ഇന്ത്യക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പരസ്യം; ബ്രിട്ടനില്‍ മലയാളികളുടേതെന്ന് കരുതപ്പെടുന്ന സ്ഥാപനത്തിന്റെ തൊഴില്‍ പരസ്യം പുലിവാലായി; ഇംഗ്ലീഷുകാര്‍ രംഗത്ത് വന്നതോടെ മാപ്പ് പറഞ്ഞ് ഐ ടി കമ്പനി

ഇന്ത്യക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പരസ്യം

Update: 2025-04-09 02:10 GMT

ലണ്ടന്‍: ഇന്ത്യന്‍ കുടിയേറ്റക്കാരെ മാത്രമെ പരിഗണിക്കുകയുള്ളു എന്ന് തൊഴില്‍ പരസ്യം നല്‍കിയ ബ്രിട്ടന്‍ ആസ്ഥാനമായി ഐ ടി കമ്പനി അവസാനം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ഇല്‍ഫോര്‍ഡിലുള്ള കമ്പനി ആസ്ഥാനത്തേക്ക് ഡെവ്ഓപ്സ് എഞ്ചിനീയര്‍മാരുടെ ഒഴിവിലെക്കായിരുന്നു കമ്പനി പരസ്യം നല്‍കിയത്. അവാന്റാവൊ ടെക്നോളജീസ് എന്ന കമ്പനി മലയാളികളുടേതാണെന്ന് കരുതപ്പെടുന്നു. ഏറെ വായനക്കാരുള്ള ഒരു റിക്രൂട്ട്‌മെന്റ് സൈറ്റില്‍ വന്ന പരസ്യത്തില്‍ ബ്രിട്ടനില്‍ ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നു.

അപേക്ഷാ ഫോമില്‍ വിസയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. യു കെയില്‍ ജോലിയും സ്പോണ്‍സര്‍ഷിപ്പും ലഭിക്കാന്‍ താത്പര്യമുണ്ടൊ എന്നതായിരുന്നു അതിലൊന്ന്. നിങ്ങളുടെ മതൃരാജ്യം ഏതാണെന്നും ബ്രിട്ടനില്‍ നിയമപരമായി തൊഴില്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോ എന്നും അതില്‍ ചോദിക്കുന്നുണ്ട്. ഹൈദരാബാദിലും, ബാംഗ്ലൂരിലും അമേരിക്കയിലെ ന്യൂ ജഴ്സിയിലും ഓഫീസുകള്‍ ഉള്ള സ്ഥാപനമാണ് അവന്റാവോ ടെക്നോളജീസ്. ഒരു ചിത്ര രഞ്ജിത് ആണ് ഇല്‍ഫോര്‍ഡില്‍ ഇതിന്റെ ഡയറക്റ്റര്‍.

തികച്ചും വ്യത്യസ്തങ്ങളായ മറ്റ് ചില സ്ഥാപനങ്ങള്‍ കൂടി റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലണ്ടനിലെ ഒരു ബിസിനസ്സ് സെന്ററിന്റെ മേല്‍വിലാസത്തിലാണ് ഇല്‍ഫോര്‍ഡ് ഓഫീസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജീവനക്കാരിലൊരാള്‍ക്ക് പറ്റിയ തെറ്റാണ് ആദ്യ പരസ്യം എന്ന് പറഞ്ഞുകൊണ്ട് കമ്പനി രണ്ടാമതൊരു പരസ്യം കൂടി നല്‍കിയിട്ടുണ്ട്. എന്നാല്‍, ആദ്യ പരസ്യം പോസ്റ്റ് ചെയ്ത വ്യക്തി അവധിയിലായതിനാല്‍ ആദ്യ പരസ്യം പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്നും കമ്പനി പറയുന്നു. ബ്രിട്ടീഷ് നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണെന്നും ഓണ്‍ലൈന്‍ പരസ്യം നല്‍കിയതില്‍ തെറ്റുപറ്റിയെന്നും കമ്പനി വക്താവ് പറയുന്നു.

ഏതെങ്കിലും ഒരു പ്രത്യേക രാജ്യക്കാര്‍ക്ക് തങ്ങള്‍ അമിത പരിഗണന നല്‍കുന്നില്ലെന്നും വക്താവ് പറഞ്ഞതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ജീവനക്കാരെ ശരി തെറ്റുകള്‍ പഠിപ്പിക്കുന്നതിനായി രൂപം കൊടുത്ത ഒരു പഠനോപാധി മാത്രമായിരുന്നു അതെന്നും അബദ്ധവശാല്‍ അത് പോസ്റ്റ് ചെയ്യുകയായിരുന്നു എന്നും വക്താവ് അറിയിച്ചു. ഇത്തരമൊരു പിഴവിന് തങ്ങള്‍ ഖേദം രേഖപ്പെടുത്തുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Tags:    

Similar News