സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നില്‍ നിവേദനവുമായി എത്തിയത് ഒരു മുന്‍ പ്രവാസി; എത്തിയത് സാമ്പത്തിക സഹായം തേടി; ആ നിവേദനം കേന്ദ്രമന്ത്രി ഓഫീസ് സ്റ്റാഫിന് കൈമാറിയെന്ന് ബിജെപി പ്രവര്‍ത്തകരും; കോട്ടയത്തെ കലുങ്ക് സംവാദത്തിന് ശേഷം സംഭവിച്ചത് ഇങ്ങനെ
കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിൽ മധ്യവയസ്‌കൻ ചാടിയത് സാമ്പത്തിക സഹായത്തിനായി നിവേദനം നൽകാൻ. കോട്ടയം പള്ളിക്കത്തോട് ആണ് സംഭവം. നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ ബലമായി പിടിച്ചു മാറ്റുകയായിരുന്നു. പ്രവാസിയായിരുന്ന ഇയാൾ കുറച്ച് വർഷങ്ങളായി നാട്ടിലുണ്ട്. ഒറ്റയ്ക്കാണ് താമസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഇയാളെ നാട്ടുകാർ സഹായിക്കാറുണ്ടെന്നും സൂചനയുണ്ട്.
പ്രവര്‍ത്തകര്‍ ബലമായി തള്ളിമാറ്റിയതോടെ കരഞ്ഞുകൊണ്ടു പോയ ഇയാളെ ബിജെപി നേതാക്കള്‍ സാന്ത്വനിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പള്ളിക്കത്തോട് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്. പള്ളിക്കത്തോട്ടില്‍ കലുങ്ക് സംവാദം ഒരു മണിക്കൂര്‍ നടന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇയാള്‍ നിവേദനം നല്‍കിയില്ല. അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്നും നിവേദനം സുരേഷ് ഗോപി വാങ്ങിയിട്ടുണ്ടെന്നും ബിജെപി അറിയിച്ചു.
സംഭവത്തെക്കുറിച്ച് പള്ളിക്കത്തോട് ബിജെപി പ്രവർത്തകർ പറയുന്നതിങ്ങനെ:
'പരിപാടി കഴിഞ്ഞ് വാഹനം ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് അപേക്ഷ നൽകാനെന്ന രീതിയിൽ ഒരാൾ വാഹനത്തിന്റെ മുന്നിൽ ചാടിയത്. വാഹനത്തിന്റെ വേഗത കുറഞ്ഞ ശേഷം അപേക്ഷ നൽകാനും പരിഹാരം കാണാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ ഇയാൾ വീണ്ടും വാഹനത്തിന് മുന്നിലേക്ക് ചാടിയപ്പോൾ അപകട സാധ്യത മുന്നിൽ കണ്ട് ബിജെപി പ്രവർത്തകർ എത്തി അയാളെ അവിടെ നിന്നും മാറ്റുകയാണ് ഉണ്ടായത്. നമ്മുക്കൊക്കെ അറിയാവുന്നയാളാണ്. പോലീസും പെട്ടെന്ന് ഓടി വരുന്നുണ്ടായിരുന്നു. അതുകൊണ്ട് പ്രവർത്തകർ അയാളെ സാവധാനത്തിൽ മാറ്റുകയായിരുന്നു. എല്ലാവരുടെയും അപേക്ഷകൾ വാങ്ങി കൃത്യമായി എത്തിക്കണമെന്ന് സുരേഷ് ഗോപി നിർദേശം നൽകിയിരുന്നു.'
'ഇന്ന് നടന്ന സംവാദത്തിൽഒരു കുടുംബത്തിന് സുരേഷ് ഗോപിയുടെ മകളുടെ ട്രസ്റ്റിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ച് നൽകിയിട്ടുണ്ട്. നിവേദനം കൊടുക്കുവാനായി അദ്ദേഹത്തിന്റെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിയ ഒരാളെ പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. ചില മാധ്യമങ്ങൾ അതിനെ ഒരു നെഗറ്റീവ് വാർത്തയായി ചിത്രീകരിക്കുകയാണ്. അതിൽ യാതൊരു യാഥാർത്ഥ്യവുമില്ല. അയാൾ പള്ളിക്കത്തോട് പരിസര പ്രദേശങ്ങളിൽ ഉള്ളയാളാണ്. ഞങ്ങൾക്ക് നേരിട്ട് അറിയാവുന്നയാളാണ്. ഞങ്ങളുമായി യാതൊരു വിധ പ്രശനങ്ങളും ഉള്ളൊരു വ്യക്തിയല്ല. വണ്ടിയിൽ മുന്നിൽ നിന്നും രക്ഷപ്പെടുത്താൻ നോക്കിയതാണ്. അല്ലാതെ അദ്ദേഹത്തെ അക്രമിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചിട്ടില്ല. ആ നിവേദനം സുരേഷ് ഗോപിയുടെ ഓഫിസ് സ്റ്റാഫിന് കൈമാറിയിട്ടുണ്ട്.' എന്ന് മറ്റൊരു പ്രവർത്തകൻ പറഞ്ഞു.