അഭിമുഖത്തില്‍ വിവാദഭാഗം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതു പി ആര്‍ ഏജന്‍സിയെന്ന് 'ദ് ഹിന്ദു'; പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്; ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സര്‍ക്കാര്‍

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ മറുപടി

Update: 2024-10-21 13:39 GMT

തിരുവനന്തപുരം: മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തും ദേശവിരുദ്ധ പരാമര്‍ശവും ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്റേതായി പ്രസിദ്ധീകരിച്ച വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് 'ദ് ഹിന്ദു' പത്രത്തിന്റെ വിശദീകരണം വീണ്ടും തള്ളി മുഖ്യമന്ത്രിയുടെ ഓഫിസ്. അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന് പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയത്.

ഇതോടെ, പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ ഗുരുതരമായ വിവാദഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് ആരു പറഞ്ഞിട്ടാണെന്നും മുഖ്യമന്ത്രിയെ വിശ്വസിക്കണോ, പത്രത്തെ വിശ്വസിക്കണോ എന്ന ഗവര്‍ണറുടെ ചോദ്യവും ഇപ്പോഴും അവശേഷിക്കുകയാണ്. അഭിമുഖത്തില്‍ വിവാദഭാഗം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതു പി ആര്‍ ഏജന്‍സിയാണെന്നു പത്രം വ്യക്തമാക്കിയിരുന്നു. പിണറായി വിജയന്റെ അഭിമുഖം നല്‍കാമെന്ന് ചൂണ്ടിക്കാട്ടി കൈസെന്‍ എന്ന പിആര്‍ ഏജന്‍സിയാണ് സമീപിച്ചതെന്ന് പത്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ പതിപ്പില്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനു താഴെ നല്‍കിയിരിക്കുന്ന തിരുത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

''പിആര്‍ ഏജന്‍സി സമീപിച്ചതിനു പിന്നാലെ സെപ്റ്റംബര്‍ 29ന് രാവിലെ 9ന് കേരള ഹൗസില്‍ വച്ചാണ് അഭിമുഖം എടുത്തത്. പിആര്‍ ഏജന്‍സിയുടെ രണ്ടു പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അഭിമുഖം 30 മിനിറ്റ് നീണ്ടു. തുടര്‍ന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മുന്‍പ് പറഞ്ഞ സ്വര്‍ണക്കടത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി പ്രതിനിധി ആവശ്യപ്പെട്ടു.

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ച വാചകങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി പ്രതിനിധി രേഖാമൂലമാണ് ആവശ്യപ്പെട്ടത്. ഈ വാചകങ്ങള്‍ മുഖ്യമന്ത്രി അന്നുപറഞ്ഞ വാചകങ്ങളാണെന്ന തരത്തില്‍ ഉള്‍പ്പെടുത്തിയതു വീഴ്ചയാണ്. ഇതു സംഭവിക്കാന്‍ പാടില്ലായിരുന്നു. തെറ്റു പറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു'' - പത്രത്തിന്റെ വിശദീകരണത്തില്‍ പറയുന്നു.

ഹിന്ദുവില്‍ വന്ന അഭിമുഖത്തില്‍ മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ''കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി. ഈ പണം കേരളത്തിലേക്ക് 'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു' വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്''- എന്നു മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നതോടെ മുഖ്യമന്ത്രി അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നില്ലെന്നും തിരുത്തി നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ദിനപത്രത്തിന്റെ എഡിറ്റര്‍ക്കു കത്തയച്ചിരുന്നു.

2024 സെപ്റ്റംബറില്‍ ദ് ഹിന്ദു ദിനപത്രത്തിലും ഖലീജ് ടൈംസിലും മുഖ്യമന്ത്രിയുടെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചത് പിആര്‍ ഏജന്‍സി വഴിയാണോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കാണു നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഒറ്റവരിയില്‍ ഉത്തരം നല്‍കിയത്. ഏത് ഏജന്‍സിയെയാണു നിയോഗിച്ചത്, ഏജന്‍സിക്കു പ്രതിഫലം നല്‍കുന്നതു സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണോ, പിആര്‍ ഏജന്‍സിയെ എന്തു മാനദണ്ഡം അനുസരിച്ചാണു തിരഞ്ഞെടുത്തത്, ഇതിനായി അപേക്ഷ ക്ഷണിക്കുന്നത് ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ, കെയ്‌സന്‍ എന്ന പിആര്‍ ഏജന്‍സിക്ക് 2016 മുതല്‍ സര്‍ക്കാര്‍ എത്ര രൂപ പ്രതിഫലമായി നല്‍കി, എന്തൊക്കെ സേവനങ്ങള്‍ക്കാണു പണം നല്‍കിയത് തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്.

എല്ലാ ചോദ്യങ്ങള്‍ക്കും 'മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന് പിആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല' എന്ന ഉത്തരമായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ പിആര്‍ ഏജന്‍സിയാണു സമീപിച്ചിരുന്നതെന്നും അഭിമുഖ വേളയില്‍ പിആര്‍ ഏജന്‍സിയിലെ രണ്ടു പേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ഹിന്ദു പത്രം വിശദീകരിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഹിന്ദു പത്രത്തെ തള്ളി രംഗത്തെത്തി. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്നും പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. അഭിമുഖ സമയത്ത് ഒപ്പമുണ്ടായിരുന്നത് ഹരിപ്പാട് മുന്‍ എംഎല്‍എ ടി.കെ.ദേവകുമാറിന്റെ മകനും റിലയന്‍സ് ഉദ്യോഗസ്ഥനുമായ ടി.ഡി.സുബ്രഹ്‌മണ്യന്‍ ആയിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

മലപ്പുറത്തെ സ്വര്‍ണം, ഹവാലപ്പണം കടത്ത് സംബന്ധിച്ച് ഏറെ ഗൗരവകരമായ പ്രസ്താവന മുഖ്യമന്ത്രിയുടെ പേരില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചതു സംബന്ധിച്ചു നടപടി വേണമെന്ന പ്രതിപക്ഷത്തിന്റെയും ഗവര്‍ണറുടെയും ആവശ്യം സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തില്ല. ആരുടെ നിര്‍ദേശപ്രകാരമാണു വിവാദഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതെന്ന് അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിവാദ അഭിമുഖത്തില്‍ മുഖ്യമന്ത്രിയെ വിശ്വസിക്കണോ ഹിന്ദു പത്രത്തെ വിശ്വസിക്കണോ എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യമാണ് ഇപ്പോഴും പ്രസക്തം.

Tags:    

Similar News