നാളെ മുതല്‍ ജോലിക്ക് വരേണ്ട! വമ്പന്‍ വി എഫ്എക്‌സ്, ആനിമേഷന്‍ കമ്പനിയായ ടെക്‌നികളര്‍ ക്രിയേറ്റീവ് സ്റ്റുഡിയോസ് പൂട്ടി; ഒരു സുപ്രഭാതത്തില്‍ പണിയില്ലാതായത് രണ്ടായിരത്തിലേറെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക്; ശമ്പളം പോലും കിട്ടാതെ പലരും ആത്മഹത്യയുടെ വക്കില്‍; 'പിനാക്വോ' മുതല്‍ 'മുഫാസ ദി ലയണ്‍കിങ്ങില്‍' വരെ പ്രവര്‍ത്തിച്ച കമ്പനിക്ക് സംഭവിച്ചത്

വമ്പന്‍ വി എഫ്എക്‌സ്, ആനിമേഷന്‍ കമ്പനിയായ ടെക്‌നികളര്‍ ക്രിയേറ്റീവ് സ്റ്റുഡിയോസ് പൂട്ടി

Update: 2025-02-27 13:23 GMT

ന്യൂഡല്‍ഹി: പാരീസ് ആസ്ഥാനമായ വി എഫ് എക്‌സ്, ആനിമേഷന്‍ കമ്പനിയായ ടെക്‌നികളര്‍ ക്രിയേറ്റീവ് സ്റ്റുഡിയോസ് പെട്ടെന്ന് അടച്ചുപൂട്ടിയതോടെ 2000 ത്തിലേറെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് പണിയില്ലാതായി. ഇവര്‍ക്ക് ഫെബ്രുവരിയിലെ ശമ്പളവും കിട്ടിയില്ല. പലരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണ്. കമ്പനിയുടെ ഇന്ത്യന്‍ മേധാവി ബിരേന്‍ ഘോഷ് സാമ്പത്തിക പ്രതിസന്ധി ശരി വച്ചെങ്കിലും ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നും പറഞ്ഞില്ല.

ആഗോളതലത്തില്‍ കമ്പനിയുടെ പതിനായിരത്തിലേറെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നാണ് സൂചന. ടെക്‌നികളര്‍ പൊടുന്നനെ അടച്ചുപൂട്ടിയത് വി എഫ്ക്‌സ്, ആനിമേഷന്‍ വ്യവസായത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ മേധാവിയുടെ വാക്കുകള്‍ അല്ലാതെ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് കൃത്യമായ ഔദ്യോഗിക അറിയിപ്പൊന്നും ജീവനക്കാര്‍ക്ക് കിട്ടിയില്ലെന്നാണ് ന്യൂസ് 9 ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശമ്പളം മുടങ്ങിയതോടെ, വാടക, വായ്പ എന്നിവ അടയ്ക്കാന്‍ കഴിയാതെ ജീവനക്കാര്‍ നട്ടം തിരിയുകയാണ്. പല ജീവനക്കാരും ആത്മഹത്യയുടെ വക്കിലാണെന്നും ഒരു മുന്‍ജീവനക്കാരന്‍ ന്യൂസ് 9 ലൈവിനോട് പറഞ്ഞു.

മുന്നറിയിപ്പൊന്നുമില്ലാതെ ഇന്ത്യയിലെ 2400 ലേറ ജീവനക്കാരെ വെള്ളത്തിലാക്കിയ ഇന്ത്യന്‍ മേധാവി ബിരേണ്‍ ഘോഷ് പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തതെന്ന് ജീവനക്കാര്‍ വിമര്‍ശിക്കുന്നു. ഒന്നിനും പണമില്ലാതെ ജീവനക്കാര്‍ വിഷമിക്കുമ്പോള്‍, ഘോഷിനെ വിളിച്ചാല്‍ പോലും കിട്ടുന്നില്ലായിരുന്നു. ഒന്നുമറിയാത്ത മട്ടില്‍ ബെംഗളൂരുവിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഇന്ത്യന്‍ മേധാവി.

സാമ്പത്തിക പ്രതിസന്ധി ശരി വച്ച് ഇന്ത്യന്‍ മേധാവി

കമ്പനിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍, ഇന്ത്യന്‍ മേധാവി ബിരേന്‍ ഘോഷ് സാമ്പത്തിക പ്രതിസന്ധി ശരിവച്ചതായി വീഡിയോ ക്ലിപ്പ് പങ്കുവച്ച് കൊണ്ട് ഒരു മുന്‍ജീവനക്കാരന്‍ പറഞ്ഞു. കമ്പനി ആസ്ഥാനത്ത് നിന്ന് ഫണ്ട് എത്തിയില്ലെന്നും ഘോഷ് വ്യക്തമാക്കി. ശമ്പളം കൊടുക്കുന്ന കാര്യം എച് ആര്‍ പരിഗണിക്കുന്നുവെന്ന് പറഞ്ഞെങ്കിലും, എന്നുകിട്ടുമെന്ന് വ്യക്തമാക്കിയില്ല. ജീവനക്കാരെ പിന്തുണയ്ക്കാമെന്ന് വാക്കാല്‍ പറഞ്ഞതല്ലാതെ സാമ്പത്തിക കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന സമീപനമാണ് ഘോഷ് സ്വീകരിച്ചത്. ഇതോടെ ജീവനക്കാര്‍ കൂടുതല്‍ നിരാശരായി.



