പാക്കിസ്ഥാന്‍ എത്രയൊക്കെ തള്ളിപ്പറഞ്ഞാലും തഹാവൂര്‍ ഹുസൈന്‍ റാണ പാക് പൗരന്‍ തന്നെ! രണ്ടുപതിറ്റാണ്ടായി റാണ പൗരത്വം പുതുക്കിയില്ലെങ്കിലും കനേഡിയന്‍ പൗരനെന്നു പറഞ്ഞൊഴിയുമ്പോള്‍ വേരുകള്‍ മുഴുവന്‍ പാക്കിസ്ഥാനില്‍ തന്നെ; കാനഡയില്‍ എത്തിയത് പാക് പട്ടാളത്തില്‍ നിന്ന് മുങ്ങി; പ്രവര്‍ത്തിച്ചത് ഇസ്ലാമിക ജിഹാദികളുടെ അതേ രീതിയിലും
പാക്കിസ്ഥാന്‍ എത്രയൊക്കെ തള്ളിപ്പറഞ്ഞാലും തഹാവൂര്‍ ഹുസൈന്‍ റാണ പാക് പൗരന്‍ തന്നെ!
ന്യൂഡല്‍ഹി: 26/11 മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്മാരില്‍ ഒരാളായ പാക്-കനേഡിയന്‍ ഭീകരന്‍ തഹാവൂര്‍ റാണയെ അറിയില്ലെന്ന മട്ടില്‍ പാക്കിസ്ഥാന്‍. 166 പേരെ കൂട്ടക്കുരുതി നടത്തിയ ഭീകരാക്രമണ കേസിലെ പ്രതിയെ ഇന്ത്യയെ എത്തിച്ചപ്പോള്‍, റാണ പാക് പൗരനല്ല, കനേഡിയന്‍ പൗരനാണെന്ന നിലപാടാണ് പാക് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.
രണ്ടുപതിറ്റാണ്ടായി തന്റെ പൗരത്വം പുതുക്കാന്‍ റാണ പരിശ്രമം നടത്തിയിട്ടില്ലെന്ന് പാക് വിദേശകാര്യവക്താവ് ഷഫ്ഖത്ത് അലി ഖാന്‍ പറഞ്ഞു. കാനഡയിലേക്ക് കുടിയേറിയവര്‍ക്ക് പാകിസ്ഥാന്‍ ഇരട്ട പൗരത്വം നല്‍കുന്നില്ല. അതുകൊണ്ട് തന്നെ റാണ കനേഡിയന്‍ പൗരനാണെന്ന് വ്യക്തമാണ്, പാക് വിദേശകാര്യ വക്താവ് പറഞ്ഞു.
അമേരിക്കയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊണ്ടുവരുന്ന റാണയെ ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെ പാലം വ്യോമസേന താവളത്തില്‍ ഇന്ത്യന്‍ അധികൃകര്‍ കാത്തുനില്‍ക്കവേയാണ് പാക് പ്രതികരണം വന്നത്.
ഇന്ത്യന്‍ മണ്ണില്‍ കാല്‍കുത്തിയാല്‍ ഉടന്‍ എന്‍ഐഐ അറസ്റ്റ് ചെയ്ത് ഡല്‍ഹി തിഹാര്‍ ജയിലിലെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
റാണയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നതോടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ചോദ്യംചെയ്യലിലേക്കും വിചാരണാ നടപടികളിലേക്കും കടക്കാന്‍ സാധിക്കും. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള വ്യവസായിയും, കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയ്ക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഭീകരരുമായും പാക് നേതാക്കളുമായും ബന്ധിപ്പെട്ടിരുന്നതായും ഇന്ത്യ കണ്ടെത്തിയിരുന്നു. പാക് - യുഎസ് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി റാണ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നു തെളിവുണ്ട്. അമേരിക്കന്‍ സുപ്രീം കോടതി ഹരജി തള്ളിയതോടെ, റാണയുടെ ജീവതകഥയും ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
പാക്കിസ്ഥാന്‍ എത്രയൊക്കെ തളളിപ്പറഞ്ഞാലും....
1961 ജനുവരി 12 ന് പാകിസ്ഥാനിലെ പഞ്ചാബിലെ ചിചാവത്‌നിയിയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് തഹാവൂര്‍ ഹുസൈന്‍ റാണ ജനിച്ചത്. ബന്ധുക്കള്‍ എല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയവരും, സമൂഹത്തില്‍ നിലയും വിലയും ഉള്ളവരും ആയിരുന്നു. പിതാവ് ലാഹോറിനടുത്തുള്ള ഒരു ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു. റാണയുടെ സഹോദരന്മാരില്‍ ഒരാള്‍ പാകിസ്ഥാന്‍ സൈനിക ആശുപത്രിയിലെ മനോരോഗവിദഗ്ദ്ധനും എഴുത്തുകാരനുമാണ്. മറ്റൊരാള്‍ കനേഡിയന്‍ രാഷ്ട്രീയ പത്രമായ ദി ഹില്‍ ടൈംസിലെ പത്രപ്രവര്‍ത്തകനാണ്.
