മുത്തച്ഛനായ മഹേശ്വരരുടെ മരണത്തോടെ മഹേഷ് മോഹനരും പിതാവ് കൃഷ്ണരുടെ മരണത്തോടെ രാജീവരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു; രാജീവര് അഴിക്കുള്ളിലാകുമ്പോള്‍ സ്വതന്ത്ര ചുമതലയിലേയ്ക്ക് എത്തുന്ന മകന്‍ ബ്രഹ്‌മദത്തന്‍; താഴമണ്‍ മഠത്തിന്റെ അധികാരം യുവതലമുറയിലേക്ക്; ശബരിമല ധര്‍മ്മശാസ്താവിന്റെ 'പിതൃസ്ഥാനീയര്‍' ഇവര്‍
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ പരമാധികാരികളായ താഴമണ്‍ മഠത്തിലെ മുതിര്‍ന്ന തന്ത്രിമാര്‍ ഒന്നിനുപുറകെ ഒന്നായി വിവാദങ്ങളിലും നിയമക്കുരുക്കുകളിലും അകപ്പെടുന്നു. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ, മഠത്തിലെ മുന്‍ഗാമികളെ പിന്‍തുടര്‍ന്ന ദുരൂഹതകളും വീണ്ടും ചര്‍ച്ചയാകുകയാണ്. ഇതോടെ പാരമ്പര്യമായി കൈമാറിവന്ന താന്ത്രിക ചുമതലകള്‍ പൂര്‍ണ്ണമായും പിന്‍തലമുറയുടെ കൈകളിലേക്ക് മാറുന്ന സാഹചര്യമാണ് ശബരിമലയില്‍ സംജാതമായിരിക്കുന്നത്.
ലൈംഗികാരോപണവും കോഴ വിവാദവും താഴമണ്‍ കുടുംബത്തെ പിടിച്ചുലച്ച ആദ്യത്തെ വലിയ വിവാദം 2006-ലെ കണ്ഠരര് മോഹനര്‍ കേസായിരുന്നു. ശോഭ ജോണും സംഘവും ചേര്‍ന്ന് മോഹനരെ ലൈംഗികാരോപണത്തില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്തത് വലിയ വാര്‍ത്തയായി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് തന്ത്രിസ്ഥാനം നഷ്ടമായി. പിന്നീട് പദവി തിരിച്ചുപിടിക്കാന്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഒരു കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തല്‍ മോഹനരെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വേദങ്ങളിലും പൂജാവിധികളിലും മോഹനര്‍ക്ക് കൃത്യമായ അറിവില്ലെന്ന ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്റെ കണ്ടെത്തലും മഠത്തിന് തിരിച്ചടിയായിരുന്നു.
സ്വര്‍ണ്ണക്കൊള്ളയും വാജിവാഹനവും നിലവിലെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ മഠം വീണ്ടും പ്രതിക്കൂട്ടിലായി. പഴയ കൊടിമരത്തിലെ സ്വര്‍ണ്ണം പൂശിയ വാജിവാഹനം (കുതിരയുടെ രൂപം) തന്ത്രി സ്വന്തം മഠത്തിലേക്ക് കടത്തിയെന്ന ആരോപണം ശരിവെയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വര്‍ണ്ണപ്പാളി കവര്‍ന്ന പ്രതികളുമായുള്ള അവിശുദ്ധ ബന്ധവും ഗൂഢാലോചനയും രാജീവരെ ജയിലിലെത്തിച്ചു. ആചാര സംരക്ഷണത്തിനായി യുവതീപ്രവേശ സമയത്ത് ശുദ്ധിക്രിയ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ തന്ത്രി തന്നെ ഇപ്പോള്‍ സ്വര്‍ണ്ണ മോഷണക്കേസില്‍ അകപ്പെട്ടത് ഭക്തസമൂഹത്തെയും വേദനിപ്പിക്കുന്നു.
ചുമതലകള്‍ യുവതലമുറയ്ക്ക് മുതിര്‍ന്ന തന്ത്രിമാരായ മോഹനര്‍ക്കും രാജീവര്‍ക്കും വിലക്കും അറസ്റ്റും നേരിടേണ്ടി വന്നതോടെ, ശബരിമലയിലെ പൂജാകര്‍മ്മങ്ങളുടെ ഉത്തരവാദിത്തം ഇനി മക്കളിലേക്ക് നീങ്ങും. നിലവില്‍ മകരവിളക്ക് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് കണ്ഠരര് മോഹനരുടെ മകന്‍ മഹേഷ് മോഹനറാണ്. രാജീവരുടെ ഊഴം വരുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ബ്രഹ്‌മദത്തന്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കും. ആചാരങ്ങള്‍ മുടങ്ങാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ തന്നെ ഇത്തരം ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
മുത്തച്ഛനായ മഹേശ്വരരുടെ മരണത്തോടെ മഹേഷ് മോഹനരും, പിതാവ് കൃഷ്ണരുടെ മരണത്തോടെ രാജീവരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്ത പാരമ്പര്യമാണ് മഠത്തിനുള്ളത്. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ പെട്ട് മുതിര്‍ന്നവര്‍ പുറത്താകുന്നത് താഴമണ്‍ മഠത്തിന്റെ വിശ്വാസ്യതയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതോടെ മഠത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
നിലവില്‍ ശബരിമല തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനര്‍ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്‌മദത്തന്‍കൂടി വരുന്നതോടെ തലമുറമാറ്റം പൂര്‍ണമാകും. ഓരോ വര്‍ഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ജോലി രാജി വച്ചാണ് താന്ത്രിക കര്‍മങ്ങളിലേക്ക് തിരിഞ്ഞത്. എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതുമുതല്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു.
