പൂരദിവസം രാത്രി എ.ഡി.ജി.പി. പൂരപ്പറമ്പിലുണ്ടായിരുന്നു; രാവിലെ തൃശ്ശൂര്‍ വിട്ടു; ഇ-മെയിലിലൂടെ അവധിക്ക് അപേക്ഷിച്ചു; പോലീസ് അക്കാദമിയിലെ യോഗവും ഗൂഡാലോചന; തൃശൂര്‍ പൂരം കലക്കിയത് ആര്?

തൃശൂര്‍ പൂരത്തിലെ രാഷ്ട്രീയ വിവാദം പുതിയ തലത്തിലെത്തും.

Update: 2024-09-25 01:41 GMT

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന കുറിപ്പോടെയാണ് പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. .കുറിപ്പിലുള്ളത് പോലീസ് ഗൂഡാലോചനയിലെ സംശയം ആണ്. എഡിജിപി എം ആര്‍ അജിത് കുമാറിനെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ഇതെല്ലാം. ഇതോടെ തൃശൂര്‍ പൂരത്തിലെ രാഷ്ട്രീയ വിവാദം പുതിയ തലത്തിലെത്തും.

സുരക്ഷയില്‍ എഡിജിപി നേരിട്ട് ഇടപെട്ടിരുന്നുവെന്നാണ് പോലീസ് മേധാവി പറയുന്നത്. എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടില്‍ വസ്തുതകളില്‍ ഇല്ലാത്തിനാല്‍ വിശദ അന്വേഷണമാകാമെന്ന് പോലീസ് മേധാവി ശുപാര്‍ശചെയ്തതായാണ് വിവരം. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യം. ജ്യുഡീഷ്യല്‍ അന്വേഷണമാണ് കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്നതായി പോലീസ് മേധാവിയുടെ നടപടി.

പൂരദിവസം രാത്രി എ.ഡി.ജി.പി. പൂരപ്പറമ്പിലുണ്ടായിരുന്നു. രാവിലെ അദ്ദേഹം തൃശ്ശൂര്‍ വിട്ടു. ഇ-മെയിലിലൂടെ അവധിക്ക് അപേക്ഷിച്ചു. ഓഫീസ് സമയം കഴിഞ്ഞാണ് അപേക്ഷ എത്തിയതെന്നതിനാല്‍ അവധി അനുവദിച്ചില്ലെന്നും വിവരമുണ്ട്. ഇതിനാലാണ് പൂരം ചുമതലയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനെ പകരം നിയമിക്കാത്തതെന്നാണ് വാദം. പൂരസ്ഥലത്തിനുസമീപം ഡി.ഐ.ജി. ഓഫീസ് ഉള്ളപ്പോള്‍ അകലെയുള്ള പോലീസ് അക്കാദമിയില്‍ യോഗം ചേര്‍ന്നതിലും സംശയമുണ്ട്. ഇതെല്ലാം ഗൂഡാലോചനയ്ക്ക് തെളിവായി സിപിഐ ഉയര്‍ത്തിയ കാര്യങ്ങളാണ്. ഇതിനിടെയാണ് പുതിയ നീക്കം പോലീസ് മേധാവിയും നടത്തുന്നത്.

കഴിഞ്ഞദിവസമാണ് എം.ആര്‍. അജിത്കുമാര്‍ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ടുനല്‍കിയത്. പൂരം നടന്നപ്പോള്‍ പോലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകനെ പഴിചാരിയുള്ള റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശയില്ലെന്നാണ് വിവരം. പൂരത്തിന് മൂന്നുദിവസം മുന്‍പെത്തിയ അജിത്കുമാര്‍ കേരള പോലീസ് അക്കാദമിയിലാണ് സുരക്ഷായോഗം നടത്തിയത്. എന്നാല്‍ പൂരം അലങ്കോലപ്പെട്ടപ്പോള്‍ എഡിജിപി മൂകാംബികയിലേക്ക് പോയി. ഇതടക്കം പരിശോധിക്കണമെന്നാണ് ആവശ്യം. പോലീസ് മേധാവിയുടെ നിഗമനങ്ങള്‍ സര്‍ക്കാരിന് തലവേദനയാണ്.

കമ്മിഷണര്‍ അങ്കിത് അശോകന്‍ അവതരിപ്പിച്ച സുരക്ഷാക്രമീകരണത്തെ തള്ളിയശേഷം എ.ഡി.ജി.പി.തന്നെ സുരക്ഷാക്രമീകരണങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. ഈ ക്രമീകരണങ്ങളെ പല ഉദ്യോഗസ്ഥരും ചോദ്യംചെയ്തിരുന്നെങ്കിലും മുകളില്‍നിന്നുള്ള നിര്‍ദേശമാണിതെന്ന് കമ്മിഷണര്‍ പറഞ്ഞെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ വയര്‍ലെസ് സന്ദേശങ്ങളും ഉണ്ടായെന്നാണ് സൂചന. ഇതെല്ലാം പോലീസിനുള്ളിലും അട്ടിമറിയ്ക്ക് നീക്കം നടന്നതിന് തെളിവായി വിലയിരുത്തുന്നുണ്ട്.

തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍ ആവര്‍ത്തിച്ചിരുന്നു. ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. കമ്മിഷണര്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാകില്ല. പൂരം അലങ്കോലമായതില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് കൈകഴുകാനാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കെ.മുരളീധരനും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല. ജുഡീഷ്യല്‍ അന്വേഷണം തന്നെയാണ് ആവശ്യമെന്നും എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര വാശിയെന്നും മുരളീധരന്‍ ചോദിച്ചു.

തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. കോടതി നിര്‍ദേശം കൂടി പരിഗണിച്ചാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്. അവിടുത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണര്‍ക്ക് വീഴ്ച പറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരങ്ങള്‍ അറിയിച്ചില്ല. വിവിധ ഇടങ്ങളില്‍ നിയോഗിച്ചത് അനുഭവ പരിചയം കുറഞ്ഞ ഉദ്യോഗസ്ഥരെയെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News