പരശുരാമന്‍ പരീക്ഷിച്ചപ്പോള്‍ കൃഷ്ണാനദിയെ വകഞ്ഞുമാറ്റി അടിത്തട്ടിലൂടെ നടന്ന് അക്കര കടന്നവര്‍; 1400 വര്‍ഷത്തെ പാരമ്പര്യം; പുരുഷന്മാര്‍ പേരിനൊപ്പം 'കണ്ഠരര്' എന്ന് ചേര്‍ക്കുന്നവര്‍; ശബരിമലയുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള കുടുംബത്തിന് നിലവില്‍ മൂന്നുതന്ത്രിമാര്‍; ആചാരവിധികളിലെ അവസാനവാക്ക്; കണ്ഠരര് രാജീവര് ഉള്‍പ്പെടുന്ന താഴമണ്‍ മഠത്തിന്റെ ചരിത്രം
താഴമണ്‍ മഠത്തിന്റെ ചരിത്രം
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ അറസ്റ്റിലായതോടെ കേരളം ചര്‍ച്ച ചെയ്യുന്നത് താഴമണ്‍ മഠത്തിന്റെ പാരമ്പര്യവും തന്ത്രിയുടെ അധികാരങ്ങളുമാണ്. ഒരു വശത്ത് 1400 വര്‍ഷത്തെ ഐതിഹ്യപ്പെരുമ, മറുവശത്ത് സ്വര്‍ണ്ണക്കൊള്ളയിലെ ഗൂഢാലോചന ആരോപണങ്ങള്‍. എന്താണ് താഴമണ്‍ മഠത്തിന്റെ ചരിത്രം? എന്താണ് തന്ത്രിയുടെ അധികാരം?
പരശുരാമന്‍ കല്‍പ്പിച്ചുനല്‍കിയ താഴമണ്‍ തന്ത്രം
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളില്‍ അവസാന വാക്ക് ആരുടേതാണ്? ഈ ചോദ്യത്തിന് ഉത്തരമായി തെളിയുന്നത് ചെങ്ങന്നൂരിലെ പമ്പാനദീതീരത്തുള്ള താഴമണ്‍ മഠമാണ്. പരശുരാമനില്‍ നിന്ന് ലഭിച്ച ദൈവികമായ അവകാശം 1400 വര്‍ഷങ്ങളായി പവിത്രമായി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യത്തിന്റെ ചരിത്രമാണ് താഴമണ്‍ മഠത്തിന് പറയാനുളളത്.
കൃഷ്ണാനദിയെ വകഞ്ഞുമാറ്റി വന്നവര്‍
പരശുരാമന്‍ കേരളം സൃഷ്ടിച്ച ശേഷം 108 ശാസ്താ ക്ഷേത്രങ്ങളും ദുര്‍ഗ്ഗാ ക്ഷേത്രങ്ങളും നിര്‍മ്മിച്ചു. ഈ ക്ഷേത്രങ്ങളിലെ പൂജാദികര്‍മ്മങ്ങള്‍ക്കായി ആന്ധ്രയിലെ കൃഷ്ണാനദീതീരത്തുനിന്ന് രണ്ട് ബ്രാഹ്‌മണ സഹോദരന്മാരെ അദ്ദേഹം കേരളത്തിലേക്ക് കൊണ്ടുവന്നു. ഇരുവരുടെയും കഴിവ് പരീക്ഷിക്കാന്‍ പരശുരാമന്‍ കൃഷ്ണാനദിയെ അക്കര കടക്കാന്‍ സാധിക്കാത്ത വിധം പ്രക്ഷുബ്ധമാക്കി.
ഒരാള്‍ തന്റെ താന്ത്രിക സിദ്ധിയാല്‍ ജലത്തിന് മുകളിലൂടെ നടന്ന് മറുകരയെത്തി (തരണനല്ലൂര്‍ തന്ത്രി). രണ്ടാമന്‍ കൈകള്‍ കൊണ്ട് നദിയെ വകഞ്ഞുമാറ്റി അടിത്തട്ടിലൂടെ നടന്ന് അക്കര കടന്നു. ഇദ്ദേഹത്തിന്റെ പരമ്പരയാണ് പിന്നീട് താഴമണ്‍ തന്ത്രിമാര്‍ എന്ന് അറിയപ്പെട്ടത്.
കേരളത്തിലെ ക്ഷേത്രങ്ങളുടെ അവകാശം തരണനെല്ലൂരിനും താഴമണ്ണിനുമായി പരശുരാമന്‍ വീതിച്ചു നല്‍കി. പിന്നീട് കേരളത്തിലുണ്ടായ പുതിയ ക്ഷേത്രങ്ങളുടെ അവകാശങ്ങളും ഇവരിലെത്തി.