സ്‌കൂള്‍ കാലം തൊട്ടുതന്നെ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി, റാണയുടെ അടുത്ത സുഹൃത്തായിരുന്നു. ദാവൂദ് സെയ്ദ് ഗീലാനി എന്നാണ് ഹെഡ്ലിയുടെ യഥാര്‍ത്ഥപേര്. ഹെഡ്ലിയുടെ മാതാവ് അമേരിക്കന്‍ വംശജയും, പിതാവ് പാക്കിസ്ഥാനിയുമാണ്. മിലിട്ടറി റെസിഡന്‍ഷ്യല്‍ കോളജ് ആയ ഹസന്‍ അബ്ദാല്‍ കാഡറ്റ് കോളജില്‍ പഠിക്കുന്നതിനിടെയാണ് ഹെഡ്ലിയുമായ റാണ കൂടുതല്‍ അടുപ്പമാവുന്നത്. എപ്പോഴും ഒന്നിച്ചുള്ളതിനാല്‍ ഇവര്‍ സഹോദരങ്ങളാണെന്ന് പലരും സംശയിച്ചു. ഇരുവരും തമ്മില്‍ സ്വവര്‍ഗാനുരാഗ ബന്ധം വരെ ചിലര്‍ സംശയിച്ചിരുന്നതായി സ്‌കൈ ന്യൂസ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠിക്കാനും റാണ മിടുക്കനായിരുന്നു. ഡോക്റായ അദ്ദേഹം, പാകിസ്ഥാന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ ക്യാപ്റ്റന്‍ ജനറല്‍ ഡ്യൂട്ടി പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചു. എന്നാല്‍ റാണ 1997- ല്‍ ഭാര്യയോടൊപ്പം കാനഡയിലേക്ക് കുടിയേറി. ഡോക്ടറായ അദ്ദേഹവും ഭാര്യയും 2001 ജൂണില്‍ കനേഡിയന്‍ പൗരത്വം നേടി. പാക് പട്ടാളത്തില്‍ നിന്ന് അനുമതിയില്ലാതെ മുങ്ങിയതിന് ആദ്യകാലത്ത് റാണക്കെതിരെ ജന്മനാട്ടില്‍ കേസുണ്ടായിരുന്നു. പാക്കിസ്ഥാനിലേക്ക് വരുന്നതിന് നിരോധനവും ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ലഷ്‌ക്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകനും, ഐഎസ്ഐയുടെ ചാരനുമായി അദ്ദേഹം മാറി. സഹപ്രവര്‍ത്തകയും ഡോക്ടറുമായ സമ്രാസിനെയാണ് റാണ വിവാഹം കഴിച്ചത്. 97-ല്‍ സിയാച്ചിലേക്ക് മാറിയതോടെ കടുത്ത ശ്വാസതടസ്സത്തിന് കാരണമാവുന്ന പള്‍മണറി എഡിമ രോഗബാധിതനായി എന്നും അതിനാലാണ് സൈന്യത്തില്‍ നിന്ന് ഒളിച്ചോടിയത് എന്നുമാണ് റാണ പറയുന്ന വിശദീകരണം.
കാനഡയില്‍ നിന്ന് റാണ പതുക്കെ അമേരിക്കയിലേക്ക് കടന്നു. തുടര്‍ന്ന്, ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ശേഷം, റാണ വിവിധ ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെട്ടു. ഷിക്കാഗോ, ന്യൂയോര്‍ക്ക് , ടൊറന്റോ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ഒരു ഇമിഗ്രേഷന്‍ സേവന ഏജന്‍സിയായ ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ അദ്ദേഹം സ്ഥാപിച്ചു. മുംബൈയില്‍ വരെ അതിന് ബ്രാഞ്ചുകള്‍ ഉണ്ടായി. കോടീശ്വരനായ ഒരു വ്യവസായി എന്ന നിലയിലേക്ക് അയാള്‍ ഉയര്‍ന്നു. പക്ഷേ അവിടെയും മതപ്പണി റാണ കളഞ്ഞില്ല. ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ അദ്ദേഹം മറന്നില്ല.
ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി ആടുകള്‍, ചെമ്മരിയാടുകള്‍, പശുക്കള്‍ എന്നിവയെ അറുക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ഒരു ഹലാല്‍ കശാപ്പുശാലയും അദ്ദേഹം സ്ഥാപിച്ചു! ഷിക്കാഗോയുടെ വടക്കന്‍ ഭാഗത്തുള്ള ഒരു വീട്ടിലായിരുന്നു, റാണയുടെ കുടുംബം താമസിച്ചിരുന്നത്. മേല്‍ക്കൂരയിലെ വലിയ സാറ്റലൈറ്റ് ഡിഷ് ഉപയോഗിച്ച് ഇതിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് നേരത്തെ വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. അയല്‍ക്കാര്‍ അദ്ദേഹത്തെ, മറ്റുള്ളവരുമായി അപൂര്‍വ്വമായി ഇടപഴകാത്ത ഒരു ഏകാന്ത വ്യക്തിയായി വിശേഷിപ്പിക്കുന്നു, അദ്ദേഹത്തിന്റെ കുട്ടികള്‍ പ്രാദേശിക കുട്ടികളുമായി ഇടപഴകാറില്ല. ശരിക്കും ഇസ്ലാമിക ജിഹാദികളുടെ അതേ രീതിയില്‍ തന്നെയായിരുന്നു റാണയുടെ പ്രവര്‍ത്തനം.
ബിസിനസ്സ് സംരംഭങ്ങള്‍ക്ക് പുറമേ, റാണയ്ക്ക് ഒട്ടാവയില്‍ ഒരു വീടുണ്ട് , അവിടെ അദ്ദേഹത്തിന്റെ അച്ഛനും സഹോദരനും താമസിക്കുന്നു. പക്ഷേ ഇവര്‍ക്ക് ആര്‍ക്കും ഭീകരസംഘടനകളുമായി ബന്ധമില്ല. പക്ഷേ ഡോക്ടറും ബിസിനസ്മാനായുമൊക്കെ പ്രവര്‍ത്തിക്കുമ്പോഴും, റാണ ഭീകരസംഘടനയായ ലഷ്‌ക്കറെ ത്വയ്യിബയില്‍ അംഗമായിരുന്നു. പാക്ക് ചാരസംഘനയായ ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്നു. ഇതെല്ലാം പിന്നീടാണ് വെളിപ്പെട്ടത്.