ഡേവിഡ് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്ത്; പാകിസ്താന്‍ വംശജനായ കനേഡിയന്‍ വ്യവസായി; മുംബൈ ഭീകരാക്രമണക്കേസില്‍ നിര്‍ണായക ബന്ധം; അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും

അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും

Update: 2024-10-22 06:13 GMT

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തില്‍ വിചാരണ നേരിടുന്ന പാകിസ്താന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും. ഡിസംബര്‍ രണ്ടാം പകുതിയോടെ കൈമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റാണയുടെ ഹരജി യു.എസ് കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് കൈമാറ്റ നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യ-യു.എസ് അന്വേഷണ ഏജന്‍സികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്നും ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ അടുത്തിടെ ഡല്‍ഹിയിലെ യു.എസ് എംബസിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ റാണയെ കൈമാറുന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. കൈമാറ്റം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും ഇന്ത്യ-യു.എസ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

റാണക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറ്റ ഉടമ്പടിയുടെ നിബന്ധനങ്ങള്‍ക്കുള്ളില്‍ വരുന്നതാണ്. മുംബൈ ഭീകരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഡേവിഡ് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്താണ് റാണ. 2009 ഒക്ടോബറില്‍ ഷിക്കാഗോയിലെ ഒ' ഹെയര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഹെഡ്ലി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് റാണയെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തത്.

അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി തെക്കന്‍ കാലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്‍ഡ് ജയിലിലായിരുന്നു റാണ. എന്നാല്‍ കോവിഡ് സമയത്ത് രോഗബാധയെ തുടര്‍ന്ന് പുറത്തിറങ്ങിയിരുന്നു. ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ജൂണ്‍ 19 ന് ലോസ് ഏഞ്ചല്‍സില്‍ വച്ച് റാണയെ അറസ്റ്റ് ചെയ്തു.

2021-ല്‍ കൈമാറുന്നതിനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥന തീര്‍പ്പാക്കാന്‍ ബൈഡന്‍ ഭരണകൂടം ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും വിചാരണക്കായി റാണയെ ഇന്ത്യക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. കൈമാറല്‍ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ റാണക്ക് 45 ദിവസത്തെ സമയമുണ്ട്.

2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്ലിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പാക് വംശജനാണ് തഹാവൂര്‍ റാണെ. മുംബൈ ഭീകരമാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഡോവിഡ് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്താണ് അദ്ദേഹം. അമേരിക്കന്‍ പൗരനായ ഹെഡ്ലിയുടെ അമ്മ അമേരിക്കന്‍ വംശജയും അച്ഛന്‍ പാക് വംശജകനുമാണ്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി 2009 ഒക്ടോബറില്‍ 35 വര്‍ഷം തടവിലാക്കാന്‍ അമേരിക്ക ഉത്തരവിറക്കി.

ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബിടാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഹെഡ്ലി ശിക്ഷിക്കപ്പെട്ടത്. ഇന്ത്യയില്‍ തീവ്രവാദത്തിന് പിന്തുണ നല്‍കി, ഇന്ത്യയിലെ യുഎസ് വംശജരെ കൊലപ്പെടുത്തി തുടങ്ങി ആറ് കുറ്റങ്ങളാണ് ഹെഡ്ലിയുടെ പേരില്‍ ചാര്‍ത്തിയത്. ഡെന്‍മാര്‍ക്കിലെ ന്യൂസ് പേപ്പര്‍ ഓഫീസിന് ബോംബിട്ട കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തിയിരുന്നു.

ഹെഡ്ലി അഞ്ചുവര്‍ഷം പഠിച്ച പാകിസ്താനിലെ ഹാസന്‍ അബ്ദല്‍ കാഡറ്റ് സ്‌കൂളിലാണ് റാണ പഠിച്ചത്. പാക് ആര്‍മിയില്‍ ഡോക്ടറായി ജോലി ചെയ്ത റാണ പിന്നീട് കാനഡയിലേക്ക് താമസം മാറുകയും കനേഡിയന്‍ പൗരത്വം നേടുകയും ചെയ്തു. റാണ പിന്നീട് അമേരിക്കയിലെ ചിക്കാഗോയില്‍ വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുടങ്ങി. പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയെ ലക്ഷ്യങ്ങള്‍ കണ്ടെത്താനും, കാര്യങ്ങള്‍ നിരീക്ഷിക്കാനുമായി ഹെഡ്‌ലിക്ക് സഹായം നല്‍കിയത് റാണയുടെ ഈ സ്ഥാപനത്തിന്റെ മുംബൈയിലെ ശാഖയാണ്.

