അമ്മാ..ഞങ്ങളെ വിട്ടു പോയല്ലോ.. അമ്മയുടെ മൃതദേഹം കണ്ട് നെഞ്ച് തകര്‍ന്ന നിലവിളിച്ച് മകനും മകളും; ആശ്വാസിപ്പിക്കാന്‍ കഴിയാതെ പൊട്ടക്കരഞ്ഞ് പിതാവ് വിശ്രുതന്‍; ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കണ്ണീരടക്കാനാവാതെ ഉറ്റവര്‍; ബിന്ദുവിനെ അവസാനനോക്കു കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തുന്നു
അമ്മാ..ഞങ്ങളെ വിട്ടു പോയല്ലോ.. അമ്മയുടെ മൃതദേഹം കണ്ട് നെഞ്ച് തകര്‍ന്ന നിലവിളിച്ച് മകനും മകളും
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ എങ്ങും വികാരനിര്‍ഭരണമായ രംഗങ്ങള്‍. തലയോലപ്പറമ്പിലെ വീട്ടില്‍ അല്‍പ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിര്‍ഭരമായ രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്. മക്കളും ഭര്‍ത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. അമ്മയുടെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ മകന്‍ നവനീതിനെ കണ്ട് കണ്ടു നിന്നവരുടെ കണ്ണു നിറഞ്ഞു. കൂട്ടനിലവിളികളായിരുന്നു ആ വീട്ടില്‍ നിന്നും ഉയര്‍ന്നത്.
ബിന്ദുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്ടുകാരും വീട്ടില്‍ തടിച്ചുകൂടി. നൂറു കണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തുന്ന്ത. സംസ്‌കാരം അല്‍പ്പ സമയത്തിനകം നടക്കും. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്.
ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത് ഉപയോഗശൂന്യമായ കെട്ടിടത്തിലെന്ന അധികൃതരുടേയും മന്ത്രിമാരുടേയും വാദം പൂര്‍ണമായി തള്ളി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ രംത്തെത്തി. എല്ലാ സമയത്തും ആളുകളുള്ള വാര്‍ഡായിരുന്നു അതെന്നും 15 ബെഡെങ്കിലും കുറഞ്ഞത് വാര്‍ഡിലുണ്ടായിരുന്നുവെന്നും വിശ്രുതന്‍ പറഞ്ഞു. മുന്‍പും അതേ ശുചിമുറി തന്റെ ഭാര്യയും മകളും ഉപയോഗിച്ചിരുന്നതാണ്. സ്ഥിരമായി ഡോക്ടര്‍മാര്‍ റൗണ്ട്സിന് വരുന്ന വാര്‍ഡാണ്. ചവറുകള്‍ കൂട്ടിയിടുന്ന ഉപയോഗിക്കാത്ത കെട്ടിടമെന്ന് പറഞ്ഞ് ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നതെന്ന് വിശ്രുതന്‍ ചോദിച്ചു.
ബിന്ദുവിന്റെ മരണശേഷം സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആശ്വാസവാക്കുമായി ആരും തന്നെ സമീപിച്ചിരുന്നില്ലെന്ന് വിശ്രുതന്‍ പറഞ്ഞു. സികെ ആശ എംഎല്‍എയും ചാണ്ടി ഉമ്മന്‍ എംഎല്‍എയും സംസാരിച്ചു. മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കേട്ടെങ്കിലും തന്നെ വന്ന് കണ്ടില്ലെന്നും താന്‍ ആ സമയത്ത് അത് ആലോചിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ആരെയും കുറ്റപ്പെടുത്താനില്ല. പക്ഷേ മനുഷ്യത്വമുണ്ടെങ്കില്‍ ആ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം. രണ്ട് ദിവസം കഴിയുമ്പോള്‍ ഇത് തേച്ചുമാച്ച് കളയരുത്. ബിന്ദുവിനെ രക്ഷിക്കുന്നതില്‍ അനാസ്ഥയുണ്ടായി. വണ്ടിയെത്തിക്കാന്‍ ഉള്‍പ്പെടെ വൈകി. അവള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ വേദന സഹിച്ച് കിടക്കുമ്പോള്‍ താന്‍ പുറത്ത് ഭാര്യയെ തിരഞ്ഞ് പരക്കം പായുകയായിരുന്നുവെന്നും വിശ്രുതന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങള്‍ വലിയ ധനസ്ഥിതിയുള്ള ആളുകളല്ലെന്നും ഈ അവസ്ഥ മറ്റാര്‍ക്കും വരരുതെന്നാണ് പ്രാര്‍ഥനയെന്നും വിശ്രുതന്‍ പറഞ്ഞു. വീട് നോക്കിയിരുന്നത് ബിന്ദുവാണ്. 'അവളാണ് മക്കളെ പഠിപ്പിച്ചത്. ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത് അവളാണ്. ആദ്യ ശമ്പളം കിട്ടിയെന്ന് പറയാന്‍ മകന്‍ വിളിച്ചപ്പോള്‍ അമ്മയുടെ കൈയില്‍ കൊടുക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്'. തേങ്ങലോടെ വിശ്രുതന്‍ പറഞ്ഞു. മകളുടെ ചികിത്സ നടത്തുമെന്ന് ജനപ്രതിനിധികള്‍ വാക്കുനല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരേയും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരേയും വിമര്‍ശനവും പ്രതിഷേധവും ശക്തമാവുകയാണ്. കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്‌നസ് ഇല്ലായിരുന്നെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ കെ. ഫിലിപ്പ് പ്രതികരിച്ചു. കാലാകാലങ്ങളായി മെഡിക്കല്‍ കോളേജ് സംബന്ധിച്ച കാര്യങ്ങളില്‍ അധികൃതര്‍ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
മെഡിക്കല്‍ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിര്‍മ്മാണ ചട്ടത്തിന് വിരുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് അരുണ്‍ കെ ഫിലിപ്പ് വിമര്‍ശിച്ചു. നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങള്‍ക്ക് പോലും അപകടമുണ്ടായാല്‍ രക്ഷപ്രവര്‍ത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാല്‍ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. നിലവില്‍ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
അതേസമയം, അപകടത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.