ഒരുകാലത്ത് മികവിന്റെ പര്യായം...പക്ഷേ

'ടെക്‌നികളര്‍' ഗ്രൂപ്പ് പൂര്‍ണ്ണ തകര്‍ച്ചയുടെ വക്കിലെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എംപിസി, മിക്റോസ് ആനിമേഷന്‍, ദി മില്‍ തുടങ്ങി അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളിലെല്ലാം നിരവധി വിഷ്വല്‍ എഫക്ട്സ് സ്റ്റുഡിയോകളുടെ ഉടമസ്ഥരാണ് ടെക്നികളര്‍ ഗ്രൂപ്പ്.

ടെക്നികളറിന്റെ ഇന്ത്യന്‍ ഡിവിഷന്‍ ഒരു ആഗോള ഡെലിവറി കേന്ദ്രമായി മാത്രം പ്രവര്‍ത്തിക്കുന്നതാണെന്നും കമ്പനി ആസ്ഥാനത്ത് നിന്ന് ഫണ്ട് കിട്ടിയില്ലെങ്കില്‍ ശമ്പളമോ മറ്റ് കുടിശ്ശികകളോ നല്‍കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നുമാണ് ഘോഷ് ഓണ്‍ലൈന്‍ യോഗത്തില്‍ പറഞ്ഞത്. കമ്പനിയുടെ ഓഫീസുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. എല്ലാ ജീവനക്കാരോടും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

മികച്ച നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ടെക്‌നികളര്‍ വി എഫ്എക്‌സ് ആനിമേഷന്‍ സ്റ്റുഡിയോകള്‍ പെട്ടന്ന് അടച്ചുപൂട്ടാന്‍ ഇടയായത് സാമ്പത്തിക ദുര്‍വിനിയോഗം, അമിതമായ ചെലവ്, പണമൊഴുക്ക് എന്നിവയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെക്നികളര്‍ ഡയറക്ടര്‍മാര്‍ കമ്പനി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല. ഡിസ്നിയുടെ 1940 ലെ ക്ലാസിക് ആയ 'പിനാക്വോ' മുതല്‍ 2024ല്‍ പുറത്തിറങ്ങിയ 'മുഫാസ ദി ലയണ്‍കിങ്' വരെയുള്ള സിനിമകളില്‍ ടെക്നികളര്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രത്യാഘാതങ്ങള്‍

ടെക്‌നികളര്‍ ക്രിയേറ്റീവ് സ്റ്റുഡിയോസ്, ഉപസ്ഥാപനങ്ങളായ എംപിസി, ദ മില്‍, മിക്രോസ് ആനിമേഷന്‍ എന്നിവ അടച്ചുപൂട്ടുന്നതോടെ, ഹോളിവുഡിലും, ബോളിവുഡിലും ഗെയിമിങ് വ്യവസായത്തിലും പുതിയ ഉത്പന്നങ്ങള്‍ ഇറക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടാകും.

ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടം, വിദഗ്ധരായ വി എഫ്ക്‌സ് ആര്‍ട്ടിസ്റ്റുകളും, സൂപ്പര്‍വൈസര്‍മാരും, സാങ്കേതിക വിദഗ്ധരും ഇനി പരിമിതമായ അവസരങ്ങള്‍ക്കായി മത്സരിക്കണം. ഇതോടെ, ഇനി വ്യവസായത്തില്‍ വേതനത്തില്‍ വലിയ കുറവ് വരുമെന്നും, മിടുക്കരായ ആര്‍ട്ടിസ്റ്റുകള്‍ മറ്റു വ്യവസായങ്ങളിലേക്ക് മാറി പോകുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വലിയ വിഎഫ്എക്‌സ് സ്റ്റുഡിയോകളില്‍ ഭാവിയിലെ നിക്ഷേപത്തിന് പ്രമുഖ നിക്ഷേപകര്‍ മടിക്കുന്ന സാഹചര്യവും വന്നേക്കാം. എന്തായാലും നിലവില്‍, ജോലി പോയ ആര്‍ട്ടിസ്റ്റുകളെല്ലാം ഭാവി എന്തെന്ന് അറിയാതെ വിഷമിക്കുകയാണ്.

Tags:    

Similar News