‍ വേണം , അല്ലെങ്കില്‍ കുറെ ബഹളം ഉണ്ടാക്കണം അതുകൊണ്ട് ജന ശ്രദ്ധ മാറി പോകുവാനേ ഇടയുള്ളൂ. ഇത് ഹൈന്ദവ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുകയും അവിശ്വാസികള്‍ ഭരണത്തില്‍ ഉണ്ടായാല്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട കാര്യം ക്ഷേത്രം കൊള്ള എങ്ങനെ നടക്കും എന്നും നോക്കുക. അതോടൊപ്പം ഈ ക്ഷേത്രങ്ങളില്‍ ഒന്നും സനാതന ധര്‍മ്മം പഠിപ്പിക്കാന്‍ അനുവദിക്കുന്നില്ല എന്ന കാര്യം കൂടി നമ്മള്‍ കൃത്യമായി ഓര്‍ക്കേണ്ടതാണ്.
എന്തിനേറെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഹൈന്ദവന്റെ അടയാളമായ കാവി കോടി ഉയര്‍ത്താന്‍ പോലും പാടില്ല എന്ന സ്ഥിതിയാണിപ്പോള്‍ എന്ന് ഓര്‍ക്കുക. അതുകൊണ്ട് :
1. ഇതിനൊക്കെ തിരഞ്ഞെടുപ്പില്‍ മറുപടി കൊടുക്കേണ്ടതാണ്. 2019 ല്‍ അടികിട്ടാന്‍ ഒരു കൂട്ടരും , അതിന്റെ ഫലം അനുഭവിക്കാന്‍ മറ്റൊരു കൂട്ടരും എന്ന സ്ഥിതി ആയിരുന്നു. ആ സ്ഥിതി മാറണം.
2. നിയമപരമായി എടുക്കേണ്ട നടപടികള്‍ക്ക് പുറമെ ജനങ്ങളില്‍ കൂടുതലായി ഇത്തരം കാര്യങ്ങള്‍ അറിയിക്കുന്നതിനായി വളരെ സമാധാനപൂര്‍വമായ നടപടികള്‍ എടുക്കണം.
അങ്ങനെയൊക്കെയാണ് ഇതിനെ ലക്ഷ്യത്തില്‍ എത്തിക്കേണ്ടത്. ഇത് എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു എന്ന് മാത്രം. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഞാന്‍ പല തവണ പറഞ്ഞ പോലെ ഒരു നിയമം കൊണ്ട് വന്നു ഈ ദേവസ്വം ബോര്‍ഡുകളെ എല്ലാം ഒരു സെന്‍ട്രല്‍ ആക്ടിന്റെ ഉള്ളില്‍ കൊണ്ട് വന്ന് ആ സെന്‍ട്രല്‍ ആക്റ്റിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡുകളെ റദ്ദാക്കാനും , വിശ്വാസികളുടെ കയ്യില്‍ ക്ഷേത്രങ്ങളും ഭരണങ്ങളും ഉണ്ടാവാനുള്ള നടപടില്‍ കൂടി സ്വീകരിക്കേണ്ടതാണ്.
അങ്ങനെ ഒരു അവസരം ഉള്ളപ്പോള്‍ തീര്‍ച്ചയായും ഈ 4 -5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബാധകമായ വിധത്തില്‍ ഈ കാര്യങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ നമ്മള്‍ യുവജനതയെ മാത്രം കുരുതി കൊടുത്തുകൊണ്ട് മുന്നോട്ട് പോകുന്നത് ശെരിയല്ല. കാരണം അതല്ലാതെ ചെയ്യാനുള്ള അവസരങ്ങള്‍ കൃത്യമായി , നിയമപരമായി ഉണ്ട്. അത് ഉപയോഗപ്പെടുത്തേണ്ടത് തന്നെയാണ്.