തന്ത്രിയുടെ സ്ഥാനം: ദേവന്റെ പിതാവ്
തന്ത്രശാസ്ത്രപ്രകാരം ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടത്തുക, പൂജകള്‍ ശാസ്ത്രാനുസരണം നിശ്ചയിക്കുക എന്നിവ തന്ത്രിയുടെ അവകാശമാണ്. ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദേവന്റെ പിതാവിന്റെ സ്ഥാനമാണ് തന്ത്രിക്കുള്ളത്. ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം തന്ത്രിക്കാണ്. കോടതികളും നിയമസംവിധാനങ്ങളും ഈ പരമാധികാരത്തെ അംഗീകരിച്ചിട്ടുണ്ട്. ഇത് ദേവസ്വം ബോര്‍ഡ് നല്‍കുന്ന ശമ്പളമല്ല, മറിച്ച് ദക്ഷിണ സ്വീകരിച്ചുകൊണ്ട് നിര്‍വ്വഹിക്കുന്ന പാരമ്പര്യ അവകാശമാണ്. സ്വയം ഒഴിയാതെ ഈ സ്ഥാനം മാറ്റാന്‍ ആര്‍ക്കും അധികാരമില്ല.
ശബരിമലയുള്‍പ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ താന്ത്രികാവകാശം താഴമണ്‍ മഠത്തിലെ പുരുഷന്മാര്‍ക്കാണ് നിക്ഷിപ്തമായിരിക്കുന്നത്. കേവലം ഒരു പദവിയെന്നതിലുപരി, ശാസ്ത്രീയവും ആചാരപരവുമായ കൃത്യമായ നിയമങ്ങളാല്‍ ചിട്ടപ്പെടുത്തിയതാണ് ഈ സ്ഥാനം.വിഗ്രഹപ്രതിഷ്ഠ നടത്തുക, പൂജാദികര്‍മ്മങ്ങള്‍ ശാസ്ത്രാനുസരണം ചിട്ടപ്പെടുത്തുക, അവ നിര്‍വഹിക്കുകയോ ചെയ്യിക്കുകയോ ചെയ്യുക എന്നതാണ് തന്ത്രവകാശം. ക്ഷേത്രത്തിലെ ദൈവികമായ സകല കാര്യങ്ങളിലും വിധി പറയാനുള്ള പരമാധികാരം തന്ത്രിക്കാണ്.
ഉപനയന കര്‍മ്മം പൂര്‍ത്തിയാകുന്നതോടെയാണ് കുടുംബത്തിലെ പുരുഷന്മാര്‍ക്ക് തന്ത്രവകാശത്തിനുള്ള അര്‍ഹത ലഭിക്കുന്നത്. പേരിനൊപ്പം 'കണ്ഠരര്' എന്ന സ്ഥാനം ഇവര്‍ ചേര്‍ക്കുന്നു. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയാണ് പ്രധാന തന്ത്രിയായി അറിയപ്പെടുന്നത്; ഇദ്ദേഹമാണ് ക്ഷേത്രകാര്യങ്ങളിലെ അവസാന വാക്ക്. കാലാന്തരത്തില്‍ കുടുംബത്തിലെ മറ്റ് പുരുഷന്മാരുമായും തന്ത്രവകാശം പങ്കിട്ടെടുക്കുന്ന രീതി നിലവില്‍ വന്നു. ശബരിമല പോലുള്ള വലിയ ക്ഷേത്രങ്ങളില്‍ ഓരോ വര്‍ഷവും ഓരോരുത്തര്‍ മാറി മാറി ചുമതലയേല്‍ക്കുന്ന സമ്പ്രദായമാണ് ഇപ്പോള്‍ പിന്തുടരുന്നത്.
താഴമണ്‍ കുടുംബവും ശബരിമലയും
ബി.സി 100 ലാണ് ശബരിമലയുടെ താന്ത്രികാവകാശം താഴമണ്‍ കുടുംബത്തിന് ലഭിക്കുന്നത്. കുടുംബത്തിലെ പുരുഷന്മാര്‍ ഉപനയനത്തിന് ശേഷം പേരിനൊപ്പം 'കണ്ഠരര്' എന്ന് ചേര്‍ക്കുന്നു. നിലവില്‍ കണ്ഠരര് രാജീവര്, കണ്ഠരര് മഹേഷ് മോഹനര്, കണ്ഠരര് ബ്ര്ഹമദത്തന്‍ എന്നിവരാണ് പ്രധാന തന്ത്രിമാര്‍. ഓരോ വര്‍ഷവും ഓരോരുത്തര്‍ക്കായി മാറിമാറിയാണ് ശബരിമലയുടെ താന്ത്രിക ചുമതല.