2018 നവംബര്‍ 26ന് ലഷ്‌കര്‍ ഭീകരര്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്ക് ഇരച്ചുകയറി. മൂന്ന് ദിവസം മുംബൈ നഗരം ഭീകരവാദികളുടെ പിടിയിലായിരുന്നു. താജ് ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനല്‍സ് റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം ഭീകരരുടെ അധീനതയിലായി. ആക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 166 പേരുടെ ജീവനാണ് നഷ്ടമായത്. ആക്രമണം നടത്തിയ പാക് പൗരന്മാര്‍ ബോട്ട് മാര്‍ഗമാണ് ഇന്ത്യയിലെത്തിയതെന്ന് പിന്നീട് കണ്ടെത്തി.

ഹെഡ്ലിക്ക് ലഷ്‌കര്‍ ബന്ധമുണ്ടെന്ന് റാണക്ക് അറിയാമായിരുന്നെന്നും ഇയാളെ സഹായിച്ച് തീവ്രവാദ പ്രവര്‍ത്തനത്തിന് മറയായി നിന്നുവെന്നും യു.എസ് അഭിഭാഷകര്‍ വാദിച്ചു. ഹെഡ്ലിയുടെ കൂടിക്കാഴ്ചകളെ കുറിച്ചും അതിലെ ചര്‍ച്ചാവിഷയങ്ങളും ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനം ഉള്‍പ്പെടെ അതിന് വേണ്ട പദ്ധതികളെ കുറിച്ച് വരെ അറിയാമായിരുന്നുവെന്നും അവര്‍ കോടതിയെ അറിയിച്ചു. റാണ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഭീകരപ്രവര്‍ത്തനക്കുറ്റം അയാളില്‍ ചുമത്താന്‍ തക്കതായ കാരണം ഉണ്ടെന്നും യുഎസ് സര്‍ക്കാര്‍ ഉറപ്പിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് കൈമാറാനുള്ള കോടതി വിധി. ഹെഡ്ലിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അമേരിക്കന്‍ പൊലീസ് ചിക്കാഗോ എയര്‍പോര്‍ട്ടില്‍ വച്ച് റാണയെയും 2009 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തു.

യുഎസ് കോടതി റാണയ്ക്കെതിരെ മുംബൈ ആക്രമണത്തിന് പിന്തുണ നല്‍കിയെന്ന ഗുരുതരമായ കുറ്റം ഒഴിവാക്കി. 2005ല്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ അച്ചടിച്ച ജിലാന്‍ഡ്സ്-പോസ്റ്റണ്‍ എന്ന ഡാനിഷ് പത്രമോഫീസ് ആക്രമിക്കാന്‍ ലഷ്‌കര്‍ ഭീകരന്മാര്‍ക്ക് പിന്തുണ നല്‍കിയതിനും 2011-ല്‍ ചിക്കാഗോയില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ യുഎസ് കോടതി റാണയ്ക്കെതിരെ മുംബൈ ആക്രമണത്തിന് പിന്തുണ നല്‍കിയെന്ന ഗുരുതരമായ കുറ്റം ഒഴിവാക്കി.

ആക്രമണത്തിന് പദ്ധതിയിട്ട ഹെഡ്ലി കബളിപ്പിച്ചുവെന്നായിരുന്നു റാണയുടെ വാദം. സര്‍ക്കാരിന്റെ മുഖ്യസാക്ഷിയായ ഹെഡ്ലി സ്ഥിരം കുറ്റവാളിയും നുണപറയുന്ന ആളുമാണെന്നും പ്രതിഭാഗം വാദിച്ചു. അധികാരികളുമായുള്ള അടുപ്പമാണ് 2013 ലെ കേസില്‍ ഹെഡ്ലി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടാത്തതിന് കാരണമെന്ന് നീതിന്യായ വകുപ്പും വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ സാക്ഷിയെന്ന നിലയില്‍ ഹെഡ്ലി നല്‍കിയ മൊഴിയാണ് റാണയെ 14 വര്‍ഷത്തെ തടവിനും തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ മേല്‍നോട്ടത്തിലുള്ള മോചനത്തിലേക്കും നയിച്ചത്.

Tags:    

Similar News