'തുടരും' സിനിമയ്ക്ക് 'ജോര്‍ജ് സാറി'നേക്കാള്‍ വലിയ വില്ലന്‍ പുറത്ത്; വാഗമണ്‍ ടൂറിനിടെ തിയേറ്ററില്‍ നിറഞ്ഞോടുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പിന്റെ പ്രദര്‍ശനം; ബസ്സിന്റെ നമ്പറും ചിത്രവും ഉള്‍പ്പടെ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍; നിയമനടപടികള്‍ക്കൊരുങ്ങി നിര്‍മ്മാതാവ്
ടുറിസ്റ്റ് ബസ്സില്‍ തുടരും സിനിമയുടെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിച്ചു
തിരുവനന്തപുരം: വ്യാജപതിപ്പുകള്‍ വീണ്ടും സിനിമാ മേഖലയ്ക്ക് വെല്ലുവിളിയാവുകയാണ്. വിജയപരാജയ വേര്‍തിരിവില്ലാതെ ഒട്ടുമിക്ക സിനിമകളുടെയും വ്യാജപതിപ്പ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് മണിക്കൂറകള്‍ക്കം പുറത്തുവരികയാണ്. മികച്ച കലക്ഷന്‍ നേടി മുന്നേറുന്ന മോഹന്‍ലാല്‍ ചിത്രം തുടരുമിന്റെ വ്യാജപതിപ്പ് ഇതുപോലെ ആദ്യ ദിവസം തന്നെ പുറത്തു വന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം വലിയ പ്രതിസന്ധിയുണ്ടാക്കും മുന്നേ തന്നെ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനായി.എന്നാല്‍ ഇപ്പോഴിതാ തുടരും സിനിമക്ക് വില്ലനായി വീണ്ടും വ്യാജപതിപ്പ് എത്തിയിരിക്കുകയാണ്.ടൂറിസ്റ്റ് ബസ്സിലാണ് ഇത്തവണ ചിത്രം പ്രദര്‍ശിപ്പിച്ചത്.
വാഗമണ്ണിലേയ്ക്ക് പോയ ടൂറിസ്റ്റ് ബസിലാണ് തുടരുമിന്റെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചത്. മലപ്പുറത്തുനിന്നുള്ള സംഘത്തിന്റെ വാഗമണ്‍ യാത്രയ്ക്കിടെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നടന്‍ ബിനു പപ്പുവിന്റെ എഫ്ബി പേജിലേയ്ക്ക് വിദ്യാര്‍ഥി ടൂറിസ്റ്റ് ബസിലെ ദൃശ്യങ്ങള്‍ അയച്ചു നല്‍കി. പിന്നാലെ സംഭവം ചൂണ്ടിക്കാട്ടി അണിയറ പ്രവര്‍ത്തകര്‍ ബസ്സിന്റെ നമ്പറുള്‍പ്പടെ ഫോട്ടസഹിതം തങ്ങളുടെ സമൂഹമാധ്യമങ്ങളിലുടെ പങ്കുവെക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.
വ്യാജപതിപ്പിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് എം രഞ്ജിത്ത് പ്രതികരിച്ചു.
സിനിമയുടെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.സിനിമ ബോക്‌സ് ഓഫീസില്‍ 100 കോടിയും നേടി മുന്നേറുന്നതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് അണിയറപ്രവര്‍ത്തകരിലും സിനിമാലോകത്തും ആശങ്ക പടര്‍ത്തിയിരുന്നു.
നേരത്തെ ഒരു വെബ്‌സൈറ്റിലൂടെയാണ് തുടരും വ്യാജപതിപ്പ് പുറത്തുവന്നത്.ഇതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.പ്രചരിക്കുന്ന വീഡിയോയില്‍ മറ്റ് നിരവധി മലയാളചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ കാണാന്‍ കഴിയും.അടുത്തിടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ എമ്പുരാന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ റിലീസിന് തൊട്ടുപിന്നാലെ പ്രചരിച്ചിരുന്നു.അടുത്തിടെ പൈറസി തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രൊഫഷണല്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ ഒരു പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയതായാണ് അസോസിയേഷന്‍ അറിയിച്ചിരുന്നത്.വ്യാജചലച്ചിത്ര പതിപ്പുകള്‍ കാണുന്നതും,പങ്കിടുന്നതും സൈബര്‍ കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവും ആണെന്നും അതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷ അടക്കമുള്ള കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സംഘടന അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ തുടരുമിന്റെ വ്യാജപതിപ്പ് പുറത്തുവന്നത് കൂടുതല്‍ ശക്തമായ നടപടികളുടെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം.അതേസമയം ബോക്സ്ഓഫിസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന മോഹന്‍ലാല്‍തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. 'എമ്പുരാനു' തൊട്ടുപിന്നാലെയാണ് മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി നൂറുകോടിയിലെത്തുന്നത്. ഒരു മാസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായ രണ്ട് സിനിമകള്‍ നൂറു കോടി ക്ലബ്ബിലെത്തിക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരമെന്ന െറക്കോര്‍ഡും മോഹന്‍ലാല്‍ സ്വന്തമാക്കിയെന്ന് ആരാധകര്‍ അവകാശപ്പെടുന്നു.
ചിത്രത്തിന്റെ ബജറ്റും ലഭിക്കുന്ന കളക്ഷനും വച്ച് നോക്കിയാല്‍ മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും.ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യദിനം മുതല്‍ ജനം ഏറ്റെടുത്തിരിക്കുകയാണ്.ട്രാക്കര്‍മാര്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നിട്ടുണ്ട്. പുലിമുരുകനെ മറികടന്ന് മലയാളത്തില്‍ 150 കോടിയില്‍ അധികം നേടുന്ന ആറാമത്തെ ചിത്രമായിരിക്കുകയാണ് തുടരും.
ആവേശവും ആടുജീവിതവുമാണ് കളക്ഷനില്‍ ഇനി തുടരുമിന് മുന്നില്‍ ഉള്ളത്. ആവേശം 156 കോടിയും ആടുജീവിതം 158.50 കോടിയുമാണ് ആകെ നേടിയത്.ഇന്നത്തെ കളക്ഷന്‍ കൊണ്ട് തുടരും ഈ രണ്ട് ചിത്രങ്ങളെയും മറികടന്നാലും അത്ഭുതപ്പെടാനില്ല. അതിനിടയിലാണ് ആശങ്കയായി വ്യാജ പതിപ്പ് വാര്‍ത്ത വരുന്നത്.