ക്ഷേത്രത്തിലെ വാളെടുത്ത് സ്വന്തം അനുജന്റെ തലയ്ക്കു വെട്ടിയ സഹോദരന്‍; വീടിന് പുറത്ത് സിസിടിവി വച്ചതിന് മര്‍ദ്ദനം ഏറ്റുവാങ്ങിയ ഗൃഹനാഥന്‍; ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരേ ലഹരി സംഘത്തിലെ കണ്ണികള്‍; താമരശ്ശേരി ബെംഗളൂരു റാക്കറ്റിന്റെ പിടിയില്‍; രണ്ട് മാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍; ഒരു വര്‍ഷത്തിനിടെ 122 കേസുകള്‍
താമരശ്ശേരി ബെംഗളൂരു റാക്കറ്റിന്റെ പിടിയില്‍; രണ്ട് മാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍
കോഴിക്കോട്: സംസ്ഥാനത്ത് രാസ ലഹരിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന പ്രദേശങ്ങളില്‍ ഒന്നയി താമരശ്ശേരിയും പരിസരപ്രദേശങ്ങളും. രണ്ട് മാസത്തിനിടെ മൂന്നു പേരാണ് താമരശ്ശേരി പ്രദേശത്ത് മൃഗീയമായി കൊല്ലപ്പെട്ടത്. ബംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയതോടെയാണ് ലഹരി കെണിയില്‍ പെടുന്നവരുടെ എണ്ണവും കുറ്റകൃത്യങ്ങളും പെരുകിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ താമരശേരിയില്‍ പൊലീസ് എക്‌സൈസ് വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് 122 ലഹരി കേസുകളാണ്.
ജനുവരി പതിനെട്ടിനാണ് അടിവാരം സ്വദേശി സുബൈദയെ മകന്‍ കഴുത്തറത്തു കൊന്നത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെയെത്തിയാണ് മകന്‍ ആഷിഖ് സുബൈദയെ കഴുത്തറത്തു കൊന്നത്. മാര്‍ച്ച് ഒന്നിനാണ് താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്‍ ഷഹബാസ് ഒരു കൂട്ടം വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. ഇതിന്റെ വേദന മാറും മുന്‍പ് നാടിനെ ഞെട്ടിച്ച് ഇന്നലെ വൈകിട്ട് വീണ്ടും കൊലപാതകം അരങ്ങേറി. പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് യാസറിന്റെ കുത്തേറ്റ് ഭാര്യ ഷിബിലയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹിമാന്‍, മാതാവ് ഹസീന എന്നിവര്‍ ചികിത്സയിലാണ്.
താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കൃത്യമായി അറിയാമെങ്കിലും പൊലീസും എക്‌സൈസും ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ക്ക് വ്യാപക ആക്ഷേപമുണ്ട്. റോഡിനോട് ചേര്‍ന്ന് മദ്യം വില്‍ക്കുകയായിരുന്ന ആളോട് മാറിപ്പോകണമെന്ന് പറഞ്ഞതിനു കട്ടിപ്പാറയില്‍ കഴിഞ്ഞ ദിവസം മധ്യവയസ്‌കന് മര്‍ദനമേറ്റു. കട്ടിപ്പാറ ഇരൂള്‍ക്കുന്നില്‍ വച്ചാണ് തിങ്കളാഴ്ച വൈകിട്ട് മര്‍ദനമേറ്റത്. ഇതിന് മുന്‍പും താമരശ്ശേരി കേന്ദ്രീകരിച്ച് ഒട്ടേറെപ്പേര്‍ക്ക് ലഹരി മരുന്ന് സംഘത്തിന്റെ മര്‍ദനമേറ്റിട്ടുണ്ട്. അതിനാല്‍ പലരും ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഭയക്കുകയാണ്.
കോഴിക്കോട് വഴി ബംഗളൂരുവിലേക്കുള്ള യാത്രയിലെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നായ താമരശ്ശേരി. പുതുപ്പാടി കട്ടിപ്പാറ താമരശ്ശേരി പഞ്ചായത്തുകളും വയനാട് ചുരം വരെ നീണ്ടുകിടക്കുന്ന ദേശീയപാതയും എല്ലാം ഉള്‍പ്പെടുന്ന താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധി കഴിഞ്ഞ കുറച്ചേറെ കാലമായി താമരശ്ശേരിയില്‍ നിന്ന് കേള്‍ക്കുന്നത് ഏറെയും അത്ര നല്ല വാര്‍ത്തകള്‍ അല്ല.
ലഹരി മാഫിയയുടെ വിളയാട്ടം നാട്ടുകാരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നത് സംബന്ധിച്ചും ഈ സംഘങ്ങള്‍ക്കെതിരെ നാട്ടുകാര്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് സംബന്ധിച്ചും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞെങ്കിലും പൊലീസിന്റെ അനാസ്ഥയാണ് കൊലപാതകങ്ങള്‍ വരെ കുറ്റകൃത്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ലഹരി ശൃംഖലയുടെ പ്രവര്‍ത്തനം താഴെത്തട്ടില്‍ വരെ എത്തിയ സാഹചര്യത്തില്‍ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമല്ലെന്നായിരുന്നു ലഹരി മാഫിയയുടെ ആക്രമണം ഏറ്റുവാങ്ങിയവര്‍ ഉള്‍പ്പെടെ പറഞ്ഞത്.
