നിയമനങ്ങള്‍ ഒരു മതേതര സര്‍ക്കാര്‍ രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിട്ടുനല്‍കുന്നത് ഗുരുവായൂര്‍ ദേവസ്വം ആക്ടിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധം; ഇനി കെബി മോഹന്‍ദാസിന്റെ റിക്രൂട്ട്മെന്റ് ബോര്‍ഡിന് പ്രസക്തിയുണ്ടോ? ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങളിലെ ഹൈക്കോടതി വിധി നിര്‍ണ്ണായകം; ക്ഷേത്രങ്ങളിലെ 'രാഷ്ട്രീയ നിയമനം' ഉറപ്പിക്കാന്‍ ഇനി അപ്പീല്‍ യുദ്ധമോ?
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നടത്താന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് അധികാരമില്ലെന്ന് കേരള ഹൈക്കോടതിയുടെ വിധി നിര്‍ണ്ണായകം. ഇതുസംബന്ധിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചു. സിംഗിള്‍ ജഡ്ജിയുടെ മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കെയാണ് കെബി മോഹന്‍ദാസാണ് ഗുരുവായൂരിലെ നിയമനങ്ങള്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിട്ടത്. നിലവില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനാണ്. ഹൈക്കോടതി വിധി വിലയിരുത്തിയാല്‍ ദേവസ്വം റിക്രൂട്ട് മെന്റ് ബോര്‍ഡിന്റെ പ്രസക്തി പോലും ഇല്ലാതാവുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധ്യത കൂടുതലാണ്.
1971-ലെ ഗുരുവായൂര്‍ ദേവസ്വം നിയമം റദ്ദാക്കിക്കൊണ്ട് 'കൃഷ്ണന്‍ വേഴ്സസ് ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി' എന്ന കേസില്‍ ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആക്ട് നിലവില്‍ വന്നതെന്ന് കോടതി നിരീക്ഷിച്ചു. ഒരു ക്ഷേത്രത്തിന്റെ ഭരണത്തിലും മാനേജ്‌മെന്റിലും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവിടുത്തെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള അധികാരം. ഈ അധികാരം ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മാനേജിംഗ് കമ്മിറ്റിയില്‍ നിന്നും മാറ്റി മറ്റൊരു സ്വതന്ത്ര ബോര്‍ഡിന് നല്‍കുന്നത് ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ (മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം) ലംഘനമാണെന്ന് കോടതി കണ്ടെത്തി. മേല്‍ശാന്തിമാരെയും പൂജാകര്‍മ്മങ്ങള്‍ നടത്തുന്ന സഹായികളെയും നിയമിക്കുമ്പോള്‍ ക്ഷേത്രത്തിലെ മതപരമായ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കേണ്ടതുണ്ട്. ഇത്തരം നിയമനങ്ങള്‍ ഒരു മതേതര സര്‍ക്കാര്‍ രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിട്ടുനല്‍കുന്നത് സ്ഥാപനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. അതായത് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡെന്ന സര്‍ക്കാര്‍ സംവിധാനത്തിന് എങ്ങനെ ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടാമെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച പി1 മുതല്‍ പി38 വരെയുള്ള എല്ലാ വിജ്ഞാപനങ്ങളും കോടതി റദ്ദാക്കി. ഇനി മുതല്‍ നിയമന നടപടികള്‍ 1978-ലെ ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മാത്രമേ നടത്താന്‍ പാടുള്ളൂ. ഇതിനകം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമനം ലഭിച്ചവരുടെ ജോലിക്ക് തടസ്സമുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിയമന നടപടികള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി ഉടന്‍ തുടക്കം കുറിക്കണം. ഈ നടപടികള്‍ സുതാര്യവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി ഒരു പ്രത്യേക മേല്‍നോട്ട സമിതിയെ നിയോഗിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രനാണ് സമിതി അധ്യക്ഷന്‍. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍, അഡ്വ. കെ. ആനന്ദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഒരു വര്‍ഷത്തേക്കായിരിക്കും സമിതിയുടെ കാലാവധി. അധ്യക്ഷന് പ്രതിമാസം ഒരു ലക്ഷം രൂപയും അഡ്വ. കെ. ആനന്ദിന് 50,000 രൂപയും പ്രതിഫലം നല്‍കണം. യാത്രാച്ചെലവും മറ്റ് അനുബന്ധ ചെലവുകളും ദേവസ്വം ബോര്‍ഡ് വഹിക്കണം. വിധിപ്പകര്‍പ്പ് തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്കും സമിതി അംഗങ്ങള്‍ക്കും അയക്കാന്‍ കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി. ഗുരുവായൂര്‍ ദേവസ്വം ആക്ടിന് സവിശേഷ അധികാരമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഹൈക്കോടതി ഉത്തരവ്. പ്രസിഡന്റാണ് ഗുരുവായൂര്‍ ദേവസ്വം ആക്ടിലെ ഭേദഗതിയില്‍ ഒപ്പിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടല്‍. KDRB നിയമത്തിലെ വകുപ്പ് റദ്ദാക്കി: ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് നിയമന അധികാരം നല്‍കിയിരുന്ന സെക്ഷന്‍ 9 ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചു. ഇത് ഭാവിയില്‍ സമാനമായ മറ്റ് ദേവസ്വം നിയമന കേസുകളിലും വലിയ സ്വാധീനം ചെലുത്തും.
ഇതോടെ, ആ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ നടന്നു വന്ന നിയമന നടപടികളെല്ലാം ഇല്ലാതായി. ഇനി മാനേജിംഗ് കമ്മിറ്റി പുതിയ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച് നടപടികള്‍ ആദ്യം മുതല്‍ ആരംഭിക്കണം. സുതാര്യത ഉറപ്പാക്കാന്‍ പ്രത്യേക സമിതി: നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകളോ ക്രമക്കേടുകളോ നടക്കാതിരിക്കാന്‍ റിട്ട. ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്ര മേല്‍നോട്ട സമിതിയെ കോടതി നിയോഗിച്ചു. ഈ സമിതിയുടെ മേല്‍നോട്ടത്തില്‍ മാത്രമേ പുതിയ നിയമനങ്ങള്‍ നടത്താന്‍ സാധിക്കൂ എന്നത് നടപടികളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭരണത്തിനായി മാത്രമായി നിര്‍മ്മിക്കപ്പെട്ട പ്രത്യേക നിയമമാണ് 1978-ലെ ഗുരുവായൂര്‍ ദേവസ്വം ആക്ട്. പൊതുവായ ഒരു നിയമത്തിന് പ്രത്യേക നിയമത്തെ മറികടക്കാന്‍ സാധിക്കില്ലെന്ന നിയമതത്വം ഇവിടെ ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
1971-ലെ നിയമത്തെ സംബന്ധിച്ച മുന്‍കാല വിധിന്യായം, 1978-ലെ പ്രത്യേക നിയമത്തിന്റെ പ്രസക്തി, റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആക്ട് വന്ന സാഹചര്യം എന്നിവയെല്ലാം കോടതി വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് KDRB നിയമത്തിലെ സെക്ഷന്‍ 9 ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതും 1978-ലെ നിയമപ്രകാരം പുതിയ നിയമന നടപടികള്‍ തുടങ്ങാന്‍ ഉത്തരവിട്ടതും.
