ആര്‍ത്തവ നികുതിയുമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍; സാനിറ്ററി പാഡുകളുടെ വിലകുറയ്ക്കാന്‍ പാക് സര്‍ക്കാരിനെതിരെ നിയമനടപടിയുമായി വനിത അഭിഭാഷക; സാനിറ്ററി പാഡിന്റെ വിലയുടെ 40 ശതമാനം നികുതിയായി നല്‍കേണ്ട അവസ്ഥ; എന്തുകൊണ്ട് സാനിറ്ററി പാഡുകളുടെ നികുതി ഒഴിവാക്കാത്തത് എന്ന് മഹ്നൂര്‍ ഒമര്‍
ആര്‍ത്തവ നികുതിയുമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍; സാനിറ്ററി പാഡുകളുടെ വിലകുറയ്ക്കാന്‍ പാക് സര്‍ക്കാരിനെതിരെ നിയമനടപടിയുമായി വനിത അഭിഭാഷക
ലഹോര്‍: റാവല്‍പിണ്ഡിയില്‍ നിന്നുള്ള ഒരു വനിത അഭിഭാഷക പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ ഇന്നനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മകുടോദാഹരണമാണ് മഹ്നൂര്‍ ഒമര്‍ എന്ന അഭിഭാഷകയുടെ കേസ്. സാനിറ്ററി പാഡുകള്‍ക്ക് വില കുറയ്ക്കണം എന്നാണ് ആവശ്യം. പിരീഡ് ടാക്സ് (ആര്‍ത്തവ നികുതി) എന്നപേരില്‍ അറിയപ്പെടുന്ന ഉയര്‍ന്ന നിരക്കിലുള്ള നികുതികളും ഡ്യൂട്ടികളും ചുമത്തിയതോടെ പാകിസ്ഥാനിലെ വളരെ ചെറിയ ഒരു വിഭാഗം സ്ത്രീകള്‍ക്ക് മാത്രമാണ് ആര്‍ത്തവകാലത്ത് ഇപ്പോള്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. ഉല്‍പ്പന്നത്തിന്റെ വിലയുടെ 40 ശതമാനമാണ് ടാക്സും നികുതിയുമായി നല്‍കേണ്ടത്.
വില കൂടുതലായതിനാല്‍ ഗ്രാമീണ മേഖലകളില്‍ 16.2 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ആര്‍ത്തവകാലത്ത് സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കാന്‍ കഴിയുന്നുള്ളു എന്നാണ് സമീപകാലത്ത് നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. അടുത്തിടെ ചില അവശ്യ വസ്തുക്കളെ പാക് സര്‍ക്കാര്‍ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പാല്‍, ചീസ് തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടും. പിന്നെ എന്തുകൊണ്ട് സാനിറ്ററി പാഡുകളുടെ നികുതി ഒഴിവാക്കുന്നില്ല എന്നാണ് മഹ്നൂര്‍ ഒമര്‍ ചോദിക്കുന്നത്. പാകിസ്ഥാനിലെ 109 മില്യന്‍ സ്ത്രീകളില്‍ വലിയൊരു വിഭാഗം എല്ലാം മാസവും ഉപയോഗിക്കുന്ന ഒന്നാണിതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, സര്‍ക്കാര്‍ സാനിറ്ററി പാഡുകളെ അവശ്യ വസ്തുക്കളായി കണക്കാക്കാതെ ആഡംബര വസ്തുക്കളായി കണ്ട് ആഡംബര വസ്തുക്കള്‍ക്കുള്ള നികുതിയാണ് ചുമത്തുന്നത്. സൗന്ദര്യ സംവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ക്കും, പെര്‍ഫ്യൂമുകള്‍ക്കും ഒക്കെയുള്ളതിന് സമാനമായ നിരക്കിലാണ് പാക് സര്‍ക്കാര്‍ സാനിറ്ററി പാഡുകള്‍ക്ക് മേലും നികുതി ചുമത്തിയിരിക്കുന്നത്. മന്തിമാരായും, ജനപ്രതിനിധികളായുമൊക്കെ സ്ത്രീകള്‍ ഉണ്ടായിട്ടും, ഈ ലിംഗവിവേചനം നടക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു എന്നാണ് ഒമര്‍ പറയുന്നത്.
വര്‍ത്തമാനകാല ജീവിതശൈലി കാരണം ആര്‍ത്തവവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുണ്ട്. മാത്രമല്ല, സാനിറ്ററി പാഡുകള്‍ ഇല്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്കും, ഗ്രാമീണ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കുമൊക്കെ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. മാത്രമല്ല, സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു അവകാശമാണ് സാനിറ്ററി നാപ്കിന്‍ എന്ന് ലോകാരോഗ്യ സംഘടനയും പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യ രംഗത്ത് അവബോധം സൃഷ്ടിക്കുകയും, പാവങ്ങള്‍ക്ക് ആര്‍ത്തവകാലത്ത് ഉപയോഗിക്കേണ്ട സാധനങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്ന മഹാവാരി ജസ്റ്റിസ് എന്ന ഒരു യുവജന സംഘടനയുടെ പിന്തുണയോടെയാണ് ഒമര്‍ നിയമനടപടികള്‍ക്ക് ഒരുങ്ങിയിരിക്കുന്നത്.