അടിവാരത്ത് ഒരു പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കേണ്ടതിനെക്കുറിച്ചും പൊലീസ് പട്രോളിങ് രാത്രികാലങ്ങളില്‍ ശക്തമാക്കേണ്ടതിനെകുറിച്ചും നാട്ടുകാര്‍ ആവര്‍ത്തിച്ചു. പക്ഷേ നടപടികള്‍ പതിവു രീതിയില്‍ മാത്രം ഒതുങ്ങി. ഏറെ വൈകാതെ ഈങ്ങാപ്പുഴക്ക് സമീപത്തുനിന്ന് നടുക്കുന്ന ഒരു വാര്‍ത്തയെത്തി. കാന്‍സര്‍ ബാധിച്ച് വീട്ടില്‍ കഴിയുകയായിരുന്നു ഉമ്മയെ ലഹരിക്ക് അടിമയായ മകന്‍ വെട്ടിക്കൊന്നു. പിന്നാലെ ലഹരിയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി അക്രമങ്ങള്‍.
ലഹരി തലയ്ക്ക് കയറി ക്ഷേത്രത്തിലെ വാളെടുത്ത സ്വന്തം അനുജന്റെ തലയ്ക്കു വെട്ടിയ ജേഷ്ഠന്‍, വീടിന് പുറത്ത് സിസിടിവി വച്ചതിന്റ പേരില്‍ ലഹരിമാഫിയയുടെ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന ഗൃഹനാഥന്‍. ഒടുവില്‍ പൊലീസിനെ കണ്ട് കൈയിലിരുന്ന എം ഡി എംഎയും വിഴുങ്ങി മരിച്ച ഷാനിദിന്റെ അനുഭവം വരെ. ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരേ ലഹരി സംഘത്തിലെ കണ്ണികള്‍ ആണെന്ന വിവരം താമരശ്ശേരിയിലെ സാധാരണ ജനങ്ങളുടെ ആധി കൂട്ടുന്നു.
താമരശ്ശേരി പൊലീസ് മാത്രം ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്തത് ലഹരിയുമായി ബന്ധപ്പട്ട് രജിസ്റ്റര്‍ ചെയ്തത് 74 കേസുകളാണ്. ഇതില്‍ 20 എണ്ണം എം.ഡി.എം.എ വലിയ തോതില്‍ പിടികൂടിയ കേസാണ്. 48 കേസുകള്‍ എക്‌സൈസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന രാസലഹരിയുടെ വിതരണ കേന്ദ്രമായി താമരശ്ശേരി ചുരം മാറിയിട്ട് ഏറെയായി. അടുത്തകാലത്ത് താമരശ്ശേരി ചുരത്തില്‍ മറിഞ്ഞ ഒരു ജീപ്പില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു.
അടുത്തിടെ പൊലീസും എക്‌സൈസും നടത്തിയ പരിശോധനകളില്‍ ഒട്ടേറെപ്പേരെ രാസലഹരി വസ്തുക്കളുമായി പിടികൂടിയിരുന്നു. കിലോക്കണക്കിന് കഞ്ചാവും പിടികൂടി. എന്നാല്‍ ഇപ്പോഴും ലഹരി മരുന്ന് സംഘം സജീവമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ വൈകിട്ടും കൊലപാതകം അരങ്ങേറിയത്.
ബെംഗളൂരുവില്‍ നിന്നുള്ള പല ലഹരി മരുന്ന് ഇടപാടുകാരും താമരശ്ശേരി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസിനും എക്‌സൈസിനും കൃത്യമായി വിവരമുണ്ട്. താമരശ്ശേരി കേന്ദ്രീകരിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ലഹരി മരുന്നിന് അടിമകളാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷഹബാസിന്റെ മരണത്തിനു ശേഷം കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ലഹരി മരുന്ന് മാഫിയയുടെ ഇടപെടല്‍ ഉള്‍പ്പെടെ അന്ന് ചര്‍ച്ചയായിരുന്നു. പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും ഉയര്‍ന്നു.
അതേ സമയം, പൊലീസ് ലഹരി മരുന്നുകള്‍ വന്‍ തോതില്‍ പിടിക്കാന്‍ തുടങ്ങിയതോടെ സ്ഥിരമായി ഉപയോഗിച്ചിരുന്നവര്‍, ഇത് കിട്ടാതെ വന്നതിന്റെ വിഭ്രാന്തി കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഷിബിലയെ കുത്തുന്ന സമയത്ത് യാസിര്‍ ലഹരിയിലായിരുന്നില്ല എന്നാണ് വൈദ്യപരിശോധനയില്‍ തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ യാസിര്‍ സ്ഥിരമായി ലഹരി മരുന്നു ഉപയോഗിച്ചിരുന്ന ആളാണെന്നാണ് എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ലഹരി മരുന്ന് കിട്ടാതെ വന്നപ്പോഴാണോ യാസിര്‍ കൊലപാതകം നടത്തിയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.