കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്ക് വീട് ജപ്തി ചെയ്തു; ആലുവയില്‍ ഭിന്നശേഷിക്കാരനും കുടുംബവും പെരുവഴിയില്‍; ക്രൂരതയില്‍ നാട്ടുകാരുടെ പ്രതിഷേധം കനത്തപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയില്‍ താക്കോല്‍ കൊടുത്തയച്ചു; പ്രതിഷേധം ശക്തം
കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്ക് വീട് ജപ്തി ചെയ്തു
ആലുവ: ആലുവയില്‍ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി വീട് പൂട്ടി സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി നടപടിയില്‍ വിവാദം. ആലുവ കീഴ്മാട് പഞ്ചായത്തില്‍ വൈരമണിയ്ക്കും കുടുംബത്തിനുമാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ടിവന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോപ്പറേറ്റിവ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
10 ലക്ഷം വായ്പ എടുത്തിട്ട് 9 ലക്ഷം തിരിച്ച് അടച്ചിരുന്നെന്ന് ഗൃഹനാഥനായ വൈരമണി പറഞ്ഞു. അതേസമയം, അഞ്ചു ലക്ഷം മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളതെന്നും നാലു വര്‍ഷമായി അടവ് മുടങ്ങിയിരിക്കുകയാണെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇനിയും 13 ലക്ഷം കൂടി അടയ്‌ക്കേണ്ടതുണ്ടെന്നും ഇതിനാലാണ് ജപ്തി നടപടികളുമായി മുന്നോട്ട് പോയതെന്നുമാണ് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജപ്തി നടപടികളുണ്ടായത്. അഞ്ചുപേരടങ്ങിയ വീട്ടുകാര്‍ ഉച്ചമുതല്‍ വീടിന്റെ പുറത്തിരിക്കുകയാണ്. വിവരം അറിഞ്ഞ് ഓടിയെത്തിയപ്പോള്‍ അകത്തേക്ക് കയറ്റിയില്ലെന്നും വീട്ടിലുണ്ടായിരുന്ന മകനെ ഉള്‍പ്പെടെ പുറത്തേക്ക് മാറ്റുകയായിരുന്നുവെന്നും വൈരമണി പറഞ്ഞു.
കോവിഡ് സമയത്ത് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. വായ്പയിലേക്ക് അടച്ച തുക രേഖപ്പെടുത്തുന്നതില്‍ ബാങ്കിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ബാങ്കിന്റെ വൈരാഗ്യബുദ്ധിയാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും മൂന്നു വര്‍ഷം കൂടി കാലാവധി നില്‍ക്കെയാണ് ഇത്തരമൊരു നടപടിയെന്നും ആകെയുള്ള അഞ്ചര സെന്റ് സ്ഥലമാണിതെന്നും കുറഞ്ഞ പൈസ മാത്രമാണ് അടയ്ക്കാന്‍ ബാക്കിയുള്ളതെന്നും വൈരമണി പറഞ്ഞു.
അതേസമയം നാട്ടുകാര്‍ ഇടപെട്ടതോടെ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യില്‍ താക്കോല്‍ കൊടുത്തയച്ചതിലാണ് ഇപ്പോള്‍ നാട്ടുകാരും വീട്ടുകാരും പ്രതിഷേധിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ വന്ന് താക്കോല്‍ കൈമാറണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വീട്ടുകാര്‍ താക്കോല്‍ സ്വീകരിച്ചില്ല.
വീട് പൂട്ടിയിട്ട് മണിക്കൂറുകളായെങ്കിലും ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയില്ലെന്ന പ്രതിഷേധവും കുടുംബം അറിയിക്കുന്നു. 'രണ്ട് മണി മുതല്‍ കുട്ടി പുറത്താണ്. ഇതുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ എംഎല്‍എയോ വാര്‍ഡ് മെമ്പറോ തിരിഞ്ഞ് നോക്കിയില്ല. ജനങ്ങള്‍ കൂടി നിന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുകയായിരുന്നു. അത് നിയമപരമായി ഏല്‍പ്പിക്കണം. ബാങ്കിലെ ഉദ്യോഗസ്ഥന്‍ ഏല്‍പ്പിക്കും. എന്ത് വിശ്വസിച്ച് താക്കോല്‍ വാങ്ങിക്കും. ഉത്തരവാദിത്തപ്പെട്ടവര്‍ ഉറപ്പ് നല്‍കണം', കുടുംബം പറയുന്നു.