ലൈവ് സ്ട്രീമിങ്ങിൽ പണി കൊടുത്ത 'ബ്യൂട്ടി ഫിൽട്ടർ'; സുന്ദരി പെട്ടെന്ന് 'മറ്റൊരാളായി'; ഫിൽട്ടർ മാറ്റിയപ്പോൾ കൂടുതൽ സുന്ദരിയെന്ന് സോഷ്യൽ മീഡിയ; ഒറ്റയടിക്ക് നഷ്ടമായത് 1.4 ലക്ഷം ഫോളോവേഴ്സ്; ഇൻഫ്ലുവൻസറുടെ വീഡിയോയുടെ സത്യാവസ്ഥ?

Update: 2026-02-19 05:28 GMT

ബെയ്‌ജിങ്: ലൈവ് സ്ട്രീമിങ്ങിനിടെ ബ്യൂട്ടി ഫിൽട്ടർ മാറിയതിനെ തുടർന്ന് ഒരു ചൈനീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് 1.4 ലക്ഷം ഫോളോവേഴ്‌സിനെ നഷ്‌ടമായെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ, ഈ വാദങ്ങൾക്ക് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ലെന്നും സംഭവം യഥാർത്ഥത്തിൽ നടന്നതാണോയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിരവധി ഇന്ത്യൻ ദേശീയ മാധ്യമങ്ങളും ചൈനീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെക്കുറിച്ചുള്ള ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന പോസ്റ്റുകൾ അനുസരിച്ച്, ഇൻഫ്ലുവൻസർ ലൈവിൽ സംസാരിക്കുമ്പോൾ ബ്യൂട്ടി ഫിൽട്ടർ ഇടയ്ക്ക് വെച്ച് പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതോടെ, പ്രേക്ഷകർക്ക് അവരുടെ യഥാർത്ഥ രൂപം സ്ക്രീനിൽ കാണാൻ സാധിച്ചുവെന്നാണ് വാദം. ഏതാനും നിമിഷങ്ങൾക്കകം ഫിൽട്ടർ വീണ്ടും പ്രവർത്തിച്ചുതുടങ്ങുകയും ഇൻഫ്ലുവൻസർ പഴയ രൂപത്തിൽ ലൈവിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഈ അവകാശവാദങ്ങളോടെ, ഫിൽട്ടർ ഗ്ലിച്ച് സംഭവിച്ച നിമിഷം പകർത്തിയെന്ന് പറയപ്പെടുന്ന ഒരു ചെറിയ വീഡിയോ ക്ലിപ്പും ഓൺലൈനിൽ വൈറലാണ്.

'യഥാർത്ഥ മുഖം' വെളിപ്പെട്ടതിനെത്തുടർന്ന് ഇൻഫ്ലുവൻസർക്ക് 1.4 ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടമായെന്നാണ് വീഡിയോക്കൊപ്പം പങ്കുവെക്കുന്ന കുറിപ്പുകൾ അവകാശപ്പെടുന്നത്. എന്നിരുന്നാലും, വീഡിയോയിലുള്ള സ്ത്രീ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ പ്രചാരണങ്ങൾക്ക് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ലെന്നും സംഭവം യഥാർത്ഥത്തിൽ നടന്നതാണോയെന്നോ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇത്രയും വലിയ കുറവുണ്ടായെന്നോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

ഫോളോവേഴ്‌സിനെ ഇൻഫ്ലുവൻസർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതേസമയം, ഫിൽട്ടർ ഇല്ലാത്ത ഇൻഫ്ലുവൻസറാണ് കൂടുതൽ സുന്ദരവും യഥാർത്ഥവുമെന്ന് മറ്റൊരു കൂട്ടർ അഭിപ്രായപ്പെട്ടു. അതീവ മിനുസമുള്ള, അസ്വാഭാവികമായ ഫിൽട്ടർ ചെയ്ത രൂപത്തേക്കാൾ സ്വാഭാവികതയാണ് ആകർഷകമെന്ന നിലപാടും നിരവധി പേർ പങ്കുവെച്ചു. ഫിൽട്ടറില്ലാതെയും അവർ വളരെ സുന്ദരിയാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ കാണിക്കുന്നതെല്ലാം ആളുകൾ വിശ്വസിക്കുന്നുവെന്നും ഫിൽട്ടറുകൾ റീലുകളും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം മായ്ച്ചുകളയുന്നു എന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

Tags:    

Similar News