ശബരിമലയുടെ ചരിത്രവും താഴമണ്‍ മഠവും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകള്‍ നീളുന്നതാണ്. ക്ഷേത്രത്തിന് നേരിടേണ്ടി വന്ന ഓരോ പ്രതിസന്ധിയിലും പ്രാണപ്രതിഷ്ഠയുടെ പുണ്യം പകര്‍ന്നു നല്‍കിയത് ഈ കുടുംബത്തിലെ തന്ത്രിമാരായിരുന്നു. 1075-ല്‍ ശബരിമല ക്ഷേത്രം വന്‍ അഗ്‌നിബാധയില്‍ നശിച്ചപ്പോള്‍, അന്ന് അയ്യപ്പവിഗ്രഹം പുനഃപ്രതിഷ്ഠിച്ചത് കണ്ഠരര് പ്രഭാകരരായിരുന്നു. കാലങ്ങള്‍ക്കിപ്പുറം 1952-ല്‍ വീണ്ടും ക്ഷേത്രം അഗ്‌നിക്കിരയാവുകയും വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തപ്പോള്‍, ഇന്ന് നാം കാണുന്ന പുതിയ വിഗ്രഹത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയത് അക്കാലത്തെ തന്ത്രിയായിരുന്ന കണ്ഠരര് ശങ്കരരാണ്.
വലിയതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ വിയോഗത്തിന് ശേഷം (2018, മേയ് 14), നിലവില്‍ താഴമണ്‍ കുടുംബത്തിലെ മുതിര്‍ന്ന തന്ത്രിസ്ഥാനം കണ്ഠരര് മോഹനര്‍ക്കാണ്. എന്നാല്‍, ഹണിട്രാപ് വിവാദത്തില്‍ പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്ത ശബരിമലയിലെ ചുമതലയില്‍ നിന്ന് ഒഴിവാക്കി. മഹേശ്വരരുടെ സഹോദരനായ കണ്ഠരര് കൃഷ്ണരുടെ മകന്‍ കണ്ഠരര് രാജീവരാണ് കുടുംബത്തിലെ മറ്റൊരു പ്രധാന തന്ത്രി. കണ്ഠരര് രാജീവരുടെ മകനാണ് കണ്ഠരര് ബ്ര്ഹമദത്തന്‍. 2024 ലാണ് അദ്ദേഹം ശബരിമലതന്ത്രി സ്ഥാനത്തേക്ക് എത്തിയത്. താഴമണ്‍ തന്ത്രിമാര്‍ക്ക് തന്ത്രവകാശമുള്ള ക്ഷേത്രങ്ങളെ തിരിച്ചറിയാന്‍ ഒരു പ്രത്യേകതയുണ്ട്; അവിടുത്തെ കൊടിമരത്തിന്റെ (ധ്വജം) തണ്ട് വടക്ക് ദിശയിലേക്ക് തിരിഞ്ഞായിരിക്കും സ്ഥിതി ചെയ്യുന്നത്.
സ്ത്രീകളുടെ പങ്ക്: തൃപ്പൂത്ത് പ്രഖ്യാപനം
താഴമണ്‍ കുടുംബത്തിലെ സ്ത്രീകള്‍ക്കും ആചാരങ്ങളില്‍ സവിശേഷമായ ഒരു പങ്കുണ്ട്. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്താകുമ്പോള്‍ (ആര്‍ത്തവം), ദേവിയുടെ ഉടയാട പരിശോധിച്ച് തൃപ്പൂത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് താഴമണ്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയാണ്. ഇത് കേരളത്തിലെ മറ്റ് ബ്രാഹ്‌മണ കുടുംബങ്ങളില്‍ കാണാത്ത പ്രത്യേകതയാണ്.
രാഹുല്‍ ഈശ്വറും താഴമണ്‍ മഠവും: വസ്തുതയെന്ത്?
ശബരിമല വിഷയങ്ങളില്‍ പലപ്പോഴും തന്ത്രി കുടുംബാംഗമെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഈശ്വറിന് താഴമണ്‍ മഠവുമായി ആചാരപരമായ അവകാശബന്ധമില്ല. കണ്ഠരര് മഹേശ്വരരുടെ മകള്‍ മല്ലികയുടെ മകന്‍ മാത്രമാണ് അദ്ദേഹം. കേരളത്തിലെ ബ്രാഹ്‌മണ ആചാരപ്രകാരം മക്കത്തായ സമ്പ്രദായം (ആണ്‍മക്കള്‍ക്ക് മാത്രം അവകാശം) നിലനില്‍ക്കുന്നതിനാല്‍, പെണ്‍മക്കളുടെ മക്കള്‍ക്ക് താന്ത്രികാവകാശം ലഭിക്കില്ല.
തന്ത്രിയും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ബന്ധം
തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്റെ ശമ്പളക്കാരായ ഉദ്യോഗസ്ഥരല്ല. ക്ഷേത്രത്തിലെ ദൈവീക കാര്യങ്ങളില്‍ തന്ത്രിയുടെ വാക്ക് പ്രധാനമെന്ന് സര്‍ക്കാര്‍ പോലും അംഗീകരിക്കുന്നു. മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ തന്ത്രി അംഗമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ശാന്തിക്ക് മൂലമന്ത്രം ഓതിക്കൊടുത്ത് അഭിഷേകം നടത്തി അവരോധിക്കുന്നതും തന്ത്രിയാണ്.
